December 23, 2014

ബെല്‍ ബോട്ടം, an epilogue to 1980's

തൊള്ളായിരത്തി എണ്‍പതില്‍ എന്തു സംഭവിച്ചുവെന്നു ചോദിച്ചാല്‍... ??

പേര്‍ഷ്യയുടെ സ്ഥാനത്ത് ദുബായ് എന്ന വാക്കുണ്ടായ സമയം. ചരമക്കോളത്തില്‍ മക്കളുടെയും മരുമക്കളുടെയും ബ്രാക്കറ്റില്‍ ഗള്‍ഫ് എന്ന പ്രത്യക്ഷപ്പെട്ട തുടങ്ങിയതും ഗള്‍ഫുകാരന്റെ കമ്പോളനിലവാരം കുത്തനെ ഉയര്‍ന്നതും അന്നായിരുന്നു.

നടക്കുമ്പോള്‍ മണ്ണിലിഴയും. ഭൂമിക്കൊരു വിശറി. കുഴലായ് താഴേക്കുവന്ന് കുടപോലെ വീര്‍ക്കുന്ന ഈ കാല്‍ക്കുപ്പായത്തില്‍ ഒരു കാലഘട്ടത്തിന്റെ യൗവനം മുഴുവന്‍ കയറിയിറങ്ങി. 'ബെല്‍ബോട്ടം' ഒരു താരമായിരുന്നു.കേരളത്തിന്റെ കലണ്ടറില്‍ എഴുപതുകള്‍ മാത്രമാണ് എപ്പോഴും ഓര്‍മിക്കപ്പെടുന്നത്. ചുവന്നനിറത്തില്‍ വികാരഭരിതമാം കാലം. കേള്‍ക്കുമ്പോഴേ മനസ്സിലെത്തും. വേട്ടനായ്ക്കളായി പാഞ്ഞ പോലീസ് ജീപ്പുകള്‍, പുലിക്കോടന്റെ ചിരി, കക്കയത്ത് ഉരുണ്ടൊടുങ്ങിയ ഒരാള്‍...എഴുപതുകള്‍ക്ക് രാജന്റെ മുഖമാണെങ്കില്‍ എണ്‍പതുകള്‍ നടന്നിരുന്നത് വേണു നാഗവള്ളിയെപ്പോലെയായിരുന്നു. കരയാന്‍ വെമ്പിനില്‍ക്കുന്ന കാമുകന്റെ ഛായ. ബെല്‍ബോട്ടം പാന്റിട്ട വേണു നാഗവള്ളിയില്‍ അക്കാലത്തെ നേരില്‍കാണാം. ചെവിയെ മൂടിപ്പൊതിഞ്ഞിറങ്ങി കാറ്റില്‍ പറക്കുന്ന മുടി. കവിളിലൂടെ ഒലിച്ച കൃതാവ്. രണ്ടു പോക്കറ്റുള്ള ഷര്‍ട്ടിന്റെ കോളര്‍ പട്ടി നാക്കുപോലെയിരിക്കും. കണ്ണുകള്‍ ദൂരെയെവിടെയോ ആണ്. എണ്‍പതുകളിലെ എന്തിനും കാല്പനിക ഭാവമുണ്ടായിരുന്നു. സിനിമയില്‍, പാട്ടില്‍ ഉടുത്തൊരുങ്ങലിലെല്ലാം നിഴലിച്ച ഒരുതരം സൗമ്യപ്രകൃതം. മലയാളിയുടെ ജീവിതത്തെ ഇത്രമേല്‍ പ്രണയഭരിതമാക്കിയ മറ്റൊരു കാലമില്ല.

അന്നത്തെ കാമുകിമാരെല്ലാം ശാന്തികൃഷ്ണയും ജലജയുമായിരുന്നു. ചെറിയ പൂക്കളുള്ള പോളിയസ്റ്റര്‍ സാരി ചുറ്റിയ മെലിഞ്ഞ പെണ്‍കുട്ടികള്‍. മിക്കവാറും കാതിലൊരു വളയമുണ്ടാകും. പതിയെ നടന്നുപോകുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു പിടിക്കും പുസ്തകങ്ങളെ. പാട്ടിനോട് കമ്പം. കണ്ണിലുറങ്ങുന്ന വിഷാദം.ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടുകളായിരുന്നു അനുരാഗ പരിസരങ്ങള്‍. ടപ്ടപ്... ടപ്ടപ്... ശബ്ദത്തില്‍ പ്രേമം ഇവിടെ ഹൃദയമിടിപ്പുപോലെ തുടിച്ചുനിന്നു. 'എ എസ്് ഡി എഫ്....' ലേക്ക് വിരലുകള്‍ മാറിമാറി വീഴുന്നതിനിടെ ചെരിഞ്ഞുനോക്കി പരസ്​പരമൊരു കടക്കണ്ണേറ്. വരയായ്, കുറിയായ് ഉള്ളിലെഴുതിയ ഇഷ്ടത്തിന്റെ ഷോര്‍ട്ട് ഹാന്‍ഡ്.

