October 14, 2009

ആദ്യ അക്ഷരം

മനസ്സ് ഒരു സ്ലേറ്റ് പോലെയാണ്.കാലം മഷിപ്പച്ച കണക്കെയും. അങ്ങിനെ നോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്.മാഞ്ഞുപോകുമ്പോഴും ഒരു നനവ് ബാക്കിനില്‍ക്കും.മനസ്സിനെ സ്ലേറ്റെന്നുവിളിക്കാന്‍ മറ്റൊന്നുകൂടിയുണ്ട്. ഓര്‍മ്മകളുടെ അക്ഷരമാല നെഞ്ചോടുചേര്‍ത്തു പിടിച്ച ഒരു സ്ലേറ്റില്‍ നിന്ന് തുടങ്ങുന്നു. എല്ലാ അറിവുകളും അതില്‍ ആരംഭിച്ചു.തടി കൊണ്ടുള്ള ചതുരക്കുപ്പായമിട്ട കറുമ്പന്‍ കൂട്ടുകാരനായിരുന്നു സ്ലേറ്റ്.'ഇവിടെ എഴുതിവളരൂ'എന്നു പറഞ്ഞ് ചങ്കുകാട്ടിത്തന്ന ചങ്ങാതി.അവനായിരുന്നു ആദ്യ സഹപാഠിയും.സ്ലേറ്റിന്‍റെ ചട്ടയില്‍ ചെറിയ തകരക്കഷ്ണങ്ങള്‍ മുള്ളാണികള്‍ കൊണ്ട് ബട്ടണുകള്‍ പോലെ തുന്നിവച്ചിട്ടുണ്ടാകും. അതുപയോഗിച്ച് ഇടയ്ക്കിടെ സ്ലേറ്റ് കളിയായി നുള്ളിനോവിക്കുകയും ചെയ്തു.

സ്ലേറ്റില്‍ ആദ്യം തെളിഞ്ഞ അക്ഷരം 'അ' ആയിരുന്നു.'അ' ആനയെപ്പോലെ തോന്നിച്ചിരുന്നു അന്ന്.അതുകൊണ്ടുതന്നെ 'അ' എഴുതുകയായിരുന്നില്ല.പകരം വരച്ചു.വിരലിന് വഴികാട്ടാന്‍ ആരെങ്കിലും ചാരെ കാണും.കല്ലുപെന്‍സില്‍ കൊണ്ട് ആദ്യമായി സ്ലേറ്റിലെഴുതുമ്പോള്‍ ഒരു കൈപ്പടത്തിന്‍റെ കരുതല്‍ വിരലുകളെ പൊതിഞ്ഞുനിന്നു.ഒടുവില്‍ തനിയെ സ്ലേറ്റില്‍ പിച്ച വച്ചു കഴിയുമ്പോള്‍ അരികെ അമ്മയെങ്കില്‍ ഒരുമ്മ.അച്ഛന്‍ തരുന്നത് തോളിലൊരു തലോടല്‍.അപ്പൂപ്പന്‍റെ സമ്മാനം വലിയൊരു ചിരിയായിരുന്നു.സ്ലേറ്റിന്‍റെ കവിളിലപ്പോള്‍ മുറുക്കാന്‍ തരികള്‍ പൊട്ടിടും.

'അ' കഴിഞ്ഞാല്‍ 'മ്മ'.അതെഴുതുമ്പോള്‍ വലിയൊരു മല കയറിയിറങ്ങുന്നതുപോലെ തോന്നും. മടിയുടെ കിതപ്പ്.'വലിയ ആളാകണ്ടേ' എന്ന വാക്കില്‍ ചിണുങ്ങല്‍ മതിയാക്കി വീണ്ടും മലകയറ്റം. അങ്ങനെ ആദ്യമായി എഴുതിയ വാക്ക് 'അമ്മ' എന്നായി. അതുകാണ്‍കെ എല്ലാ ക്ഷീണവും പറന്നുപോയി.വാത്സല്യം ചുരത്തിനിന്ന രണ്ടക്ഷരങ്ങള്‍.

