December 4, 2009

ഒരു സഹയാത്രികന്...

വീട്ടില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്. പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്‍റെ തണുപ്പ്.വണ്ടി നീങ്ങിത്തുടങ്ങുന്നതോടെ കവിളില്‍ ബാക്കിനിന്ന മുത്തങ്ങളുടെ പാല്‍മണം കണ്ണീരിലൂടെ ഒഴുകിപ്പോകുകയായി. മരങ്ങളും മനുഷ്യരും പിന്നെ പിന്നോട്ടോടിമറയും. കാണെക്കാണെ വായുവില്‍നിന്ന് വിരലുകളുടെ വിടപറച്ചിലും നേര്‍ത്തുവരും.വീടിനോടുള്ള ബന്ധം ബാക്കിവച്ചുകൊണ്ട് അപ്പോഴും കൂടെയുണ്ടാകുന്നത് ഒന്നു മാത്രമാണ്... ഒരു പൊതിച്ചോറ്.


പ്രവാസത്തിലേക്കുള്ള വഴിയില്‍ അവസാനമായി അനുഭവിക്കാനാകുന്ന നാടന്‍സ്വാദാണ് പൊതിച്ചോറി
ന്‍റെത്.അത് അന്നുവരെ രുചിച്ചിരുന്ന പല അനുഭൂതികളുടേയും ബലിച്ചോറുകൂടിയാണ്. പൊതിച്ചോറിലെ ഒടുവിലത്തെ വറ്റോടെ വീട് വലിയൊരു നഷ്ടബോധമായി മാറുന്നു. ഗൃഹാതുരതയുടെ തുടക്കം.വളരെ പതുക്കെയാകും അന്ന്, 
ചോറുപൊതി അഴിക്കുന്നതു പോലും. ഉണ്ടുതുടങ്ങുമ്പോള്‍ ഉള്ളില്‍നിന്ന് പലതും തികട്ടിവരും. ആദ്യമായാണ് നാടുവിട്ടുപോകുന്നതെങ്കില്‍ പൊതിച്ചോറില്‍ കണ്ണീരുപ്പ് കലരും. മിക്കവാറും മുഴുമിപ്പിക്കാനാകില്ല. കറികളുടെ പല നിറങ്ങള്‍ കലര്‍ന്ന്, ചിതറിയ ഓര്‍മ്മപോലെയാകും പൊതിച്ചോറ്.ഇലയ്ക്കും കടലാസിനുമൊപ്പം ചുരുട്ടിയെടുക്കുമ്പോള്‍ എരിയുന്നത് മനസ്സിനാണ്.

എവിടെയായിരുന്നു അത് ഉപേക്ഷിച്ചത്..?
ആദ്യ യാത്രയുടെ ആ ഓര്‍മ്മച്ചോറ്.ജീവിതത്തി
ന്‍റെ സഞ്ചാരവഴികളില്‍ പൊതിച്ചോറ് എന്നും ഒപ്പമുണ്ടായിരുന്നു .വിശപ്പിന്‍റെ വെയില്‍ കാളിയ ഉച്ചകളിലും ഇരുള്‍ വാപിളര്‍ന്നു നിന്ന രാത്രികളിലും. കാണാമറയത്തുനിന്ന് അമ്മ തരുന്ന സാന്ത്വനം പോലെയൊന്ന്.

പൊതിച്ചോറ് ജീവിതത്തിലാദ്യമായി വിടര്‍ന്നു വന്നത് സ്‌കൂള്‍മുറിയില്‍ വച്ചാണ്. അന്നതിന് ഒരു എഞ്ചുവടിയുടെ വലിപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ. ഗൃഹപാഠമായ 'പറ'യേയും 'പന'യേയും ഉമ്മവച്ച് പുസ്തക സഞ്ചിയില്‍ ചോറുപൊതിയുണ്ടാകും. ഉണ്ണാനെടുക്കുമ്പോള്‍ പൊതിയുടെ കവിളില്‍ കല്ലുപെന്‍സിലിന്റെ സ്‌നേഹം പൊടിയായി പറ്റിയിട്ടുണ്ടാകും.

അന്ന്, പൊതിച്ചോറുകള്‍ ഓരോവീട്ടിലേയും അടുപ്പി
ന്‍റെ അവസ്ഥ കൂടി പറഞ്ഞു തന്നു. ചോറിനൊപ്പം ഏറ്റവും കൂടുതല്‍ കറി കൊണ്ടുവരുന്നയാളായിരുന്നു ഏറ്റവും സമ്പന്നന്‍. കുപ്പായത്തിലെ അലുക്കുകളിലും സ്ലേറ്റിലെ പലവര്‍ണ്ണമുത്തുകളിലും നന്നായി പൊതിച്ചോര്‍ ഒരാളെ തുറന്നുകാട്ടി. ചോറുപൊതിയുമായി ഒറ്റയ്ക്ക് മാറിയിരിക്കുന്നവരെ കൂട്ടുകാര്‍ ഡമ്പന്‍ എന്നു വിളിച്ചു. പക്ഷേ അവരില്‍ ചിലരുടെ പൊതികളിലെ ചോറു നനഞ്ഞു കുതിര്‍ന്നതായിരുന്നു. അച്ഛനും അമ്മയും പട്ടിണിയിരുന്ന് ബാക്കിപിടിച്ച അത്താഴബാക്കി. വെള്ളം അമ്മയുടെ കണ്ണീര്‍ പോലെ അതില്‍നിന്ന് വാര്‍ന്നുപോകാതെ നിന്നു.ഒപ്പം ഒന്നോ രണ്ടോ മുളക് ഇടിച്ചത്.മനസ്സിന്‍റെ നീറ്റല്‍ കൂടിയായപ്പോള്‍ അതിന് എരിവേറി.ഒറ്റയ്ക്കിരുന്നവരിലെ അഭിമാനികള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചത് ചോറുപൊതികളിലെ വേദനയായിരുന്നു.
പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്‍ത്തൊലിച്ച് അമ്മ ചോറുമായി വന്നു. അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി.തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു.

യാത്രകളില്‍ പൊതിച്ചോര്‍ ഒപ്പംവരാന്‍ തുടങ്ങിയത് കോളേജ്കാലത്താണ്. അപ്പോഴേക്കും പൊതിച്ചോറിന് ഒരു കൊച്ചുപുസ്തകത്തി
ന്‍റെ വലിപ്പം വച്ചിട്ടുണ്ടാകും. നിഗൂഢമായ രുചികള്‍ അനുഭവിച്ചു തുടങ്ങുന്ന സമയം. കൗമാരത്തിന്‍റെ കുഞ്ഞിരോമങ്ങള്‍ കിളിര്‍ക്കുകയും സ്വാതന്ത്ര്യത്തിന്‍റെ വലിയ ഇടനാഴികള്‍ കാണാന്‍ തുടങ്ങുകയും ചെയ്യുന്ന ആ നാളുകളില്‍ പങ്കുവയ്ക്കലിന്‍റെ പാഠങ്ങള്‍ പകര്‍ന്നുതന്നത് പൊതിച്ചോറായിരുന്നു. പലപ്പോഴും കൂട്ടുകാരോടൊപ്പം അത് പങ്കു വച്ചിരുന്നത് ക്ലാസ്സ് മുറിക്കു പുറത്തോ, സിനിമ തീയറ്റെരില്‍ വച്ചോ ഒക്കെ ആയിരുന്നു.

കാമ്പസുകളുടെ ഉച്ചകള്‍ക്ക് എന്നും വാട്ടിയ വാഴയിലയുടെ വാസനയാണ്. ഒരുപാട് ചോറുപൊതികള്‍ ഒന്നിച്ചു തുറക്കുന്നതി
ന്‍റെ കൊതിയൂറും നിമിഷങ്ങള്‍ വിശപ്പിനെ വിരുന്നുവിളിച്ചു. ആകാശം നിറയെ അന്നേരം കാക്കകള്‍ വട്ടമിട്ടു പറന്നു. ക്ലാസ്മുറിയെ പൊതി തുറക്കുമ്പോഴുള്ള ചോറിന്‍റെ ചതുരമായി സങ്കല്പിച്ചാല്‍ അവിടവിടയായി ചേര്‍ന്നിരിക്കുന്ന കറികള്‍ പോലെയാണ് ഓരോ കൂട്ടവും.സൗഹൃദത്തിന്‍റെ കോമ്പസില്‍ വരച്ച വൃത്തങ്ങളില്‍ നിറങ്ങളുടെ കൊളാഷ്. രുചിഭേങ്ങള്‍ക്കും നിറ വ്യത്യാസങ്ങള്‍ക്കും ഇടയിലൂടെ ഒത്തിരി വിരലുകള്‍ നെടുകയും കുറുകയും പായുന്ന നേരത്താണ് നാവ് അതുവരെ അറിയാത്ത രുചികള്‍ പലതും പരിചയിക്കുന്നത്.