എണ്‍പതുകളില്‍ ചെറുപ്പം സഞ്ചരിച്ചത് യെസ്ഡിയിലായിരുന്നു. അല്ലെങ്കില്‍ രാജ്ദൂത്. പുഞ്ചപ്പാടം വറ്റിക്കാനുപയോഗിക്കുന്ന മോട്ടോറിന്റെ ശബ്ദമായിരുന്നു അവയ്ക്ക്. വലിയ പെട്രോള്‍ ടാങ്കിന്റെ പിന്നില്‍ ഞെളിഞ്ഞിരുന്നു പോകുന്നവര്‍ക്കിരുവശവും ബെല്‍ബോട്ടം ചിറകുപോലെ വിടരും. മുഖം പൊത്തിച്ചിരിച്ചു നീങ്ങുന്ന പെണ്‍കൂട്ടത്തിനു മുമ്പില്‍ പുകപറക്കും.

ഈ മൂകാനുരാഗമായിരുന്നു എണ്‍പതിന്റെ സിനിമയുടെ പ്രതീകം. ശങ്കറും മേനകയുടെ മറുകും പ്രശസ്തമായതും റഹ്മാനെന്ന റൊമാന്റിക് ഹീറോയുണ്ടായതും മോഹന്‍ലാല്‍ നക്ഷത്രമായുദിച്ചതുമൊക്കെ ഇക്കാലത്തായിരുന്നെങ്കിലും ഓര്‍ത്തുനോക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക വേണു നാഗവള്ളിയും ശാന്തികൃഷ്ണയും തന്നെ. സ്‌ക്രീനിലൂടെ ഒന്നും മിണ്ടാതെ അവര്‍ നടന്നുപോയിരുന്നു. ഇടയ്ക്ക് വേണു നാഗവള്ളിയൊന്ന് വിളറിച്ചിരിക്കുമ്പോള്‍ ശാന്തികൃഷ്ണ ചിരിയേറ്റുവാങ്ങി തലകുനിക്കും. പശ്ചാത്തലത്തില്‍ ഇലപൊഴിഞ്ഞ മരങ്ങള്‍. അവര്‍ പാടിയ പാട്ടുകള്‍ക്കും ഈ സൗമ്യതയുണ്ടായിരുന്നു. ഒരുവട്ടം കൂടിയാ പഴയ പലതിലേക്കും തിരികെയെത്താന്‍ മോഹിപ്പിക്കുന്ന ഈണങ്ങള്‍. കേള്‍ക്കുമ്പോള്‍ ഇപ്പോഴും ആരെയും അനുരാഗിയാക്കുന്ന ഗൃഹാതുരതയുടെ ഹൃദയരാഗങ്ങള്‍.

നായകന്റെ കൈയിലെ പുസ്തകത്തില്‍നിന്ന് മറ്റൊന്നു കൂടി വായിച്ചെടുക്കാം. അത് കവിതയുടെ കാലമായിരുന്നു. കടമ്മനിട്ടയുറഞ്ഞതും അയ്യപ്പന്‍ പാടിയതും ചുള്ളിക്കാട് പൂത്തതും.... മലയാളത്തിലെ എക്കാലത്തെയും പ്രേമഭരിതമായ വരികള്‍ അന്നുണ്ടായി. ദുഃഖം ആനന്ദമായ കാലം. കവിതയുടെ സര്‍പ്പദംശനം. യൗവനം പറഞ്ഞു: ''ഐ വാണ്ട് യുവര്‍ വൈല്‍ഡ് സബ്സ്റ്റന്‍സ്...'' ചോരചാറിച്ചുവപ്പിച്ച പനീര്‍പ്പൂക്കളായി ഓര്‍മ്മപുസ്തകങ്ങളില്‍ കൊഴിയാതെ കിടക്കുന്ന കുറെ വരികള്‍.ഈ കാലം എണ്ണപ്പണം തേടിയുള്ള മലയാളിയുടെ അവസാനിക്കാത്ത യാത്രയുടെ തുടക്കം കൂടിയായിരുന്നു. പേര്‍ഷ്യയുടെ സ്ഥാനത്ത് ദുബായ് എന്ന വാക്കുണ്ടായ സമയം. പത്രങ്ങളുടെ ചരമക്കോളത്തില്‍ മക്കളുടെയും മരുമക്കളുടെയും ബ്രാക്കറ്റില്‍ ഗള്‍ഫ് എന്ന് പ്രത്യക്ഷപ്പെട്ടു തുടങ്ങിയതും ഗള്‍ഫുകാരന്റെ കമ്പോളനിലവാരം കുത്തനെ ഉയര്‍ന്നതും അന്നായിരുന്നു. പെര്‍ഫ്യൂമുകളുടെ വാസന പടര്‍ന്ന നാളുകള്‍. വി.സി.ആറിലൂടെ സിനിമകള്‍ വീട്ടിലേക്ക് വന്നതും വിമാന ചിഹ്നമുള്ള എയര്‍മെയിലുകള്‍ പറന്നതും പിന്നെ പച്ചയും മഞ്ഞയും ചുവപ്പും കലര്‍ന്ന ലുങ്കികള്‍ വ്യാപകമായതും...