വാലുള്ള 'അ' ആയിരുന്നു 'ആ'. അങ്ങനെ പറഞ്ഞുതന്നതും അക്ഷരം പഠിപ്പിച്ചവര്‍ തന്നെ.പക്ഷേ എഴുതുമ്പോള്‍ വാലിനേക്കാള്‍ ഒരു തുമ്പിക്കൈ നീണ്ടുവരുന്ന തോന്നലായിരുന്നു. സ്ലേറ്റിലെ ആദ്യത്തെ വാക്കിന് അമ്മിഞ്ഞമധുരമായിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ കുട്ടിക്കാലത്തെ ഏറ്റവും വലിയ കൗതുകം നെറ്റിപ്പട്ടം കെട്ടിനിന്നു.'ആന' എന്ന വാക്ക് പൂര്‍ത്തിയാകുമ്പോള്‍ വല്ലാത്തൊരു തലയെടുപ്പായിരുന്നു ആ അക്ഷരങ്ങള്‍ക്കും കുഞ്ഞുമനസ്സിനും.

സ്ലേറ്റിലെ ആദ്യാക്ഷരങ്ങളില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിതുടങ്ങുന്നു. വളഞ്ഞുപുളഞ്ഞും കയറിയിറങ്ങിയുമുള്ള നാട്ടുപാതകള്‍.അതു ജീവിതയാത്രയുടെ ആരംഭം കൂടിയായിരുന്നു.ആദ്യമായി സ്‌കൂളിലേക്കുപോയ ദിവസത്തിന് കണ്ണീര്‍മഴയുടെ തണുപ്പാണ്. ഇടവ പാതി മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഒരു നനുത്ത ഓര്‍മ; ഒന്നുകില്‍ മാനം അല്ലെങ്കില്‍ മനം.....കരഞ്ഞു.

കൊതിപ്പിക്കുന്ന പലതും കാട്ടി സ്‌കൂളിലേക്കുള്ള വഴി പിന്നെ മാടിവിളിച്ചു.അത്ഭുതങ്ങള്‍ ഒളിച്ചിരുന്ന ഒറ്റയടിപ്പാതകള്‍.അതിന്‍റെ അരികുകളിലെ വേലിപ്പത്തലുകളില്‍ കട്ടുപറിക്കാന്‍ മാത്രമായി കണ്ണാന്തളികള്‍ വിടര്‍ന്നുനിന്നു.കൈ നീട്ടുമ്പോള്‍ ഇടയ്ക്ക് ഓന്തുകള്‍ നാവുനീട്ടി പേടിപ്പിച്ചു.പൊന്തകള്‍ക്കിടയില്‍ നിന്ന് 'ശൂ..ശൂ..'എന്ന ശബ്ദം വരുമ്പോള്‍ പേടിക്കണമെന്നാണ് നിര്‍ദ്ദേശം.പാമ്പിന്‍റെ വിളിയാണ്.അപ്പോള്‍ നടത്തം നെഞ്ചിടിപ്പോടെയാകും .

ഒറ്റയ്ക്കായിരുന്നില്ല. ഓര്‍ത്തുനോക്കുക;അന്ന് കൂടെയുണ്ടായിരുന്നവരെക്കുറിച്ച്. അവരൊക്കെയിപ്പോള്‍ ഏതേതു വഴികളിലൂടെയാണ് നടക്കുന്നുണ്ടാകുക.ഒപ്പം ഒരുപാടുപേരുണ്ടായിരുന്നെങ്കിലും കൂടുതലിഷ്ടം ഒരാളോടാകും.യാത്രയില്‍ എന്തിന്റെയും പാതിയവകാശി.വഴിയരികില്‍ മൂര്‍ച്ചയേറിയ നാവുള്ള ചില പുല്ലുകളുണ്ട്.കളിച്ചും ചിരിച്ചും കണ്ണുപൊത്തിയും നീങ്ങുമ്പോള്‍ അവ കുശുമ്പോടെ കാലില്‍ ഉരസും.നീറ്റലോടെ നിലവിളിക്കവെ തുപ്പലുപുരട്ടി തന്നിരുന്നതും ഏറ്റവും അരികെയുണ്ടായിരുന്നയാള്‍ തന്നെ.സ്‌കൂളിലേക്കുള്ള വഴിയിലെ പൂവുകളും പൂമ്പാറ്റകളും പിന്നെ നിധിപോലെ സൂക്ഷിച്ചുവച്ച കല്ലുപെന്‍സിലുകളും ആ സ്‌നേഹത്തിനുള്ളതായിരുന്നു.പകര്‍ന്നു കൊടുത്തിരുന്നത് കിനാവുകള്‍ കൂടിയായിരുന്നു.


മാമ്പഴക്കാലത്താണ് വഴിക്ക് ഏറ്റവും മധുരം.കണ്ണിമാങ്ങാചുന പുരണ്ട കാറ്റില്‍ മാവുകളിലേക്ക് കല്ലുകള്‍ മത്സരിച്ച് പറന്നു.കുപ്പായത്തില്‍ കറകള്‍ ഭൂപടങ്ങള്‍ വരച്ചു.