പെണ്‍കുട്ടികളില്‍ മുന്‍ബഞ്ചുകാര്‍ ഒഴികെയുള്ളവര്‍ പലയിടത്തായി ചിതറിയിരിക്കും. അവര്‍ക്കിടയിലാണ് ഏറ്റവുമധികം ആണ്‍കുട്ടികളുണ്ടാകുക. വയറിനൊപ്പം കൈകളും ഒഴിഞ്ഞവര്‍. അല്ലെങ്കില്‍ 'കോളേജ് കുമാരന്‍' എന്ന ലേബലില്‍ ഒരു നോട്ട്ബുക്ക് മാത്രം കീശയില്‍ തിരുകി വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍. മുന്‍ബെഞ്ചുകാര്‍ എപ്പോഴും മാറിയിരുന്നു. ഉണ്ണുമ്പോഴും സമവാക്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കൂട്ടത്തിനൊപ്പം കാണും വലിയ വിഭവങ്ങള്‍ക്കു നടുവില്‍ വറ്റല്‍മുളകെന്നോണം ഒരാണ്‍കുട്ടി.അവന് മിക്കവാറും കണ്ണട കാണും. അല്ലെങ്കില്‍ 'ബുജി' ആയിരിക്കും

അന്ന് പ്രീഡിഗ്രി ഉണ്ടായിരുന്നു.കോളേജുകളുടെ ദാവണിപ്രായം. കണ്ണുകള്‍ വിടര്‍ന്ന,കൊലുസുകള്‍ ചിരിച്ച പ്രീഡിഗ്രി ക്ലാസ്സുകളിലെ പൊതിച്ചോറുകള്‍ക്കു ചുറ്റും 'ചേട്ടന്മാര്‍' റാകിപ്പറന്നു. ഏത് പൊതിയിലേയും ചോറ് അധികാരപൂര്‍വ്വം കൈയ്യിട്ടെടുക്കുക എന്നത് അവര്‍ അവകാശമായി കണ്ടു.നേതാക്കന്മാരുടെ ക്യാ
ന്‍റീന്‍ ആയിരുന്നു പ്രീഡിഗ്രി ക്ലാസ്സുകള്‍.പൈപ്പിന്‍ ചുവട്ടിനരികെയായിരുന്നു പൊതിച്ചോറുകളുടെ ശ്മശാനഭൂമി. ആകാശത്തുനിന്ന് കാക്കകള്‍ കഴുകന്മാരായി ഭൂമിയിലിറങ്ങും.എണ്ണപുരണ്ട പത്രത്താളില്‍ നിന്ന് ഇലമാത്രം കൊത്തിവലിക്കും. അപ്പോഴും അതില്‍ ബാക്കിനില്‍ക്കുന്നുണ്ടാകും ഓര്‍മ്മയുടെ ഒന്നു രണ്ടു വറ്റുകള്‍. ഒരു തേങ്ങാക്കൊത്ത്.....

ആ ഒന്നരമണിനേരങ്ങളില്‍ തന്നെയായിരുന്നു കാമുകന്മാരുടെ കാകദൃഷ്ടികള്‍ പൈപ്പിന്‍ചുവടുകള്‍ക്കുചുറ്റും പറന്നു നടന്നത്.അത് ചിലപ്പോള്‍ പ്രണയത്തി
ന്‍റെ പൊതിയായി വളരും. പിന്നെപ്പിന്നെ അവളുടെ പൊതിച്ചോറുകള്‍ക്ക് രണ്ടു ഹൃദയങ്ങളുടെ വലിപ്പം വയ്ക്കും.അമ്മയോടു പറഞ്ഞ നുണ അവന് ഇഷ്ടമുള്ള വിഭവമായി ചോറിനുള്ളില്‍ 

ഒളിച്ചിരിക്കും. ഒരു മരച്ചോട്ടില്‍ ആദ്യമായി ഒന്നിച്ചിരുന്നുണ്ട ദിവസമാണ് കന്നിസ്​പര്‍ശനത്തിന്‍റെ സുഖമറിഞ്ഞതും. ചോറും കറിയും പുരണ്ട പത്തു വിരലുകള്‍ ചേര്‍ന്നുള്ള ചുംബനം.ജീവിതം റയില്‍പ്പാളങ്ങള്‍ പോലെ നീണ്ടപ്പോള്‍ പൊതിച്ചോര്‍ പിന്നെയും വളര്‍ന്നു. അണുകുടുംബങ്ങളുടെ അന്നമായി അതിന്നും പരശുവിലും വേണാടിലും ചെന്നൈമെയിലിലും യാത്രചെയ്തുകൊണ്ടേയിരിക്കുന്നു. പൊതിച്ചോര്‍ ഇന്നും സ്വന്തം ഗന്ധത്തോടെ ബാക്കി നില്‍ക്കുന്നത് തീവണ്ടിക്കൂപ്പേകളില്‍ മാത്രമാണ്.

രുചികളുടെ ജുഗല്‍ബന്ദിയാണ് പൊതിച്ചോറി
ന്‍റെ ആസ്വാദ്യത. എരിവിന്‍റെയും പുളിയുടേയും തനിയാവര്‍ത്തനം.തോരനും അച്ചാറും ചമ്മന്തിയുമാണ് കാലങ്ങളായി സാധാരണക്കാരന്‍റെ പൊതിയിലെ പതിവ് പക്കമേളക്കാര്‍. ഇടയ്‌ക്കെപ്പോഴോ വിദേശിയെപ്പോലെ ഓംലെറ്റ് കടന്നുവന്നു.പൊരിച്ച മീന്‍ ആയിരുന്നു ഏറ്റവും വലിയ ആഡംബരം. വെള്ളപ്പൊക്കമുണ്ടാക്കുമെന്നതിനാല്‍ ഒഴിക്കാനുള്ള കറികള്‍ പൊതിച്ചോറില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.അങ്ങനെ സാമ്പാറും പുളിശ്ശേരിയും തൈരുമോരുകളും ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യനെപ്പോലെ ചെറിയപാത്രങ്ങളില്‍ പൊതിച്ചോറിനൊപ്പം സഞ്ചരിച്ചു.

പൊതി തുറക്കുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ചോറി
ന്‍റെ വെളുത്തനിറത്തിനിടയിലെ ചമ്മന്തിയുടെ ചാന്തുപൊട്ടാണ്.മോഹിപ്പിക്കുന്ന നിറച്ചേരുവ. നിവര്‍ത്തി വച്ചതിനുശേഷം ആദ്യം വിഭവങ്ങള്‍ മാറ്റിമാറ്റി വയ്ക്കണം.പിന്നെ ഊണിന് ശ്രുതി ചേര്‍ക്കാന്‍ ഒഴികറിയാകാം.ചേര്‍ത്ത് കുഴച്ച് അച്ചാറില്‍ മുക്കി ആദ്യ ഉരുള.തോരനെ വലിച്ചടുപ്പിച്ച് അടുത്തത്.നനയാത്ത ചോറില്‍ നിന്നൊരുപിടിയെടുത്ത് ചമ്മന്തിയും ചേര്‍ത്തൊരു പങ്ക്. അതിന്‍റെ സ്വാദ് നാവുവിടും മുമ്പേ മീനുണ്ടെങ്കില്‍ പൊളിച്ചെടുത്ത ഒരു കഷ്ണം. ഉള്ളിലെ മുളകിന്‍റെ അരപ്പ് എരിഞ്ഞു തന്നെ കയറണം.

പൊതിച്ചോറി
ന്‍റെ പര്യായമായ പാഥേയം എന്ന വാക്ക് മലയാളികളുടെ നാവിലേക്കുവച്ചുനീട്ടിയത് ഭരതനാണ്.ചിപ്പി എന്ന നടിക്കൊപ്പം പരിചയപ്പെട്ട പദം. ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ് എന്നായിരുന്നു ആ സിനിമയുടെ പരസ്യ വാചകം.

ഓരോ പൊതിച്ചോര്‍ കഴിക്കാനെടുക്കുമ്പോഴും നമ്മള്‍ വീട്ടിലുള്ളവരെ ഓര്‍ക്കുന്നു. അതിനുള്ളില്‍ ആരുടെയൊക്കയോ നിശ്വാസങ്ങളുണ്ട്.
അടുക്കളയിലെ അമ്മ, വാതില്‍പ്പിറകിലെ പെങ്ങള്‍, അന്തിക്ക് രാമനാമം ജപിക്കുന്ന മുത്തശ്ശി, അന്തിവെയിലില്‍ വാടിയെത്തുന്ന അച്ഛന്‍....

പാഥേയങ്ങള്‍ അവരൊക്കെത്തന്നെയാണ്....
കാലം മാറി, ജീവിത രീതികളും മാറി. ഇന്നു ആടംരത്തിന്‍റെ മേമ്പോടിയുമായി ഫാസ്റ്റ് ഫുട്ടും , KFC യും ഒക്കെ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി. ഇനിയൊരിക്കലും തിരികെ കിട്ടാത്ത; പഴമയില്‍ കുതിര്‍ന്ന, സ്നേഹത്തിന്‍റെ ഈര്‍പ്പമുള്ള ആ പൊതിച്ചോറിനു പകരമാവില്ല ഒന്നും.... ഒരിക്കലും...

November 1, 2009

കല്യാണ സദ്യ

ലീവിനു നാട്ടിലെത്തി കുറച്ചുനാളായി.
വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക
എന്ന മോഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം.
ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത്.