ഈ ഫ്രെയിമിലുമുണ്ട് ബെല്‍ബോട്ടത്തിന്റെ സാന്നിധ്യം. ആദ്യമായി ഗള്‍ഫിലേക്കുപോയപ്പോള്‍ ഇട്ടത് ഇതായിരുന്നുവെന്നു പറഞ്ഞ് സുഹൃത്തിന്റെ അച്ഛന്‍ ഒരിക്കലൊരു പെട്ടി തുറന്നു കാണിച്ചു. അതു മടക്കുകളില്‍ മഞ്ഞനിറം പുരണ്ട വെള്ള ബെല്‍ബോട്ടം പാന്റായിരുന്നു. വീട്ടുകാര്‍ക്ക് കാണാനായി അയച്ചുകൊടുക്കുന്ന ചിത്രത്തില്‍ എണ്ണപ്പനകള്‍ക്കു കീഴെ നില്‍ക്കുന്ന ഗള്‍ഫുകാരെല്ലാം അന്ന് വേണുനാഗവള്ളിയെ പ്പോലെയായിരുന്നു.
------------   കടപ്പാട് : ശരത്കൃഷ്ണ, Mathrubhumi  -------------------

June 13, 2010

ചാറ്റല്‍ മഴ...


എനിക്കെന്തിഷ്ടമാണ് മഴ... എനിക്ക് മാത്രമോ..?
മനസ്സില്‍ സ്വല്പമെങ്കിലും സ്‌നേഹമോ, കാല്പനികതയോ, പ്രണയമോ, വിരഹമോ കാത്തു സൂക്ഷിക്കുന്ന ആര്‍ക്കും പ്രിയങ്കരിയാണ് മഴ.. നനുനനുത്ത മഴയില്‍ പ്രിയപ്പെട്ടവളുടെ അരികു ചേര്‍ന്നിരുന്നു സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ കൊതിക്കാത്ത ആരുമുണ്ടാവില്ല.

എന്ന് മുതലാണ് ഞാന്‍ മഴയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്..? അറിയില്ല...
എനിക്കോര്‍മ്മ വച്ച കാലം മുതല്‍ എനിക്കിഷ്ടമാണ് മഴ..  വൈകുന്നേരങ്ങളില്‍ തിമര്‍ത്തു പെയ്യുന്ന മഴയില്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുള്ള യാത്ര എന്നും ഒരാഘോഷം തന്നെയായിരുന്നു..
വഴിയോടൊപ്പമൊഴുകുന്ന വലരികളില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന മഴവെള്ളം... അതില്‍ നീന്തിതുടിക്കുന്ന പരല്‍മീനുകളെ എത്രയോ തവണ കൌതുകത്തോടെ നോക്കിനിന്നിട്ടുണ്ട്..


റോഡില്‍ കൂടി വെള്ളം തെന്നി തെറുപ്പിച്ച് ... മഴയില്‍ നനഞ്ഞുകുതിര്‍ന്നു വീടിന്റെ ഗെയ്റ്റും മലര്‍ക്കെ തുറന്നിട്ടു വിട്ടിനുള്ളിലെക്കോടി കയറി, പുസ്തകസഞ്ചി കട്ടിലിലേക്കിട്ടു, 'അമ്മേ കാപ്പി..' എന്നുറക്കെ വിളിച്ചു പറയുമ്പോള്‍ .. സ്‌നേഹത്തോടെ  ശാസിച്ചുകൊണ്ട് ഇറയത്തു കിടക്കുന്ന തോര്‍ത്തെടുത്ത് തല തുവര്‍ത്തിതരുന്ന അമ്മയുടെ ചിത്രം ഇന്നും നമ്മുടെയൊക്കെ മനസ്സില്‍ മായാതെ കിടക്കുന്നില്ലേ...?