സ്ലേറ്റപ്പോള്‍ പുസ്തകസഞ്ചിയിലായിരിക്കും.സഞ്ചിയില്ലാത്തവര്‍ പുസ്തകങ്ങള്‍ക്കൊപ്പം കറുത്ത റബ്ബര്‍ കൊണ്ട് സ്ലേറ്റിന് അരഞ്ഞാണമിട്ടു. സ്‌കൂള്‍കാലത്തിന്റെ ഏറ്റവും ഇലാസ്തികതയേറിയ ഓര്‍മ്മകളിലൊന്ന് ഈ റബ്ബര്‍ ആണ്.ബഞ്ചുകളില്‍ കാഷ്ഠിക്കുന്ന സ്‌കൂള്‍മച്ചിലെപ്രാവുകള്‍ക്കുനേരെ തൊടുത്ത തെറ്റാലിയുടെ ഞാണ്‍ .കയ്യിലും കഴുത്തിലുമണിഞ്ഞ കളിയാഭരണം.
മഴക്കാലത്ത് ചേമ്പിലകള്‍ക്കൊപ്പം സ്ലേറ്റൊരു കുടയാകും.ചാറ്റല്‍മഴയിലൂടെ സ്ലേറ്റ് ചൂടിയോടുമ്പോള്‍ ഗൃഹപാഠമായ 'പറ' യും 'പന' യും വഴിലെവിടെയോ ഒലിച്ചുപോകും.


സ്ലേറ്റിന്‍റെ കവിളുകള്‍ എപ്പോഴും കൊതിച്ചത് മഷിപ്പച്ചയുടെ മുത്തമാണ്.മഷിപ്പച്ച തൊടുമ്പോള്‍ സ്ലേറ്റില്‍ നിന്ന് എന്തും മാഞ്ഞുപോകുമായിരുന്നു. നാലുമണിക്ക് ശേഷം മഷിപ്പച്ചകള്‍ ഉറക്കം നടിച്ച്കിടക്കും. സ്‌കൂള്‍വിട്ടുവരുന്നവര്‍ തൊടിയിലേക്കിറങ്ങുന്നത് അപ്പോഴാണ്. നുള്ളിയെടുക്കുമ്പോഴത്തെ വേദന മറന്നുപോകാനായിരിക്കണം മഷിപ്പച്ചകളെ കഴുകിയെടുത്തിരുന്നത്.ആഫ്രിക്കന്‍പായലുകള്‍ക്കടിയില്‍ വാലുപോലെ വെള്ളത്തിലൊളിച്ചുകിടന്ന നീളന്‍തണ്ടുകളായിരുന്നു മറ്റൊന്ന്.കുളത്തില്‍ ഏറ്റവും വലിയ തണ്ടിനുവേണ്ടിയാകും അന്വേഷണം.അവ നാളേക്കായി സ്ലേറ്റിനൊപ്പം സൂക്ഷിച്ചുവയ്ക്കുന്ന വമ്പിന്‍റെ അടയാളം കൂടിയായിരുന്നു. സ്ലേറ്റ്തുടയ്ക്കാന്‍ ഓരോ നാടിനുമുണ്ടായിരുന്നു ഇങ്ങനെ പലതരം ചെപ്പടിവിദ്യകള്‍. ഏതു തെറ്റും എളുപ്പത്തില്‍ മായ്ച്ചു കളയാമെന്ന കള്ളം ആദ്യമായി പഠിപ്പിച്ചു തന്നവ.

വര്‍ഷമെത്ര കഴിഞ്ഞാലും മുന്നിലൂടെ പോകുമ്പോള്‍ പള്ളിക്കൂടങ്ങള്‍ അകത്തേക്ക് വിളിക്കും.ഓടിക്കളിച്ച മുറ്റവും ഒച്ചവച്ച ക്ലാസ്സുകളും കാണ്‍കെ അനുഭവിക്കുന്ന വികാരത്തിന് പേരില്ല.
മനസ്സപ്പോള്‍ ചോദിക്കും.....
ആ ബെഞ്ച് ഇപ്പോഴും ഉണ്ടാകുമോ.. ??