നഗരത്തിലെ വലിയ വിവാഹ മണ്ഡപം, ഞാന്‍ വധുവിന്റെ ആളാണ്.
അതിനാല്‍ നേരിട്ട് വിവാഹത്തിനെത്തിയാല്‍ മതി.
മുഹൂര്‍ത്തം പത്തുമണിക്ക് കൃത്യം പത്തുമണിക്കു തന്നെ ഹാള്‍ നിറഞ്ഞു,
ആഘോഷ സമ്മൃദ്ധമായ വിവാഹം.ചെണ്ട, നാദസ്വരം പൂക്കള്‍ കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില്‍
അങ്ങനെ ചെറുക്കന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി.ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.
പെട്ടന്നതാ സീറ്റില്‍ നിന്ന് ആളുകള്‍ എണീക്കുന്നു, പിന്നെ തിരക്കോട് തിരക്ക്
ആളുകള്‍ ഹാളില്‍ നിന്ന് പുറത്തുകടക്കുവാന്‍ ശ്രമിക്കുകയാ‍ണ്
സിനിമ കഴിഞ് തിയേറ്ററില്‍ നിന്ന് പുറത്തുപോകുന്നതുപോലെ
തിക്കും തിരക്കുമാണെങ്കില്‍ സഹിക്കാം, പക്ഷെ ഉന്തും തള്ളുമാണെങ്കിലോ..?
അടുത്തിരിക്കുന്ന പരിചയക്കാരന്‍ പറഞ്ഞു; എന്തുകാണാനാ ഇരിക്കുന്നേ..?? എണീക്ക്
ഞാന്‍ പിന്നെ അമാന്തിച്ചില്ല, നാടോടുമ്പോള്‍ നടുവെഓടുക എന്നതല്ലെ പ്രമാണം
ഞാനും കൂട്ടത്തില്‍ കൂടി. നടക്കേണ്ടി വന്നില്ല
ഉന്തിനിടയില്‍ അല്ല ആ ഒഴുക്കിനിടയില്‍ ഞാന്‍ എങ്ങനെയോ ഹാളിനു പുറത്തെത്തി.

ഞാന്‍ പിന്‍‌തിരിഞുനോക്കി, വധൂവരന്മാര്‍ അപ്പോഴും വലം വെച്ചുകഴിഞ്ഞിട്ടില്ല
ഞാനടങ്ങുന്ന ജനസമുദ്രം എവിടേക്കോ എത്തി
മറ്റൊരു ഹാളിനു മുന്നില്‍ അത് ഭക്ഷണഹാളാണെന്ന് എഴുതിവെച്ചിട്ടുണ്ട്
അതിന്റെ മുന്നില്‍ ഷട്ടര്‍ ഇട്ടിരിക്കുന്നു. അതിനെ മുന്നില്‍ ജനക്കൂട്ടം അക്ഷമയോടെ കാത്തുനിന്നു.
പടക്കുമുന്നില്‍ പന്തിക്കുമുന്നില്‍ ആരോ ഒരു പഴഞ്ചൊല്ലു പറഞ്ഞു
പെട്ടെന്ന് ഹാളിന്റെ കമാനം തുറന്നു. ജനം അക്രമാസക്തമായി ഹാളിലേക്ക് ഇരമ്പിക്കയറി
ഊണുകഴിക്കാനായി സീറ്റു പിടിക്കാനുള്ള ലഹളമയം, കുട്ടിക്കാലത്തെ കസേരകളി എനിക്ക് ഓര്‍മ്മവന്നു
അതുപോലെ ഒരു കസേര കളി.സീറ്റുകിട്ടിയാല്‍ ഉണ്ണാമെന്ന് അര്‍ഥം.
കുറേ പേര്‍ക്ക് സീറ്റുകിട്ടിയില്ല.അവര്‍ പുറത്തു പോകേണ്ടി വന്നു.അല്ല അവരെ പുറത്താക്കി എന്നു പറയാം
സദ്യ മോശമല്ലായിരുന്നു.പക്ഷെ കറിയോക്കെ വിളമ്പുന്നത് കുറേശ്ശെ
എന്താ ഇത് എന്ന് അയല്‍ മേശയിലിരിക്കുന്ന ആളോട് ചോദിച്ചപ്പോള്‍..
അയാള്‍ പറഞ്ഞു
ചിലപ്പോള്‍ .. ഇലക്കാവും കാശ്
അതുകൊണ്ട് എല്ലാം ചോദിച്ച് വാങ്ങണം
പിന്നെ അമാന്തിച്ചില്ല കുറച്ച് കറി വിളമ്പുന്നവനോട്
കുറച്ചുകൂടി എന്നു പറയാന്‍ വിഷമമുണ്ടായിരുന്നില്ല
രണ്ടുതരം പായസം കൂട്ടി ഊണുകഴിച്ചു
പാല്‍ പായസം, ഗോതമ്പുപായസം
പ്രഥമന്‍ അതായത് അടപ്രഥമന്‍ അസാനിദ്ധ്യം കൊണ്ട് എന്റെ മുന്നില്‍ ശ്രദ്ധേയനായി.
പായസത്തിനു ശേഷം മോരുകൂട്ടി ചോറ് കുഴച്ച് അച്ചാറ് തൊട്ടുനക്കി മൂന്നാലു ഉരുള കഴിച്ചു
അപ്പുറത്തെ മേശയിലെ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികള്‍ ഞാന്‍ ഈ കര്‍ത്തവ്യം(പായസത്തിനു ശേഷം മോരും അച്ചാറും കൂട്ടിയുള്ള ഊണ് കഴിക്കുന്നതു കണ്ടപ്പോള്‍) ചെയ്യുന്നതു കണ്ടപ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നു
പിന്നെ അന്യോന്യം ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചു.ഞാന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല
നിങ്ങളൊക്കെ ഇനി എന്തൊക്കെ കാണുവാന്‍ ഇരിക്കുന്നു കുഞ്ഞിമക്കളെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഊണുകഴിഞ്ഞു കൈകഴുകി പുറത്തു കടക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതാ ഒരു പ്ലേറ്റില്‍ പഴം
ങേ, എന്താ ഇത് ഇലയില്‍ വിളമ്പാത്തത് ? ഞാന്‍ അല്‍ഭുതപ്പെട്ടു.
എന്റെ ആത്മഗതം ഉച്ചത്തിലായതുകൊണ്ടാകാം അടുത്തുനിന്ന പരിചയക്കാരന്‍ പറഞ്ഞു
ഇപ്പോ ഇങ്ങനെയാ അല്ലെങ്കില്‍ നഷ്ടമാ കച്ചോടം. പലരും പഴം കഴിക്കില്ല; വെറുതെ വേസ്റ്റാകും
ഇപ്പോഴത്തെ പിള്ളേര്‍ തീരെ പഴം കഴിക്കില്ല
ഹോ, എന്താ ഈ കേക്ക്ണേ...??
എനിക്ക് പണ്ടത്തെ കാര്യം ഓര്‍മ്മവന്നു
സദ്യക്കുപോയതും ചാണകം മെഴുകിയ തറയില്‍ പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്‍ക്കരവരട്ടിയും പഴവും ട്രൌസറിന്റെ പോക്കിറ്റില്‍ അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീ‍ട്ടില്‍ ചെന്ന് അനിയത്തിക്കു കൊടുത്തപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം. ആ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള സന്തോഷം അതില്‍ നിന്ന് ഒരു ശര്‍ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും

ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?
ഇതൊക്കെ ഇവര്‍ക്ക് പറഞ്ഞുകൊടുത്താല്‍ മനസ്സിലാകുമോ
ഇതൊക്കെ അനുഭവിച്ചല്ലേ അറിയുവാന്‍ പറ്റൂ. തിരിച്ച് വിവാഹ ഹാളിലെത്തി
ആരും തന്നെ അവിടെ ഇല്ല. പുറത്ത് ഗാര്‍ഡനില്‍ വരനും വധുവും സിനിമാ സ്റ്റൈലില്‍ വീഡിയോക്ക് പോസ് ചെയ്യുന്നു.
അവര്‍ ചിരപരിചിതരെപ്പോലെ നൂറ്റാണ്ടുകളായി പരിചയമുള്ളവരെപ്പോലെ
അല്ല , തെറ്റിപ്പോയി ; ജന്മാന്തരങ്ങളായി പരിചയമുള്ള വരെ പ്പോലെ പെരുമാറുന്നു
ഞാന്‍ വീണ്ടും ആത്മഗതം ചെയ്തു
ഇവര്‍ മുമ്പേ തന്നെ പരിചയക്കരെന്നു തോന്നുന്നു ആത്മഗതം ഉറക്കെ ആയി
പരിചയക്കാരന്‍ തൊട്ടടുത്തുനിന്ന് മറുപടി പറഞ്ഞു, അത് ഫോണിലാ...
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ നിന്നു,അയാള്‍ കൂടുതല്‍ വിശദീകരിച്ചു
അതായത് , നിശ്ചയത്തിനുശേഷം പയ്യന്‍സ് മൊബൈല്‍ ഫോണ്‍ പെണ്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുന്നു; ഇഷ്ടം പോലെ.

ടോക്ക് ടൈമും !!!
ഞാന്‍ ഇക്കാര്യത്തില്‍ എന്റേതുമായി താരതമ്യം വേണ്ടെന്നു വെച്ചു, അത് ശരിയാവില്ല.
നോക്കിയപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു
എല്ലാരും പോകുന്നു, ഞാനും വീട്ടിലേക്കു പോയി.
വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു
പെണ്‍‌കുട്ടിയെങ്ങെനെ?
എനിക്ക് ഉത്തരം പറയാന്‍ കഴിഞില്ല.
അവള്‍ വീണ്ടും സ്പെസിഫിക്കായി ചോദിച്ചു
സ്വര്‍ണ്ണമൊക്കെ ധാരാളമുണ്ടോ ?
അതിനും ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല
അല്ലാ അതിപ്പോ , ഇതിപ്പോ എന്ന മട്ടിലായി ഞാന്‍
വല്ല പരിചയക്കാരേം കണ്ട് വര്‍ത്തമാനം പറഞ്ഞ് നിന്നീട്ടുണ്ടാകും അല്ലേ
അവള്‍ കാരണവും കണ്ടു പിടിച്ചു
‘ങാ , ഞാന്‍ അതേ എന്ന് ചൊല്ലി...