കുട്ടിക്കാലത്ത് മുത്തശ്ശിയുടെ അരികുപറ്റിക്കിടന്നിരുന്നപ്പോള്‍ കേട്ട എത്രയെത്ര കഥകള്‍ക്ക് അകമ്പടിയായി മഴയുടെയും ഇടിയുടെയും താളമുണ്ടായിരുന്നു...
ഓടിനിടയിലൂടെ ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികള്‍ മുറിക്കുള്ളില്‍ വീഴാതെ താഴെ വച്ചിരിക്കുന്ന അലുമിനിയ പാത്രത്തില്‍ വീഴുന്ന മണിയടി ശബ്ദം കേള്‍ക്കാത്ത ആരുമുണ്ടാവുമെന്നു തോന്നുന്നില്ല. ഒഴുകി വരുന്ന മഴവെള്ളത്തില്‍ ഇറയത്തിരുന്നു കടലാസ്സുതോണികള്‍ ഒഴുക്കിവിടുമ്പോള്‍, നനഞ്ഞു കുതിര്‍ന്നു വരുന്ന കുഞ്ഞു കോഴികളെ നോക്കി എത്രയോ തവണ വിഷമിച്ചിരുന്നിട്ടുണ്ട്. 'പാവം ഇവര്‍ക്ക് നനഞ്ഞാല്‍ ഒന്നു തുവര്‍ത്തികൊടുക്കുവാന്‍ പോലും ആരുമില്ല.' എങ്കിലും ആ അമ്മക്കോഴി അവരെ നനയാതെ ചിറകിനടിയില്‍ ഒളിപ്പിച്ചു വെക്കുന്ന കാഴ്ച ഒരിക്കലും മറക്കാന്‍ പറ്റില്ല.


നിറഞ്ഞു കവിഞ്ഞ പാടങ്ങളില്‍ ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊക്കും, പുഴയിലുടെ ഒഴുകി വരുന്ന തേങ്ങയും, തടികളും മറ്റും കരക്കടുപ്പിക്കുന്ന നാണുവേട്ടനും, ചെറു ചൂണ്ടകളുമായി കണ്ടങ്ങളിലും തോടുകളിലുമിരിക്കുന്ന കുട്ടികളുമൊക്കെ ഒരു സ്ഥിരം മഴക്കാഴ്ചയാണ്. വേനലവധി കഴിഞ്ഞു പുതിയ ഉടുപ്പുകളും പുസ്തകങ്ങളുമായി ആദ്യമായി സ്‌കൂളിലേക്ക് പോവുമ്പോള്‍ , ഒരു കൊച്ചു കൂടുകാരനെപ്പോലെ കൈ പിടിച്ചു നടക്കാന്‍ മഴയുണ്ടാവും. മാനത്ത് ഏഴ് നിറങ്ങളില്‍ വിരിയുന്ന മഴവില്ല് എത്ര കൌതുകത്തോടെയാണ് ആ കുട്ടിക്കാലത്ത് നോക്കിനിന്നിട്ടുള്ളത്...?
പക്ഷെ.... കലാലയ കാലത്തു  മഴയ്ക്ക്  പലപ്പോഴും ഒരു വില്ലന്റെ പരിവേഷമായിരുന്നു. കൂട്ടുകാരുമൊത്ത്  കൂലംകുഷമായി Plan ചെയ്യുന്ന എത്ര പദ്ധതികളാണ് മഴയില്‍ കുതിര്‍ന്നത്‌ ....
ബൈക്കുമായി കറങ്ങി നടക്കുന്ന കാലം; ശകുനം മുടക്കിയായി...  മഴ തോരുന്നത് വരെ കടവരാന്തയില്‍ കാത്തുനിന്നപ്പോള്‍ പൊഴിച്ച ശാപവാക്കുകള്‍ എത്ര.... 
എത്രയെത്ര ഭാവങ്ങളാണ് മഴയ്ക്ക്? ഒരു ചെറു പുഞ്ചിരിയോടെ ഒരു കാമുകിയുടെ ഭാവവുമായി വരുന്ന നനുനുത്ത ചാറ്റല്‍ മഴ.. മറ്റു ചിലപ്പോള്‍ ഒരു വിഷാദ ഭാവത്തോടെ ഇരുണ്ടുമൂടി, തന്റെ പ്രിയപ്പെട്ടവന്‍ തന്നെ പിരിയുമ്പോള്‍, താന്‍ കരഞ്ഞാല്‍ അവന് വിഷമമാവുമെന്നു ഭയന്ന്, എല്ലാ ദുഖവും ഉള്ളിലൊതുക്കി.. അവന്‍ കണ്മുന്നില്‍ നിന്നു മാഞ്ഞു പോയിക്കഴിഞ്ഞാല്‍... ആര്‍ത്തലച്ചു കരയാന്‍ വെമ്പുന്ന ഒരു ഭാര്യയുടെ ഭാവവുമായി നില്ക്കും. അതുമല്ലെങ്കില്‍ എല്ലാം നശിപ്പിക്കാനുള്ള കോപവുമായി, എല്ലാം കത്തിച്ചു ചാമ്പലാക്കാന്‍ മിന്നലിന്റെയും കാറ്റിന്‍റെയും അകമ്പടിയോടെ ഒരു ഉഗ്രരൂപിണിയായി വന്ന് ആടിത്തിമര്‍ക്കും..