അപ്പൂപ്പന്‍ താടികള്‍

പറന്നു നടക്കുമ്പോള്‍ വെളുത്ത പൂമ്പാറ്റകളാണെന്നുതോന്നും. മുഖത്തുവന്നണയവേ അമ്മയുടെ പഞ്ഞികൊണ്ടുള്ള ഉമ്മപോലെ. ഉള്ളം കൈയില്‍നിന്ന് ഉയര്‍ന്നുയര്‍ന്ന് കണ്ണെത്താത്ത ദൂരത്തേക്ക് പോയ്മറയുന്ന ഒരു തുണ്ട്. ചിറകില്ലാതെ പറക്കുന്ന ചന്തം. ആരെയും മയക്കിയിരുന്ന അപ്പൂപ്പന്‍താടികള്‍.
ഒരു മരത്തിന്റെ വിത്തിനെ വിരല്‍ത്തുമ്പില്‍ ഭദ്രമായി കൊരുത്തുപിടിച്ച വെളുത്തനാരുകള്‍ കണ്ടിട്ട് ''അപ്പൂപ്പന്‍റെ താടിപോലെയുണ്ടെന്ന്'' ആദ്യമായി പറഞ്ഞ ഭാവന അപാരതയുടെ ആകാശത്തേക്കാണ് പറന്നുപോയത്. മലയാളത്തിലെ ഏറ്റവും വെണ്മയേറിയ ഉപമയാണത്. ഒരുപാടൊരുപാട് അപ്പൂപ്പന്‍താടികള്‍ ഒരുമിച്ച് പറന്ന സന്ധ്യയില്‍. സ്‌കൂളിലേക്കുള്ള ഇടവഴിയില്‍.... വയല്‍വരമ്പിലൂടെ ഓടിക്കളിച്ചപ്പോള്‍..... ഇതിലേതെങ്കിലും ഒരു നിമിഷത്തില്‍ ഒരു കുഞ്ഞുനാവില്‍നിന്നായിരിക്കാം ആ പേര് വന്നത്. കള്ളമില്ലാത്ത മനസ്സിന്‍റെ വെള്ളനിറം മുഴുവന്‍ നിറഞ്ഞുണ്ടായ ഒരു പേര്.

കളിക്കൂട്ടുകാരിയോടൊപ്പം പറത്തുമ്പോഴായിരുന്നു അപ്പൂപ്പന്‍ താടികള്‍ക്ക് ഏറ്റവും ഭംഗി. മത്സരിച്ചൂതുമ്പോള്‍ കാറ്റിന്‍റെ കൈപിടിച്ച് നൃത്തംവെക്കുന്ന വെളുത്ത പൂക്കള്‍. വായുവിലൊരു തുമ്പപ്പൂക്കളം. കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ ഉയര്‍ന്നു ചാടണം. ശീല്‍ക്കാരങ്ങളില്‍ അപ്പൂപ്പന്‍താടികള്‍ തുടുത്തുവരും. അതില്‍ ചിലത് ഇലകളുടെ തുമ്പത്ത് ചെന്നുപറ്റും. പൊടുന്നനേ പൂചൂടിയ ചെടികള്‍. ചിലപ്പോള്‍ കാറ്റിന്‍റെ കുസൃതിയില്‍, അവളുടെ പിന്നിയിട്ട മുടിയില്‍ വന്നിരിക്കും ഒന്ന്. പിടിക്കാന്‍ ചെല്ലുമ്പോള്‍ റിബണുകള്‍ക്കിടയില്‍ ഒളിക്കും. ഒരു കുടന്ന അപ്പൂപ്പന്‍താടികള്‍ മുഖത്തേയ്ക്ക് ഊതിവിടുമ്പോള്‍ ആ വെളുത്ത അരിപ്പല്ലുകള്‍ക്കിടയില്‍നിന്നൊരു ചിരിപറക്കും.

കുട്ടിക്കാലത്തിലൂടെ ഇങ്ങനെ ഒത്തിരി കൗതുകങ്ങള്‍ ഒഴുകിനടന്നിരുന്നു. മനസ്സിനെ ഇന്നും മോഹിപ്പിക്കുന്ന ചിലത്. മാനം കാണാതെ ഒളിപ്പിച്ചുവെച്ചിരുന്ന മയില്‍പ്പീലിക്കനവുകള്‍. അവയ്ക്കായി ആരോടൊക്കെയോ മത്സരിച്ചു. തല്ലുകൂടി. പിണങ്ങി. കരച്ചില്‍കേട്ട കളിമുറ്റങ്ങള്‍. വാശിയുടെ നീറ്റലില്‍ ചുവന്ന കവിള്‍ത്തടങ്ങള്‍.