October 14, 2009

ആദ്യ അക്ഷരം

മനസ്സ് ഒരു സ്ലേറ്റ് പോലെയാണ്.കാലം മഷിപ്പച്ച കണക്കെയും. അങ്ങിനെ നോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്.മാഞ്ഞുപോകുമ്പോഴും ഒരു നനവ് ബാക്കിനില്‍ക്കും.മനസ്സിനെ സ്ലേറ്റെന്നുവിളിക്കാന്‍ മറ്റൊന്നുകൂടിയുണ്ട്. ഓര്‍മ്മകളുടെ അക്ഷരമാല നെഞ്ചോടുചേര്‍ത്തു പിടിച്ച ഒരു സ്ലേറ്റില്‍ നിന്ന് തുടങ്ങുന്നു. എല്ലാ അറിവുകളും അതില്‍ ആരംഭിച്ചു.തടി കൊണ്ടുള്ള ചതുരക്കുപ്പായമിട്ട കറുമ്പന്‍ കൂട്ടുകാരനായിരുന്നു സ്ലേറ്റ്.'ഇവിടെ എഴുതിവളരൂ'എന്നു പറഞ്ഞ് ചങ്കുകാട്ടിത്തന്ന ചങ്ങാതി.അവനായിരുന്നു ആദ്യ സഹപാഠിയും.സ്ലേറ്റിന്‍റെ ചട്ടയില്‍ ചെറിയ തകരക്കഷ്ണങ്ങള്‍ മുള്ളാണികള്‍ കൊണ്ട് ബട്ടണുകള്‍ പോലെ തുന്നിവച്ചിട്ടുണ്ടാകും. അതുപയോഗിച്ച് ഇടയ്ക്കിടെ സ്ലേറ്റ് കളിയായി നുള്ളിനോവിക്കുകയും ചെയ്തു.

സ്ലേറ്റില്‍ ആദ്യം തെളിഞ്ഞ അക്ഷരം 'അ' ആയിരുന്നു.'അ' ആനയെപ്പോലെ തോന്നിച്ചിരുന്നു അന്ന്.അതുകൊണ്ടുതന്നെ 'അ' എഴുതുകയായിരുന്നില്ല.പകരം വരച്ചു.വിരലിന് വഴികാട്ടാന്‍ ആരെങ്കിലും ചാരെ കാണും.കല്ലുപെന്‍സില്‍ കൊണ്ട് ആദ്യമായി സ്ലേറ്റിലെഴുതുമ്പോള്‍ ഒരു കൈപ്പടത്തിന്‍റെ കരുതല്‍ വിരലുകളെ പൊതിഞ്ഞുനിന്നു.ഒടുവില്‍ തനിയെ സ്ലേറ്റില്‍ പിച്ച വച്ചു കഴിയുമ്പോള്‍ അരികെ അമ്മയെങ്കില്‍ ഒരുമ്മ.അച്ഛന്‍ തരുന്നത് തോളിലൊരു തലോടല്‍.അപ്പൂപ്പന്‍റെ സമ്മാനം വലിയൊരു ചിരിയായിരുന്നു.സ്ലേറ്റിന്‍റെ കവിളിലപ്പോള്‍ മുറുക്കാന്‍ തരികള്‍ പൊട്ടിടും.

'അ' കഴിഞ്ഞാല്‍ 'മ്മ'.അതെഴുതുമ്പോള്‍ വലിയൊരു മല കയറിയിറങ്ങുന്നതുപോലെ തോന്നും. മടിയുടെ കിതപ്പ്.'വലിയ ആളാകണ്ടേ' എന്ന വാക്കില്‍ ചിണുങ്ങല്‍ മതിയാക്കി വീണ്ടും മലകയറ്റം. അങ്ങനെ ആദ്യമായി എഴുതിയ വാക്ക് 'അമ്മ' എന്നായി. അതുകാണ്‍കെ എല്ലാ ക്ഷീണവും പറന്നുപോയി.വാത്സല്യം ചുരത്തിനിന്ന രണ്ടക്ഷരങ്ങള്‍.

വാലുള്ള 'അ' ആയിരുന്നു 'ആ'. അങ്ങനെ പറഞ്ഞുതന്നതും അക്ഷരം പഠിപ്പിച്ചവര്‍ തന്നെ.പക്ഷേ എഴുതുമ്പോള്‍ വാലിനേക്കാള്‍ ഒരു തുമ്പിക്കൈ നീണ്ടുവരുന്ന തോന്നലായിരുന്നു. സ്ലേറ്റിലെ ആദ്യത്തെ വാക്കിന് അമ്മിഞ്ഞമധുരമായിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ കുട്ടിക്കാലത്തെ ഏറ്റവും വലിയ കൗതുകം നെറ്റിപ്പട്ടം കെട്ടിനിന്നു.'ആന' എന്ന വാക്ക് പൂര്‍ത്തിയാകുമ്പോള്‍ വല്ലാത്തൊരു തലയെടുപ്പായിരുന്നു ആ അക്ഷരങ്ങള്‍ക്കും കുഞ്ഞുമനസ്സിനും.

സ്ലേറ്റിലെ ആദ്യാക്ഷരങ്ങളില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിതുടങ്ങുന്നു. വളഞ്ഞുപുളഞ്ഞും കയറിയിറങ്ങിയുമുള്ള നാട്ടുപാതകള്‍.അതു ജീവിതയാത്രയുടെ ആരംഭം കൂടിയായിരുന്നു.ആദ്യമായി സ്‌കൂളിലേക്കുപോയ ദിവസത്തിന് കണ്ണീര്‍മഴയുടെ തണുപ്പാണ്. ഇടവ പാതി മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഒരു നനുത്ത ഓര്‍മ; ഒന്നുകില്‍ മാനം അല്ലെങ്കില്‍ മനം.....കരഞ്ഞു.

കൊതിപ്പിക്കുന്ന പലതും കാട്ടി സ്‌കൂളിലേക്കുള്ള വഴി പിന്നെ മാടിവിളിച്ചു.അത്ഭുതങ്ങള്‍ ഒളിച്ചിരുന്ന ഒറ്റയടിപ്പാതകള്‍.അതിന്‍റെ അരികുകളിലെ വേലിപ്പത്തലുകളില്‍ കട്ടുപറിക്കാന്‍ മാത്രമായി കണ്ണാന്തളികള്‍ വിടര്‍ന്നുനിന്നു.കൈ നീട്ടുമ്പോള്‍ ഇടയ്ക്ക് ഓന്തുകള്‍ നാവുനീട്ടി പേടിപ്പിച്ചു.പൊന്തകള്‍ക്കിടയില്‍ നിന്ന് 'ശൂ..ശൂ..'എന്ന ശബ്ദം വരുമ്പോള്‍ പേടിക്കണമെന്നാണ് നിര്‍ദ്ദേശം.പാമ്പിന്‍റെ വിളിയാണ്.അപ്പോള്‍ നടത്തം നെഞ്ചിടിപ്പോടെയാകും .

ഒറ്റയ്ക്കായിരുന്നില്ല. ഓര്‍ത്തുനോക്കുക;അന്ന് കൂടെയുണ്ടായിരുന്നവരെക്കുറിച്ച്. അവരൊക്കെയിപ്പോള്‍ ഏതേതു വഴികളിലൂടെയാണ് നടക്കുന്നുണ്ടാകുക.ഒപ്പം ഒരുപാടുപേരുണ്ടായിരുന്നെങ്കിലും കൂടുതലിഷ്ടം ഒരാളോടാകും.യാത്രയില്‍ എന്തിന്റെയും പാതിയവകാശി.വഴിയരികില്‍ മൂര്‍ച്ചയേറിയ നാവുള്ള ചില പുല്ലുകളുണ്ട്.കളിച്ചും ചിരിച്ചും കണ്ണുപൊത്തിയും നീങ്ങുമ്പോള്‍ അവ കുശുമ്പോടെ കാലില്‍ ഉരസും.നീറ്റലോടെ നിലവിളിക്കവെ തുപ്പലുപുരട്ടി തന്നിരുന്നതും ഏറ്റവും അരികെയുണ്ടായിരുന്നയാള്‍ തന്നെ.സ്‌കൂളിലേക്കുള്ള വഴിയിലെ പൂവുകളും പൂമ്പാറ്റകളും പിന്നെ നിധിപോലെ സൂക്ഷിച്ചുവച്ച കല്ലുപെന്‍സിലുകളും ആ സ്‌നേഹത്തിനുള്ളതായിരുന്നു.പകര്‍ന്നു കൊടുത്തിരുന്നത് കിനാവുകള്‍ കൂടിയായിരുന്നു.


മാമ്പഴക്കാലത്താണ് വഴിക്ക് ഏറ്റവും മധുരം.കണ്ണിമാങ്ങാചുന പുരണ്ട കാറ്റില്‍ മാവുകളിലേക്ക് കല്ലുകള്‍ മത്സരിച്ച് പറന്നു.കുപ്പായത്തില്‍ കറകള്‍ ഭൂപടങ്ങള്‍ വരച്ചു.