എത്രയൊക്കെ ഭീകരരൂപിണിയായാലും എപ്പോഴെങ്കിലും നമുക്കു വെറുക്കാന്‍ പറ്റുമോ മഴ...?
തുലാവര്‍ഷത്തില്‍ പേടിച്ചരണ്ടിരിക്കുന്ന കുട്ടികളുടെ മുഖവും, ഒരു ഇടിമിന്നല്‍ കാണുമ്പോള്‍ അറിയാതെ തന്നെ ഒരു ഞെട്ടലോടെ കൈത്തണ്ടയില്‍ പിടിമുറുക്കുന്ന പ്രിയപ്പെട്ടവളുടെ ഭയന്നുവിറച്ച മുഖവും ഒന്നും കണ്ടാലും നമുക്കു വെറുക്കാന്‍ കഴിയില്ല മഴയെ. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക്..
മഴ നമ്മുടെ സ്വന്തമാണ്... നമ്മുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ്... മനസ്സിന്‍റെ എല്ലാ ദുഖങ്ങളും വിഷമങ്ങളും ഒരു താഴുകലോടെ അകറ്റുന്ന പ്രകൃതിദത്തമായ ഔഷധമാണ് മലയാളിക്ക്...
സ്വന്തം കാമുകിയോടൊപ്പം, അവളെ തോളോട് ചേര്‍ത്ത്പിടിച്ച്, ഒരുകുടക്കീഴില്‍... തിമര്‍ത്തു പെയ്യുന്ന മഴയില്‍ അഭിമാനത്തോടെ നെഞ്ച് വിരിച്ചു നടക്കാന്‍ ആഗ്രഹിക്കാത്ത ഏതൊരു കാമുകനുണ്ട്...? ഇല്ലെങ്കില്‍ അവന്റെ അരികുപറ്റി നടക്കാന്‍ ആഗ്രഹിക്കാത്ത ഏതൊരു കാമുകിയുണ്ട്? (നടക്കുമ്പോള്‍ കാമുകിയുടെ അച്ഛന്‍റെയോ ആങ്ങളയുടെയോ കണ്മുന്നില്‍കൂടി ആവരുത്..അവരുടെ മുന്നില്‍ ക്കൂടിനടന്നാല്‍ ചിലപ്പോള്‍ വിവരം അറിയും...)

ഇപ്പോള്‍ ഈ മഴയെക്കുറിച്ച് എഴുതാന്‍ ഒരു കാരണമുണ്ട്. നാല് ദിവസം മുന്‍പ്  ഒമാനില്‍  ഒരു ചെറിയ മഴ പെയ്തു. പെയ്തു എന്ന് പറയാന്‍ പറ്റില്ല... ചാറ്റല്‍ മഴ എന്നെ പറയാന്‍ പറ്റൂ [എന്നാലും വെള്ളപൊക്കം ഉണ്ടായി..!! അത് സംഭവം വേറെ... ]. രാത്രിയില്‍ ആ ചാറ്റല്‍ മഴയില്‍ നടന്നപ്പോള്‍ .... കുട്ടിക്കാലവും, നാടിന്‍റെ ഓര്‍മകളും, പിന്നെ ഞങ്ങള്‍  നെടുമങ്ങാടുകാരുടെ   എല്ലാമെല്ലാമായ കിള്ളിയാറും, വീടും, വീട്ടുകാരും, വരാന്തയില്‍ അച്ഛന്‍റെ വരവും കാത്തിരിക്കുന്ന എന്‍റെ അമ്മയും... എല്ലാം ഒരു പെരുമഴയായി മനസ്സിലേക്ക് പെയ്തിറങ്ങി.