പുതിയകാലം ജെട്രോഫ എന്ന് പേരിട്ട് വിളിക്കുന്നതിനും മുന്‍പ് തെക്കന്മാര്‍ക്കും വടക്കന്മാര്‍ക്കും അത് കടലാവണക്ക് ആയിരുന്നു. അന്നതില്‍ പണം കായ്ച്ചിരുന്നില്ല. പകരം പച്ചത്തണ്ടുകളില്‍ അത്ഭുതത്തിന്‍റെ കുമിളകള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. വേലിപ്പത്തലുകള്‍ക്കിടയിലായിരുന്നു കടലാവണക്കുകള്‍ വളര്‍ന്നിരുന്നത്. കശുമാവുകളിലെറിഞ്ഞ് കൈതളരുമ്പോള്‍.. ഒളിച്ചുകളിയുടെ ഇടവേളകളില്‍ ഒക്കെയായിരിക്കും തണ്ടുപൊട്ടിക്കുക. ഒടിച്ചെടുക്കുമ്പോള്‍ വെളുത്ത കറയൊഴുകും. കടലാവണക്കുകള്‍ വേദനിച്ച് കരയുകയായിരുന്നിരിക്കണം. അതിന്‍റെ സങ്കടം വിരലുകളില്‍ പശപോലെ ഒട്ടി. ചീന്തിയ തണ്ട് രണ്ടായി മുറിയാതെ പിന്നെയുമൊടിക്കുമ്പോള്‍ എട്ടുകാലിവലപോലെയൊന്ന്. അതില്‍ പതിയെ ഊതുമ്പോള്‍ മുന്നിലൊരു ജാലവിദ്യ. ചെമ്മെ പറന്നുപോകുന്ന സോപ്പുകുമിളകള്‍.

വെയിലില്‍ അവ മഴവില്ലുകാട്ടിത്തരും. കാറ്റലകളില്‍ പൊട്ടിത്തകരും മുന്‍പ് നിമിഷങ്ങള്‍മാത്രം ആയുസ്സുള്ള ഏഴഴക്.

കടലാവണക്കിന്‍റെ കറവീണാല്‍ കണ്ണുപൊട്ടുമെന്ന് അമ്മമാര്‍ എപ്പോഴും പറഞ്ഞിരുന്നു. പേടിയുണ്ടെങ്കിലും ഇലത്തണ്ടുകള്‍കൊണ്ടുള്ള ഇന്ദ്രജാലം ഉപേക്ഷിക്കാനാകുമായിരുന്നില്ല. അതുകൊണ്ട് ഊതുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഒടുവില്‍ ഒളികണ്‍നോട്ടങ്ങള്‍. കുമിളകള്‍ അപ്പോള്‍ കളിയാക്കിച്ചിരിച്ചുകൊണ്ട് ഉയര്‍ന്നുയര്‍ന്നു പോകുകയാകും.

അങ്ങനെയൊരുനാള്‍ ബാല്യവും അവയ്‌ക്കൊപ്പം തുമ്പിയായി പറന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. കടലാസു വഞ്ചിയെ എന്നോണം കാലം ഒഴുക്കിക്കൊണ്ടുപോയ നല്ല ദിവസങ്ങള്‍.
ഓര്‍മകളുടെ തീരത്തുണ്ട് ഇപ്പോഴും ആ തോണികള്‍. പഴയ നോട്ടുബുക്കിന്‍റെ താളുകള്‍ കീറിയുണ്ടാക്കിയ കിനാവിന്‍റെ കേവുവള്ളങ്ങള്‍. തോട്ടിറമ്പത്തിരുന്ന് ഒഴുക്കിവിടുമ്പോള്‍ അരികെ ഒരാള്‍കൂടിയുണ്ടാകും. കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളും പേറി അവ ഓളങ്ങളിലാടിയുലഞ്ഞുനീങ്ങി. ഇടയ്ക്ക് മെല്ലെ മെല്ലെ വെള്ളം ഒഴുക്കിവിടുമ്പോള്‍ കാറ്റ്പിടിച്ച പായ്ക്കപ്പല്‍പോലെ ദിശമാറും. കുറുമ്പ് കട്ടുറുമ്പായി നോവിക്കുംനേരം പരസ്​പരം തോണിമറിക്കും. നനഞ്ഞൊട്ടിയ ശരീരവുമായി തോടിന്‍റെ ആഴങ്ങളിലേക്കവ താണുപോകവേ മുഖത്തോടുമുഖം നോക്കി കരയും.