സ്ലേറ്റപ്പോള്‍ പുസ്തകസഞ്ചിയിലായിരിക്കും.സഞ്ചിയില്ലാത്തവര്‍ പുസ്തകങ്ങള്‍ക്കൊപ്പം കറുത്ത റബ്ബര്‍ കൊണ്ട് സ്ലേറ്റിന് അരഞ്ഞാണമിട്ടു. സ്‌കൂള്‍കാലത്തിന്റെ ഏറ്റവും ഇലാസ്തികതയേറിയ ഓര്‍മ്മകളിലൊന്ന് ഈ റബ്ബര്‍ ആണ്.ബഞ്ചുകളില്‍ കാഷ്ഠിക്കുന്ന സ്‌കൂള്‍മച്ചിലെപ്രാവുകള്‍ക്കുനേരെ തൊടുത്ത തെറ്റാലിയുടെ ഞാണ്‍ .കയ്യിലും കഴുത്തിലുമണിഞ്ഞ കളിയാഭരണം.
മഴക്കാലത്ത് ചേമ്പിലകള്‍ക്കൊപ്പം സ്ലേറ്റൊരു കുടയാകും.ചാറ്റല്‍മഴയിലൂടെ സ്ലേറ്റ് ചൂടിയോടുമ്പോള്‍ ഗൃഹപാഠമായ 'പറ' യും 'പന' യും വഴിലെവിടെയോ ഒലിച്ചുപോകും.


സ്ലേറ്റിന്‍റെ കവിളുകള്‍ എപ്പോഴും കൊതിച്ചത് മഷിപ്പച്ചയുടെ മുത്തമാണ്.മഷിപ്പച്ച തൊടുമ്പോള്‍ സ്ലേറ്റില്‍ നിന്ന് എന്തും മാഞ്ഞുപോകുമായിരുന്നു. നാലുമണിക്ക് ശേഷം മഷിപ്പച്ചകള്‍ ഉറക്കം നടിച്ച്കിടക്കും. സ്‌കൂള്‍വിട്ടുവരുന്നവര്‍ തൊടിയിലേക്കിറങ്ങുന്നത് അപ്പോഴാണ്. നുള്ളിയെടുക്കുമ്പോഴത്തെ വേദന മറന്നുപോകാനായിരിക്കണം മഷിപ്പച്ചകളെ കഴുകിയെടുത്തിരുന്നത്.ആഫ്രിക്കന്‍പായലുകള്‍ക്കടിയില്‍ വാലുപോലെ വെള്ളത്തിലൊളിച്ചുകിടന്ന നീളന്‍തണ്ടുകളായിരുന്നു മറ്റൊന്ന്.കുളത്തില്‍ ഏറ്റവും വലിയ തണ്ടിനുവേണ്ടിയാകും അന്വേഷണം.അവ നാളേക്കായി സ്ലേറ്റിനൊപ്പം സൂക്ഷിച്ചുവയ്ക്കുന്ന വമ്പിന്‍റെ അടയാളം കൂടിയായിരുന്നു. സ്ലേറ്റ്തുടയ്ക്കാന്‍ ഓരോ നാടിനുമുണ്ടായിരുന്നു ഇങ്ങനെ പലതരം ചെപ്പടിവിദ്യകള്‍. ഏതു തെറ്റും എളുപ്പത്തില്‍ മായ്ച്ചു കളയാമെന്ന കള്ളം ആദ്യമായി പഠിപ്പിച്ചു തന്നവ.

വര്‍ഷമെത്ര കഴിഞ്ഞാലും മുന്നിലൂടെ പോകുമ്പോള്‍ പള്ളിക്കൂടങ്ങള്‍ അകത്തേക്ക് വിളിക്കും.ഓടിക്കളിച്ച മുറ്റവും ഒച്ചവച്ച ക്ലാസ്സുകളും കാണ്‍കെ അനുഭവിക്കുന്ന വികാരത്തിന് പേരില്ല.
മനസ്സപ്പോള്‍ ചോദിക്കും.....
ആ ബെഞ്ച് ഇപ്പോഴും ഉണ്ടാകുമോ.. ??

അപ്പൂപ്പന്‍ താടികള്‍

പറന്നു നടക്കുമ്പോള്‍ വെളുത്ത പൂമ്പാറ്റകളാണെന്നുതോന്നും. മുഖത്തുവന്നണയവേ അമ്മയുടെ പഞ്ഞികൊണ്ടുള്ള ഉമ്മപോലെ. ഉള്ളം കൈയില്‍നിന്ന് ഉയര്‍ന്നുയര്‍ന്ന് കണ്ണെത്താത്ത ദൂരത്തേക്ക് പോയ്മറയുന്ന ഒരു തുണ്ട്. ചിറകില്ലാതെ പറക്കുന്ന ചന്തം. ആരെയും മയക്കിയിരുന്ന അപ്പൂപ്പന്‍താടികള്‍.
ഒരു മരത്തിന്റെ വിത്തിനെ വിരല്‍ത്തുമ്പില്‍ ഭദ്രമായി കൊരുത്തുപിടിച്ച വെളുത്തനാരുകള്‍ കണ്ടിട്ട് ''അപ്പൂപ്പന്‍റെ താടിപോലെയുണ്ടെന്ന്'' ആദ്യമായി പറഞ്ഞ ഭാവന അപാരതയുടെ ആകാശത്തേക്കാണ് പറന്നുപോയത്. മലയാളത്തിലെ ഏറ്റവും വെണ്മയേറിയ ഉപമയാണത്. ഒരുപാടൊരുപാട് അപ്പൂപ്പന്‍താടികള്‍ ഒരുമിച്ച് പറന്ന സന്ധ്യയില്‍. സ്‌കൂളിലേക്കുള്ള ഇടവഴിയില്‍.... വയല്‍വരമ്പിലൂടെ ഓടിക്കളിച്ചപ്പോള്‍..... ഇതിലേതെങ്കിലും ഒരു നിമിഷത്തില്‍ ഒരു കുഞ്ഞുനാവില്‍നിന്നായിരിക്കാം ആ പേര് വന്നത്. കള്ളമില്ലാത്ത മനസ്സിന്‍റെ വെള്ളനിറം മുഴുവന്‍ നിറഞ്ഞുണ്ടായ ഒരു പേര്.

കളിക്കൂട്ടുകാരിയോടൊപ്പം പറത്തുമ്പോഴായിരുന്നു അപ്പൂപ്പന്‍ താടികള്‍ക്ക് ഏറ്റവും ഭംഗി. മത്സരിച്ചൂതുമ്പോള്‍ കാറ്റിന്‍റെ കൈപിടിച്ച് നൃത്തംവെക്കുന്ന വെളുത്ത പൂക്കള്‍. വായുവിലൊരു തുമ്പപ്പൂക്കളം. കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ ഉയര്‍ന്നു ചാടണം. ശീല്‍ക്കാരങ്ങളില്‍ അപ്പൂപ്പന്‍താടികള്‍ തുടുത്തുവരും. അതില്‍ ചിലത് ഇലകളുടെ തുമ്പത്ത് ചെന്നുപറ്റും. പൊടുന്നനേ പൂചൂടിയ ചെടികള്‍. ചിലപ്പോള്‍ കാറ്റിന്‍റെ കുസൃതിയില്‍, അവളുടെ പിന്നിയിട്ട മുടിയില്‍ വന്നിരിക്കും ഒന്ന്. പിടിക്കാന്‍ ചെല്ലുമ്പോള്‍ റിബണുകള്‍ക്കിടയില്‍ ഒളിക്കും. ഒരു കുടന്ന അപ്പൂപ്പന്‍താടികള്‍ മുഖത്തേയ്ക്ക് ഊതിവിടുമ്പോള്‍ ആ വെളുത്ത അരിപ്പല്ലുകള്‍ക്കിടയില്‍നിന്നൊരു ചിരിപറക്കും.

കുട്ടിക്കാലത്തിലൂടെ ഇങ്ങനെ ഒത്തിരി കൗതുകങ്ങള്‍ ഒഴുകിനടന്നിരുന്നു. മനസ്സിനെ ഇന്നും മോഹിപ്പിക്കുന്ന ചിലത്. മാനം കാണാതെ ഒളിപ്പിച്ചുവെച്ചിരുന്ന മയില്‍പ്പീലിക്കനവുകള്‍. അവയ്ക്കായി ആരോടൊക്കെയോ മത്സരിച്ചു. തല്ലുകൂടി. പിണങ്ങി. കരച്ചില്‍കേട്ട കളിമുറ്റങ്ങള്‍. വാശിയുടെ നീറ്റലില്‍ ചുവന്ന കവിള്‍ത്തടങ്ങള്‍.

പുതിയകാലം ജെട്രോഫ എന്ന് പേരിട്ട് വിളിക്കുന്നതിനും മുന്‍പ് തെക്കന്മാര്‍ക്കും വടക്കന്മാര്‍ക്കും അത് കടലാവണക്ക് ആയിരുന്നു. അന്നതില്‍ പണം കായ്ച്ചിരുന്നില്ല. പകരം പച്ചത്തണ്ടുകളില്‍ അത്ഭുതത്തിന്‍റെ കുമിളകള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. വേലിപ്പത്തലുകള്‍ക്കിടയിലായിരുന്നു കടലാവണക്കുകള്‍ വളര്‍ന്നിരുന്നത്. കശുമാവുകളിലെറിഞ്ഞ് കൈതളരുമ്പോള്‍.. ഒളിച്ചുകളിയുടെ ഇടവേളകളില്‍ ഒക്കെയായിരിക്കും തണ്ടുപൊട്ടിക്കുക. ഒടിച്ചെടുക്കുമ്പോള്‍ വെളുത്ത കറയൊഴുകും. കടലാവണക്കുകള്‍ വേദനിച്ച് കരയുകയായിരുന്നിരിക്കണം. അതിന്‍റെ സങ്കടം വിരലുകളില്‍ പശപോലെ ഒട്ടി. ചീന്തിയ തണ്ട് രണ്ടായി മുറിയാതെ പിന്നെയുമൊടിക്കുമ്പോള്‍ എട്ടുകാലിവലപോലെയൊന്ന്. അതില്‍ പതിയെ ഊതുമ്പോള്‍ മുന്നിലൊരു ജാലവിദ്യ. ചെമ്മെ പറന്നുപോകുന്ന സോപ്പുകുമിളകള്‍.

