ബസ്സുപോലെ തന്നെയായിരുന്നു ബസ്സുകാരും. ഡ്രൈവറും കണ്ടക്ടറും നാടിന്‍റെ ബന്ധുക്കളായിരുന്നു. ബസ്സിന്‍റെ അവസാന സ്റ്റോപ്പിലെ ചായക്കടകളായിരിക്കും ഇവരുടെ ഇരിപ്പുകേന്ദ്രങ്ങള്‍. ഇവിടെ അവര്‍ക്ക് പ്രത്യേക സൗജന്യങ്ങളുമുണ്ടാകും. രാവിലെ പാല്‍ അല്പം കൂടുതലൊഴിച്ച ചായ. ഉച്ചയൂണിന് സ്‌നേഹത്തിന്‍റെ എരിവ്. നിരക്കില്‍ ഇളവ്.ഏതെങ്കിലുമൊരു തണലിന്‍റെ തണുപ്പിലായിരിക്കും ബസ്സ് തളര്‍ന്നുകിടക്കുക.
ജീവിതത്തിലെ അനേകം നിമിഷങ്ങളില്‍ ബസ്സിന്റെ ഹോണടി നിറഞ്ഞുനില്‍ക്കുന്നു. രാവിലെ ബസ്സുകാത്ത് നില്‍ക്കുമ്പോഴാകും ആദ്യമായിക്കാണുന്നത്. ഒരു നോട്ടത്തില്‍ നിന്ന് പിറക്കുന്ന അനുരാഗം. പിന്നെ ദിവസവും ഒന്നുകാണുവാനായി മാത്രം അതേ സമയത്തെത്തും. അരികിലൂടെ ബസ്സ് വന്നും പോയുമിരിക്കും.പതിയെ പ്രണയം ഉള്ളിലേക്ക് കടക്കും. ടിക്കറ്റിനായി തൊട്ടുവിളിക്കുന്ന കണ്ടക്ടറുടെ കൈതട്ടി പിന്‍ഭാഗത്തുനിന്ന് മുന്നിലെ ആള്‍തിരക്കിലേക്ക് എത്തിവലിഞ്ഞ് നോക്കും. മുന്നിലും പിന്നിലുമായുള്ള നോട്ടങ്ങളിലൂടെ ഇഷ്ടം വളരും. പശ്ചാത്തലത്തില്‍ ബസ്സിന്‍റെ മണിനാദം ഒറ്റയായും ഇരട്ടയായും. വിവാഹപ്പുതുമയില്‍ സിനിമാ കാണാന്‍ പോകുമ്പോള്‍ യാത്ര ഒറ്റസീറ്റിലാകും. ആരെങ്കിലും കവര്‍ന്നാലോ എന്ന പേടിയുള്ളതുപോലെ കൈകൊണ്ട് ചേര്‍ത്തുപിടിച്ച്. ഇങ്ങനെ ബസ്സ് കണ്ട ജീവിതരംഗങ്ങള്‍ എത്രയെത്ര.
ആദ്യമായ് ജോലികിട്ടി നാടുവിട്ടുപോകുമ്പോള്‍ ബസ്സിന്റെ ഫുട്‌ബോര്‍ഡിനരികെ വീട്ടുകാര്‍ മുഴുവനുമുണ്ടാകും. ബസ്സ് ഒരിക്കലും വിടാതിരുന്നെങ്കില്‍ എന്നാകും അപ്പോഴത്തെ പ്രാര്‍ത്ഥന. ഗിയര്‍ വീഴുമ്പോള്‍ ചങ്കിടിക്കും. ഒടുവില്‍ ബസ്സ് അകന്നുപോകുമ്പോള്‍ വീശിനില്‍ക്കുന്ന കുറെ കൈകള്‍. ബസ്സിന്റെ ഇരിപ്പിടങ്ങള്‍ കണ്ണീര്‍ വീണ് നനഞ്ഞതുമായിരുന്നു.