തോണികള്‍ മുങ്ങിപ്പോയപ്പോള്‍ കരഞ്ഞവര്‍ പഴുത്ത പ്ലാവിലകള്‍ വീഴുമ്പോള്‍ പച്ചിലകള്‍ക്കൊപ്പം ചിരിച്ചു മഞ്ഞനിറമുള്ള ഇലകള്‍ പെറുക്കിയെടുക്കാനും മത്സരമായിരുന്നു. കൈയിലടുക്കിയ പ്ലാവിലകളില്‍ മണ്ണ് പറ്റിയിട്ടുണ്ടാകും. തുടച്ചുകളയുമ്പോള്‍ കണ്ണുകളില്‍ കരുതലുണ്ട്; മണ്ണുപോകാനും ആരും തട്ടിപ്പറിക്കാതിരിക്കാനും. ഇലകളില്‍ തിണര്‍ത്തുനില്ക്കുന്ന വയസ്സന്‍ ഞരമ്പുകളിലേക്ക് ഈര്‍ക്കില്‍ ഓരോന്നായിവേണം കുത്തിയിറക്കാന്‍. ഒടുവില്‍ വൃത്തമൊക്കുമ്പോള്‍ ഗമയിലൊരു കിരീടം. രാജാവിന് ശിരസ്സിലേറ്റാനുള്ളത്. തോറ്റവനും ജയിച്ചവനും ഒരുപോലെയിട്ട തൊപ്പികള്‍. പൊന്തക്കാടുകള്‍ക്കിടയില്‍ കള്ളനെ തിരഞ്ഞുനടന്ന പ്ലാവില പോലീസുകാര്‍.

ഇവയെല്ലാം ബാല്യത്തിന്‍റെതുമാത്രമായിരുന്നു. ജീവിതത്തിന്‍റെ മറ്റൊരു ഋതുവിനും തിരികെ തരാനാകാത്തത്. മടങ്ങിവരാതെ മറഞ്ഞുപോയവ. വെറുതെയെന്നറിയുമ്പോഴും വീണ്ടുമൊരു കുട്ടിയാകാന്‍ കൊതിപ്പിക്കുന്ന സൌന്ദര്യങ്ങള്‍ ....

അന്നൊരിക്കല്‍

രിയ്ക്കും അങ്ങനെ ഒരാളെ നീ കണ്ടിരുന്നോ....? ഒരിക്കല്‍ അവനോട് ചോദിച്ചു.ഫോണിനപ്പുറത്തു കേട്ട ചിരിക്ക് മുറുക്കാന്‍റെ ചുവന്ന നിറമായിരുന്നിരിക്കണം. അല്ലെങ്കില്‍ നിറഞ്ഞ മദ്യക്കുപ്പി പോലെ അവന്‍ തുളുമ്പുകയാകണം. മൂക്കാതെ പഴുത്ത പേരയ്ക്കയുടെ നിറമുള്ള കവിളുകള്‍ ഒപ്പം തുള്ളിയിട്ടുമുണ്ടാകും. ജീവിതത്തെ മദ്യത്തില്‍ വാറ്റിയെടുത്ത അവന് പെണ്‍കുട്ടികള്‍ പച്ചവെള്ളമായിരുന്നു.ഒട്ടും ഹരം പകരാത്ത ഒന്ന്. എന്നിട്ടും ഓര്‍ക്കൂട്ട് എന്ന ഓണ്‍ലൈന്‍ കൂട്ടില്‍ ഐഡിയല്‍ മാച്ച് എന്നതിനു നേരെ അവന്‍ എഴുതി വച്ചു.....'അന്നൊരിക്കല്‍ ബസില്‍ കണ്ട പെണ്‍കുട്ടി.'

ഐസ്‌ക്യൂബിനോളം തണുത്ത ഒരു മനസ്സിനെപ്പോലും ഉരുക്കിക്കളഞ്ഞത് ആകര്‍ഷണീയതയുടെ ഏതു രസതന്ത്രം? അതുവരെ രുചിച്ചതിനുമപ്പുറത്തെ ഏതോ ലഹരി അവന് സമ്മാനിച്ച് മണിയൊച്ചയുടെ അവസാനം ഒരു ബസ് സ്‌റ്റോപ്പിലിറങ്ങി അവള്‍ പതുക്കെ നടന്നുപോയിട്ടുണ്ടാകണം. പക്ഷെ അതിനുമുമ്പ് അവന്‍റെ അലസമായ കണ്ണുകളെ ഉണര്‍ത്തിയിരുന്നു ആ പെണ്‍കുട്ടി. ഒന്നും മിണ്ടാതെ ഒറ്റയാനെപ്പോലും ഒറ്റക്കാഴ്ചയാലൊരു കീഴടക്കല്‍.