വെയിലില്‍ അവ മഴവില്ലുകാട്ടിത്തരും. കാറ്റലകളില്‍ പൊട്ടിത്തകരും മുന്‍പ് നിമിഷങ്ങള്‍മാത്രം ആയുസ്സുള്ള ഏഴഴക്.

കടലാവണക്കിന്‍റെ കറവീണാല്‍ കണ്ണുപൊട്ടുമെന്ന് അമ്മമാര്‍ എപ്പോഴും പറഞ്ഞിരുന്നു. പേടിയുണ്ടെങ്കിലും ഇലത്തണ്ടുകള്‍കൊണ്ടുള്ള ഇന്ദ്രജാലം ഉപേക്ഷിക്കാനാകുമായിരുന്നില്ല. അതുകൊണ്ട് ഊതുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഒടുവില്‍ ഒളികണ്‍നോട്ടങ്ങള്‍. കുമിളകള്‍ അപ്പോള്‍ കളിയാക്കിച്ചിരിച്ചുകൊണ്ട് ഉയര്‍ന്നുയര്‍ന്നു പോകുകയാകും.

അങ്ങനെയൊരുനാള്‍ ബാല്യവും അവയ്‌ക്കൊപ്പം തുമ്പിയായി പറന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. കടലാസു വഞ്ചിയെ എന്നോണം കാലം ഒഴുക്കിക്കൊണ്ടുപോയ നല്ല ദിവസങ്ങള്‍.
ഓര്‍മകളുടെ തീരത്തുണ്ട് ഇപ്പോഴും ആ തോണികള്‍. പഴയ നോട്ടുബുക്കിന്‍റെ താളുകള്‍ കീറിയുണ്ടാക്കിയ കിനാവിന്‍റെ കേവുവള്ളങ്ങള്‍. തോട്ടിറമ്പത്തിരുന്ന് ഒഴുക്കിവിടുമ്പോള്‍ അരികെ ഒരാള്‍കൂടിയുണ്ടാകും. കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളും പേറി അവ ഓളങ്ങളിലാടിയുലഞ്ഞുനീങ്ങി. ഇടയ്ക്ക് മെല്ലെ മെല്ലെ വെള്ളം ഒഴുക്കിവിടുമ്പോള്‍ കാറ്റ്പിടിച്ച പായ്ക്കപ്പല്‍പോലെ ദിശമാറും. കുറുമ്പ് കട്ടുറുമ്പായി നോവിക്കുംനേരം പരസ്​പരം തോണിമറിക്കും. നനഞ്ഞൊട്ടിയ ശരീരവുമായി തോടിന്‍റെ ആഴങ്ങളിലേക്കവ താണുപോകവേ മുഖത്തോടുമുഖം നോക്കി കരയും.

തോണികള്‍ മുങ്ങിപ്പോയപ്പോള്‍ കരഞ്ഞവര്‍ പഴുത്ത പ്ലാവിലകള്‍ വീഴുമ്പോള്‍ പച്ചിലകള്‍ക്കൊപ്പം ചിരിച്ചു മഞ്ഞനിറമുള്ള ഇലകള്‍ പെറുക്കിയെടുക്കാനും മത്സരമായിരുന്നു. കൈയിലടുക്കിയ പ്ലാവിലകളില്‍ മണ്ണ് പറ്റിയിട്ടുണ്ടാകും. തുടച്ചുകളയുമ്പോള്‍ കണ്ണുകളില്‍ കരുതലുണ്ട്; മണ്ണുപോകാനും ആരും തട്ടിപ്പറിക്കാതിരിക്കാനും. ഇലകളില്‍ തിണര്‍ത്തുനില്ക്കുന്ന വയസ്സന്‍ ഞരമ്പുകളിലേക്ക് ഈര്‍ക്കില്‍ ഓരോന്നായിവേണം കുത്തിയിറക്കാന്‍. ഒടുവില്‍ വൃത്തമൊക്കുമ്പോള്‍ ഗമയിലൊരു കിരീടം. രാജാവിന് ശിരസ്സിലേറ്റാനുള്ളത്. തോറ്റവനും ജയിച്ചവനും ഒരുപോലെയിട്ട തൊപ്പികള്‍. പൊന്തക്കാടുകള്‍ക്കിടയില്‍ കള്ളനെ തിരഞ്ഞുനടന്ന പ്ലാവില പോലീസുകാര്‍.

ഇവയെല്ലാം ബാല്യത്തിന്‍റെതുമാത്രമായിരുന്നു. ജീവിതത്തിന്‍റെ മറ്റൊരു ഋതുവിനും തിരികെ തരാനാകാത്തത്. മടങ്ങിവരാതെ മറഞ്ഞുപോയവ. വെറുതെയെന്നറിയുമ്പോഴും വീണ്ടുമൊരു കുട്ടിയാകാന്‍ കൊതിപ്പിക്കുന്ന സൌന്ദര്യങ്ങള്‍ ....

അന്നൊരിക്കല്‍

രിയ്ക്കും അങ്ങനെ ഒരാളെ നീ കണ്ടിരുന്നോ....? ഒരിക്കല്‍ അവനോട് ചോദിച്ചു.ഫോണിനപ്പുറത്തു കേട്ട ചിരിക്ക് മുറുക്കാന്‍റെ ചുവന്ന നിറമായിരുന്നിരിക്കണം. അല്ലെങ്കില്‍ നിറഞ്ഞ മദ്യക്കുപ്പി പോലെ അവന്‍ തുളുമ്പുകയാകണം. മൂക്കാതെ പഴുത്ത പേരയ്ക്കയുടെ നിറമുള്ള കവിളുകള്‍ ഒപ്പം തുള്ളിയിട്ടുമുണ്ടാകും. ജീവിതത്തെ മദ്യത്തില്‍ വാറ്റിയെടുത്ത അവന് പെണ്‍കുട്ടികള്‍ പച്ചവെള്ളമായിരുന്നു.ഒട്ടും ഹരം പകരാത്ത ഒന്ന്. എന്നിട്ടും ഓര്‍ക്കൂട്ട് എന്ന ഓണ്‍ലൈന്‍ കൂട്ടില്‍ ഐഡിയല്‍ മാച്ച് എന്നതിനു നേരെ അവന്‍ എഴുതി വച്ചു.....'അന്നൊരിക്കല്‍ ബസില്‍ കണ്ട പെണ്‍കുട്ടി.'

ഐസ്‌ക്യൂബിനോളം തണുത്ത ഒരു മനസ്സിനെപ്പോലും ഉരുക്കിക്കളഞ്ഞത് ആകര്‍ഷണീയതയുടെ ഏതു രസതന്ത്രം? അതുവരെ രുചിച്ചതിനുമപ്പുറത്തെ ഏതോ ലഹരി അവന് സമ്മാനിച്ച് മണിയൊച്ചയുടെ അവസാനം ഒരു ബസ് സ്‌റ്റോപ്പിലിറങ്ങി അവള്‍ പതുക്കെ നടന്നുപോയിട്ടുണ്ടാകണം. പക്ഷെ അതിനുമുമ്പ് അവന്‍റെ അലസമായ കണ്ണുകളെ ഉണര്‍ത്തിയിരുന്നു ആ പെണ്‍കുട്ടി. ഒന്നും മിണ്ടാതെ ഒറ്റയാനെപ്പോലും ഒറ്റക്കാഴ്ചയാലൊരു കീഴടക്കല്‍.

ജീവിതത്തിലൂടെയുള്ള സഞ്ചാരത്തില്‍ ഇങ്ങനെ ചില അജ്ഞാതരെ നാം കണ്ടുമുട്ടിയിട്ടുണ്ടാകും. മഴത്തുള്ളികള്‍ പറ്റിയ തീവണ്ടിജനാലയ്ക്കരികെ, അല്ലെങ്കില്‍ ബസ്സിന്‍റെ വേഗത്തിനൊപ്പം പുറത്തേയ്ക്ക് പറക്കുന്ന മുടിയിഴകള്‍ ഇടംകൈകൊണ്ടൊതുക്കി ഡ്രൈവറുടെ സീറ്റിനു പിന്നില്‍... , ഉത്സവപ്പറമ്പിലെ തീവെട്ടിവെളിച്ചത്തിലും, വളക്കടത്തിരക്കിലും, അമ്പല ദര്‍ശനത്തിനിടയിലും നിമിഷനേരത്തേയ്ക്ക് മാത്രം തെളിയുന്ന കാഴ്ച. പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും എന്നേയ്ക്കുമായി ഉള്ളില്‍ പതിഞ്ഞ മുഖം.കണ്ണുചിമ്മും നേരംകൊണ്ട് കൊതിപ്പിച്ച് കടന്നുപോയവര്‍.ഭംഗിയുള്ള ചില മിന്നലുകള്‍..