ജീവിതത്തിലൂടെയുള്ള സഞ്ചാരത്തില്‍ ഇങ്ങനെ ചില അജ്ഞാതരെ നാം കണ്ടുമുട്ടിയിട്ടുണ്ടാകും. മഴത്തുള്ളികള്‍ പറ്റിയ തീവണ്ടിജനാലയ്ക്കരികെ, അല്ലെങ്കില്‍ ബസ്സിന്‍റെ വേഗത്തിനൊപ്പം പുറത്തേയ്ക്ക് പറക്കുന്ന മുടിയിഴകള്‍ ഇടംകൈകൊണ്ടൊതുക്കി ഡ്രൈവറുടെ സീറ്റിനു പിന്നില്‍... , ഉത്സവപ്പറമ്പിലെ തീവെട്ടിവെളിച്ചത്തിലും, വളക്കടത്തിരക്കിലും, അമ്പല ദര്‍ശനത്തിനിടയിലും നിമിഷനേരത്തേയ്ക്ക് മാത്രം തെളിയുന്ന കാഴ്ച. പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും എന്നേയ്ക്കുമായി ഉള്ളില്‍ പതിഞ്ഞ മുഖം.കണ്ണുചിമ്മും നേരംകൊണ്ട് കൊതിപ്പിച്ച് കടന്നുപോയവര്‍.ഭംഗിയുള്ള ചില മിന്നലുകള്‍..

ഇരുട്ടില്‍ പെട്ടെന്നൊരു മിന്നാമിനുങ്ങ് പ്രകാശിക്കും പോലെയാണ് ആള്‍ക്കൂട്ടത്തില്‍ ആ മുഖം തെളിയുക. വായിച്ചുകൊണ്ടിരിയ്ക്കുന്ന പുസ്തകത്തില്‍ നിന്ന് ഇടയ്‌ക്കൊന്ന് തലയുയര്‍ത്തുമ്പോള്‍,ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ ധൃതിയില്‍ ഓടിക്കയറുമ്പോള്‍,ഇടവേളയില്‍ തീയറ്റര്‍വിളക്കുകള്‍ തെളിയുമ്പോള്‍ ഒക്കെയായിരിക്കാം മുന്നിലൊരു മിന്നിമായല്‍.യാത്രകളിലാണ് ഇത്തരം ദൃശ്യാനുഭവങ്ങള്‍ കൂടുതലായുണ്ടാകുക. ഓര്‍ത്തുനോക്കിയാല്‍ പ്ലാറ്റുഫോമുകളിലും, പാളങ്ങളിലും, പായുന്ന ബസ്സിലും പറക്കുന്ന വിമാനത്തിലും ഇങ്ങനെ അടയാളവിളക്കുകളായി കത്തിയത് എത്രയോപേര്‍.

അഴകളവുകള്‍ കൊണ്ടുള്ള മാടിവിളിക്കല്‍ അല്ല ഇത്. മനസ്സിനൊരു വൈദ്യുതാഘാതം. ആദ്യമായി കാണുകയാണെങ്കിലും പോയകാലത്തുനിന്നൊരു ചരട് അങ്ങോട്ടു നീണ്ടുചെല്ലും പോലെ.ആ മുഖം വീണ്ടും വീണ്ടും നോക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. അതു പക്ഷേ ആദ്യദര്‍ശനാനുരാഗമല്ല. ഉറക്കച്ചടവിനെപ്പോലും തുടച്ചു കളയുന്ന ഊര്‍ജ്ജം. അരനാഴികനേരം കൊണ്ടുള്ള ഒരടുപ്പം. പേരറിയാത്ത 'യെന്തോ ഒരിത്'. മിക്കവാറും വീണ്ടും നോക്കുമ്പോഴേക്ക് എങ്ങോ മറഞ്ഞുകാണും. ഒരു പക്ഷേ എന്നേയ്ക്കുമായി. എങ്കിലും പിന്നീടുള്ള യാത്രയില്‍ പിന്നില്‍ നിന്നുള്ള കാറ്റു കണക്കെ അതു വന്ന് തൊട്ടുകൊണ്ടേയിരിക്കും.ഒരു യാത്ര ഓര്‍മ്മിക്കപ്പെടുവാന്‍ വേണ്ടി ഒന്ന്.

ചിലപ്പോള്‍ അല്‍പനേരം കണ്ടിരിക്കാനാകും.അപ്പോള്‍ നിഷേധിക്കപ്പെട്ട കളിപ്പാട്ടത്തിലേക്ക് കുട്ടി വീണ്ടും വീണ്ടും നോക്കും പോലെ കണ്ണുകള്‍ ആ ഭാഗത്തേക്ക് ഇടയ്ക്കിടക്ക് കടന്നു ചെല്ലും. അങ്ങനെയുള്ള നിമിഷങ്ങളിലൊന്നില്‍ നോട്ടങ്ങള്‍ തമ്മില്‍ കണ്ടുമുട്ടും. പൊള്ളിയപോലെ തോന്നും അന്നേരം. ഇത്തരം ഒന്നുരണ്ടു കണ്ണേറുകളാകുമ്പോള്‍ രണ്ടിലൊരാളുടെ നേരമാകും. പിന്നെ അന്ത്യദര്‍ശനം. അകന്നുപോകുമ്പോഴും പരതിക്കൊണ്ടേയിരിക്കും എവിടെ...?എവിടെ...?

കുട്ടിക്കാലത്ത് വിതുര എന്ന കിഴക്കന്‍ ഗ്രാമത്തിലേക്കുള്ള ഒരു യാത്ര ഇന്നും ഓര്‍ക്കാനാകുന്നത് ഒരു ദാവണിച്ചൊല്ലിയാണ്. റബ്ബര്‍പ്പാടങ്ങള്‍ക്കിടയിലൂടെ നീങ്ങുകയായിരുന്നു ബസ്സ്.ഇടയ്‌ക്കൊരു സ്റ്റോപ്പിനെ കടന്നു പോയപ്പോള്‍ ഹാഫ്‌സാരിയുടുത്ത ഒരു മുതിര്‍ന്ന പെണ്‍കുട്ടി. ഒന്നേ കണ്ടുള്ളൂ. പക്ഷേ മധുരങ്ങള്‍ നുണഞ്ഞു നടക്കാന്‍ മാത്രം വളര്‍ച്ചയുള്ള ഒരു മനസ്സിനെ കോലുമിഠായി പോലെ രസിപ്പിച്ചു കളഞ്ഞു ആ ചേച്ചി.പിന്നോട്ടോടി മറഞ്ഞ കാഴ്ചയില്‍ ഉറുമ്പു കടിച്ച നോവ്. തിരിച്ചറിവില്ലാത്ത ഒരു പത്തു വയസ്സുകാരനെ നിമിഷാര്‍ധം കൊണ്ട് പട്ടത്തിലേറ്റിപ്പറത്തിയ കാറ്റിന് എന്താണു പേര്.വയസ്സുകള്‍ പിന്നെയും പലപല ബസ്സുകള്‍ പോലെ ഓടിയിട്ടും ആ സാരിത്തുമ്പ് മറന്നുപോകാത്തത് എന്തുകൊണ്ടാണ്..?

ഇത്തരം കൂടിക്കാഴ്ചകള്‍ പിന്നീടൊരിക്കലും ആവര്‍ത്തിക്കാറില്ല.ഒറ്റത്തവണ മാത്രം കണ്ട ഒരു കൊള്ളിമീന്‍. നഷ്ടബോധമാണ് അതിന്‍റെ പ്രകാശത്തെ എന്നെന്നും ഉള്ളില്‍ നിലനിര്‍ത്തുന്നത്. കണ്ണടച്ചുതുറക്കുന്നതിനകം നമ്മുടെ ആരോ ഒക്കെയോ ആയി മാറിയ പേരറിയാത്ത ഒരാള്‍.

'അന്നൊരിക്കല്‍ ബസ്സില്‍ കണ്ട പെണ്‍കുട്ടി..'എന്ന വരിക്കൊപ്പം അവന്‍ മറ്റൊന്നു കൂടി എഴുതിയിരുന്നു.ആത്മഹത്യയാണ് ഏറ്റവും വലിയ അഭിനിവേശമെന്ന്. അവസാനം ലോഡ്ജ്മുറിയില്‍ അതിനെ പുണര്‍ന്ന നിമിഷത്തിലും അവന്‍റെ മനസ്സിന്‍റെ ഏതെങ്കിലും ഓരത്തുണ്ടായിരുന്നിരിക്കണം....

...അന്നൊരിക്കല്‍ ബസ്സില്‍ കണ്ട ആ പെണ്‍കുട്ടി....