ഇരുട്ടില്‍ പെട്ടെന്നൊരു മിന്നാമിനുങ്ങ് പ്രകാശിക്കും പോലെയാണ് ആള്‍ക്കൂട്ടത്തില്‍ ആ മുഖം തെളിയുക. വായിച്ചുകൊണ്ടിരിയ്ക്കുന്ന പുസ്തകത്തില്‍ നിന്ന് ഇടയ്‌ക്കൊന്ന് തലയുയര്‍ത്തുമ്പോള്‍,ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ ധൃതിയില്‍ ഓടിക്കയറുമ്പോള്‍,ഇടവേളയില്‍ തീയറ്റര്‍വിളക്കുകള്‍ തെളിയുമ്പോള്‍ ഒക്കെയായിരിക്കാം മുന്നിലൊരു മിന്നിമായല്‍.യാത്രകളിലാണ് ഇത്തരം ദൃശ്യാനുഭവങ്ങള്‍ കൂടുതലായുണ്ടാകുക. ഓര്‍ത്തുനോക്കിയാല്‍ പ്ലാറ്റുഫോമുകളിലും, പാളങ്ങളിലും, പായുന്ന ബസ്സിലും പറക്കുന്ന വിമാനത്തിലും ഇങ്ങനെ അടയാളവിളക്കുകളായി കത്തിയത് എത്രയോപേര്‍.

അഴകളവുകള്‍ കൊണ്ടുള്ള മാടിവിളിക്കല്‍ അല്ല ഇത്. മനസ്സിനൊരു വൈദ്യുതാഘാതം. ആദ്യമായി കാണുകയാണെങ്കിലും പോയകാലത്തുനിന്നൊരു ചരട് അങ്ങോട്ടു നീണ്ടുചെല്ലും പോലെ.ആ മുഖം വീണ്ടും വീണ്ടും നോക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. അതു പക്ഷേ ആദ്യദര്‍ശനാനുരാഗമല്ല. ഉറക്കച്ചടവിനെപ്പോലും തുടച്ചു കളയുന്ന ഊര്‍ജ്ജം. അരനാഴികനേരം കൊണ്ടുള്ള ഒരടുപ്പം. പേരറിയാത്ത 'യെന്തോ ഒരിത്'. മിക്കവാറും വീണ്ടും നോക്കുമ്പോഴേക്ക് എങ്ങോ മറഞ്ഞുകാണും. ഒരു പക്ഷേ എന്നേയ്ക്കുമായി. എങ്കിലും പിന്നീടുള്ള യാത്രയില്‍ പിന്നില്‍ നിന്നുള്ള കാറ്റു കണക്കെ അതു വന്ന് തൊട്ടുകൊണ്ടേയിരിക്കും.ഒരു യാത്ര ഓര്‍മ്മിക്കപ്പെടുവാന്‍ വേണ്ടി ഒന്ന്.

ചിലപ്പോള്‍ അല്‍പനേരം കണ്ടിരിക്കാനാകും.അപ്പോള്‍ നിഷേധിക്കപ്പെട്ട കളിപ്പാട്ടത്തിലേക്ക് കുട്ടി വീണ്ടും വീണ്ടും നോക്കും പോലെ കണ്ണുകള്‍ ആ ഭാഗത്തേക്ക് ഇടയ്ക്കിടക്ക് കടന്നു ചെല്ലും. അങ്ങനെയുള്ള നിമിഷങ്ങളിലൊന്നില്‍ നോട്ടങ്ങള്‍ തമ്മില്‍ കണ്ടുമുട്ടും. പൊള്ളിയപോലെ തോന്നും അന്നേരം. ഇത്തരം ഒന്നുരണ്ടു കണ്ണേറുകളാകുമ്പോള്‍ രണ്ടിലൊരാളുടെ നേരമാകും. പിന്നെ അന്ത്യദര്‍ശനം. അകന്നുപോകുമ്പോഴും പരതിക്കൊണ്ടേയിരിക്കും എവിടെ...?എവിടെ...?

കുട്ടിക്കാലത്ത് വിതുര എന്ന കിഴക്കന്‍ ഗ്രാമത്തിലേക്കുള്ള ഒരു യാത്ര ഇന്നും ഓര്‍ക്കാനാകുന്നത് ഒരു ദാവണിച്ചൊല്ലിയാണ്. റബ്ബര്‍പ്പാടങ്ങള്‍ക്കിടയിലൂടെ നീങ്ങുകയായിരുന്നു ബസ്സ്.ഇടയ്‌ക്കൊരു സ്റ്റോപ്പിനെ കടന്നു പോയപ്പോള്‍ ഹാഫ്‌സാരിയുടുത്ത ഒരു മുതിര്‍ന്ന പെണ്‍കുട്ടി. ഒന്നേ കണ്ടുള്ളൂ. പക്ഷേ മധുരങ്ങള്‍ നുണഞ്ഞു നടക്കാന്‍ മാത്രം വളര്‍ച്ചയുള്ള ഒരു മനസ്സിനെ കോലുമിഠായി പോലെ രസിപ്പിച്ചു കളഞ്ഞു ആ ചേച്ചി.പിന്നോട്ടോടി മറഞ്ഞ കാഴ്ചയില്‍ ഉറുമ്പു കടിച്ച നോവ്. തിരിച്ചറിവില്ലാത്ത ഒരു പത്തു വയസ്സുകാരനെ നിമിഷാര്‍ധം കൊണ്ട് പട്ടത്തിലേറ്റിപ്പറത്തിയ കാറ്റിന് എന്താണു പേര്.വയസ്സുകള്‍ പിന്നെയും പലപല ബസ്സുകള്‍ പോലെ ഓടിയിട്ടും ആ സാരിത്തുമ്പ് മറന്നുപോകാത്തത് എന്തുകൊണ്ടാണ്..?

ഇത്തരം കൂടിക്കാഴ്ചകള്‍ പിന്നീടൊരിക്കലും ആവര്‍ത്തിക്കാറില്ല.ഒറ്റത്തവണ മാത്രം കണ്ട ഒരു കൊള്ളിമീന്‍. നഷ്ടബോധമാണ് അതിന്‍റെ പ്രകാശത്തെ എന്നെന്നും ഉള്ളില്‍ നിലനിര്‍ത്തുന്നത്. കണ്ണടച്ചുതുറക്കുന്നതിനകം നമ്മുടെ ആരോ ഒക്കെയോ ആയി മാറിയ പേരറിയാത്ത ഒരാള്‍.

'അന്നൊരിക്കല്‍ ബസ്സില്‍ കണ്ട പെണ്‍കുട്ടി..'എന്ന വരിക്കൊപ്പം അവന്‍ മറ്റൊന്നു കൂടി എഴുതിയിരുന്നു.ആത്മഹത്യയാണ് ഏറ്റവും വലിയ അഭിനിവേശമെന്ന്. അവസാനം ലോഡ്ജ്മുറിയില്‍ അതിനെ പുണര്‍ന്ന നിമിഷത്തിലും അവന്‍റെ മനസ്സിന്‍റെ ഏതെങ്കിലും ഓരത്തുണ്ടായിരുന്നിരിക്കണം....

...അന്നൊരിക്കല്‍ ബസ്സില്‍ കണ്ട ആ പെണ്‍കുട്ടി....

September 10, 2009

ശകടപുരാണം

ഇന്നു KSRTC എന്ന പേര് ഒരു പക്ഷെ അല്പം ആക്ഷേപത്തോടെയാവും നാം ശ്രവിക്കുക. എന്നാല്‍ ഒരുകാലത്ത് നാടിന്‍റെ മുഴുവന്‍ സ്പന്ദനം ആയിരുന്നു ഇവ. അമ്മ കെട്ടിതന്നിരുന്ന ചോറുമായി സൂര്യോദയത്തിനു മുന്‍പ് ആദ്യ ബസ്സ് കിട്ടുവാനായി വീട്ടില്‍ നിന്നും ഇറങ്ങിയോടിയിരുന്ന എന്‍റെ കൌമാരകാലം ഇന്നലെയെന്നവണ്ണം ഓര്‍മയില്‍ തെളിഞ്ഞു വരുന്നു. ക്ലാസ്സില്‍ ഇരിക്കാറില്ല എങ്കിലും അവസാന ബസ്സില്‍ യാത്രക്കാരനായി ഞാന്‍ സ്ഥിരം കാണുമായിരുന്നു.

നാടിന്‍റെ നടുവിലൂടെയോ മാമരങ്ങളെത്തൊട്ട് വളഞ്ഞു പുളഞ്ഞു നീളുന്ന ടാര്‍വഴികളിലൂടെയോ ഓടിവരുന്ന ബസ്സ് വെറുമൊരു ശകടം മാത്രമല്ലായിരുന്നു; നാടിന്‍റെ നാഴികമണി, പലതിലേക്കുമുള്ള പാലം, എല്ലാ വീട്ടിലും പരിചയക്കാരുള്ള വിരുന്നുകാരന്‍, ജീവിത യാത്രയിലെ പങ്കാളി , അങ്ങനെ വ്യത്യസ്ത രൂപഭാവങ്ങള്‍ ബസ്സിന്‍റെ യാത്ര മനസ്സുകളിലൂടെയായിരുന്നു. വാഹനപ്പെരുക്കത്തിനും മുമ്പാണ്. നാട്ടിന്‍പുറത്തിന്‍റെ തായി ഒരു ബസ്സുണ്ടായിരുന്നു. അതായിരുന്നു ആ പ്രദേശത്തിന്‍റെ മുഴുവന്‍ ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലുള്ളതു പോലൊരു പതിവ് ദൃശ്യം. പുലര്‍ച്ചക്കോഴി കൂവുന്നതിനൊപ്പം ആദ്യ ബസ്സുപോകും. കഞ്ഞികുടിക്കാന്‍ കൈകഴുകുമ്പോഴാകും ആ ഇരമ്പല്‍ കേള്‍ക്കുക. അവസാനത്തെ ബസ്സ് വരുന്നു. ബസ്സിന്‍റെ ബെല്ലുകള്‍ക്കൊപ്പം ചലിച്ചിരുന്നു നമ്മള്‍, പണ്ട്. ബസ്സിന്‍റെ സമയമായിരുന്നു നാടിന്‍റെ ഘടികാരം. ആദ്യ ബസ്സുപോകുമ്പോള്‍ ഒരു കോട്ടുവാ വിടരുന്നു. പകലിന്‍റെ മൂരിനിവര്‍ക്കല്‍. നട്ടുച്ചയുടെ ബസ്സ് ചോറ്റുപാത്രങ്ങളെ ഉണര്‍ത്തും. പാടത്തും കടയിലും പണിയെടുക്കുന്ന വീട്ടുകാരനുവേണ്ടി ധൃതിയോടെ പാത്രം തുടച്ചോടുന്ന വീട്ടമ്മമാര്‍ക്കുള്ള അടയാളം. നാലുമണിയുടേത് സ്‌കൂള്‍ വിടാറായി എന്ന ഓര്‍മ്മപ്പെടുത്തലാണ്. അങ്ങളെ പ്ലാവിലക്കുമ്പിളില്‍ വറ്റുകള്‍ നിറയും വരെ ബസ്സ് നമുക്കിടയിലൂടെ ഓടിക്കൊണ്ടേയിരുന്നു.

ബസ്സിന് പല ഭാവങ്ങളുണ്ട്. യാത്രികരില്‍ നിന്ന് പകര്‍ന്നത്. രാവിലെ കുളിച്ചീറനായുള്ള ആദ്യയാത്രയില്‍ അതിന് മുല്ലപ്പൂവി
ന്‍റെയും കാച്ചെണ്ണയുടെയും മണമുണ്ടാകും. നഗരത്തിലേക്ക് പോകുന്നവരുടെ നവോന്മേഷം. അത്തറിലും വാട്ടിയ വാഴയിലയിലും നിന്ന് പരക്കുന്ന കൊതി. തീരദേശങ്ങളില്‍ ബസ്സ് രാവിലെ തന്നെ മത്സ്യഗന്ധിയാകും. കലപിലകള്‍ , കശപിശകള്‍.ഉച്ചയൂണിനൊതുക്കുന്ന വണ്ടിയില്‍നിന്ന് വിയര്‍പ്പൊലിക്കുന്നുണ്ടാകും. പെന്‍ഷന്‍തുകയോ നേന്ത്രക്കുല വിറ്റുകിട്ടുന്ന കാശോ നിറച്ച മടിശ്ശീലകള്‍ കാണാമിതില്‍. മുറുക്കാന്‍ കടയില്‍നിന്ന് മുഷിഞ്ഞനോട്ടാലൊരു നാരങ്ങാവെള്ളം. അല്ലെങ്കിലൊരു മുറുക്കാന്‍. ഉച്ചതിരിഞ്ഞുള്ള വണ്ടിയില്‍ വരുന്നത് വിരുന്നുകാരാകും. അവരെ കാത്തെന്നോണം അടുപ്പുകളില്‍ ചായക്കലങ്ങള്‍ തിളക്കുന്നുണ്ടാകും . ചെളിപുരണ്ട സ്‌കൂള്‍ കുപ്പായങ്ങളെപ്പോലെ ബസ്സപ്പോള്‍ മുഷിയാന്‍ തുടങ്ങിയിരിക്കും.

സന്ധ്യയ്ക്ക് അത് വന്നുനില്‍ക്കുന്നത് ആകുലതകള്‍ക്കുമേല്‍ വെളിച്ചമിട്ടുകൊണ്ടാണ്. തിരക്കോടെ ഇറങ്ങി വീടുതേടി ഓടുന്നവര്‍. ടോര്‍ച്ചുമായി കാത്തുനില്‍ക്കുന്ന അച്ഛനൊപ്പം നീങ്ങുന്ന ഒരു പെണ്‍കുട്ടി. അവസാനത്തെ ബസ്സ് ആടിക്കുഴഞ്ഞായിരിക്കും വരിക. അതില്‍ 'ഴ'കാരത്തിലുള്ള പാട്ടുണ്ടാകും. കപ്പലണ്ടിയുടെ നനുത്ത പുറന്തോടുകളും കീറിയ സിനിമാടിക്കറ്റുകളും വീണുകിടക്കും.അരുമയായിരുന്നു അവള്‍. മിക്കവാറും എല്ലാ ബസ്സുകള്‍ക്കും ഒരു പെണ്‍പേരാകും. പത്മപ്രിയയെന്ന നായിക പ്രശസ്തയാകുന്നതിനും വളരെ മുമ്പ് നാട്ടുവഴികളിലൂടെ അതേപേരില്‍ സുന്ദരിയായ ബസ്സോടിയിരുന്നു. നെറ്റിയില്‍ പേറിയ കാല്‍പ്പനികമായ പിന്നെയുമെത്രയോ നാമങ്ങള്‍. അമ്പിളി, ജ്യോതി, സ്വപ്‌ന തുടങ്ങി ചുരുക്കം അക്ഷരങ്ങളിലൊതുങ്ങിയ ഭംഗി. സ്വന്തം വീട്ടിലെ
പെണ്‍കുട്ടിയോടെന്നപോലെയുള്ള അടുപ്പമായിരുന്നു നാട്ടുകാര്‍ക്ക് ഇവരോടെല്ലാം. ബസ്സുപോയോ എന്ന് ചോദ്യമില്ല. 'അമ്പിളി വന്നോ' എന്നാകും അന്വേഷണം. ഈ ബന്ധം സ്ഥിരം തമാശയായി സ്‌റ്റേജുകളിലേക്കും എത്രയോ സിനിമകളിലേക്കും ഉരുണ്ടുകയറി. പിന്നീട് ബേബി , ചക്കരകുട്ടി, RKV, ഇങ്ങനത്തെ ഓമന പേരുകളായി. ST എന്ന പേരിനോട് ചെറിയൊരു ചതുര്‍ഥി ഉണ്ടെന്നുള്ളതും വാസ്തവം.

ബസ്സുപോലെ തന്നെയായിരുന്നു ബസ്സുകാരും. ഡ്രൈവറും കണ്ടക്ടറും നാടി
ന്‍റെ ബന്ധുക്കളായിരുന്നു. ബസ്സിന്‍റെ അവസാന സ്റ്റോപ്പിലെ ചായക്കടകളായിരിക്കും ഇവരുടെ ഇരിപ്പുകേന്ദ്രങ്ങള്‍. ഇവിടെ അവര്‍ക്ക് പ്രത്യേക സൗജന്യങ്ങളുമുണ്ടാകും. രാവിലെ പാല്‍ അല്പം കൂടുതലൊഴിച്ച ചായ. ഉച്ചയൂണിന് സ്‌നേഹത്തിന്‍റെ എരിവ്. നിരക്കില്‍ ഇളവ്.ഏതെങ്കിലുമൊരു തണലിന്‍റെ തണുപ്പിലായിരിക്കും ബസ്സ് തളര്‍ന്നുകിടക്കുക. അമ്പലത്തിനുമുന്നിലെ അരയാല്‍ ചുവട്ടില്‍. ബസ്സ്‌സ്റ്റോപ്പിലെ വലിയ വാകയുടെ കീഴെ. അതുമല്ലെങ്കില്‍ പാലത്തിനോട് ചേര്‍ന്ന്. രാത്രിയുറക്കവും ഇവിടെയൊക്കെത്തന്നെ. എല്ലാവരുമുറങ്ങുമ്പോള്‍ ഗ്രാമത്തിന്‍റെ സ്വന്തം ബസ്സും ജാലകവിരികള്‍ പുതച്ച് നിശ്ചലമായിക്കിടക്കും. അതുകാണുമ്പോള്‍, 'ഞാനും നിങ്ങളിലൊരാളാണെന്ന്' ബസ്സ് മൗനമായി പറയുംപോലെ തോന്നും. ഊണിലും ഉറക്കത്തിലും അങ്ങനെ ബസ്സ് നമ്മള്‍ക്കൊപ്പമുണ്ടായിരുന്നു.

ജീവിതത്തിലെ അനേകം നിമിഷങ്ങളില്‍ ബസ്സി
ന്‍റെ ഹോണടി നിറഞ്ഞുനില്‍ക്കുന്നു. രാവിലെ ബസ്സുകാത്ത് നില്‍ക്കുമ്പോഴാകും ആദ്യമായിക്കാണുന്നത്. ഒരു നോട്ടത്തില്‍ നിന്ന് പിറക്കുന്ന അനുരാഗം. പിന്നെ ദിവസവും ഒന്നുകാണുവാനായി മാത്രം അതേ സമയത്തെത്തും. അരികിലൂടെ ബസ്സ് വന്നും പോയുമിരിക്കും.പതിയെ പ്രണയം ഉള്ളിലേക്ക് കടക്കും. ടിക്കറ്റിനായി തൊട്ടുവിളിക്കുന്ന കണ്ടക്ടറുടെ കൈതട്ടി പിന്‍ഭാഗത്തുനിന്ന് മുന്നിലെ ആള്‍തിരക്കിലേക്ക് എത്തിവലിഞ്ഞ് നോക്കും. മുന്നിലും പിന്നിലുമായുള്ള നോട്ടങ്ങളിലൂടെ ഇഷ്ടം വളരും. പശ്ചാത്തലത്തില്‍ ബസ്സിന്‍റെ മണിനാദം ഒറ്റയായും ഇരട്ടയായും. വിവാഹപ്പുതുമയില്‍ സിനിമാ കാണാന്‍ പോകുമ്പോള്‍ യാത്ര ഒറ്റസീറ്റിലാകും. ആരെങ്കിലും കവര്‍ന്നാലോ എന്ന പേടിയുള്ളതുപോലെ കൈകൊണ്ട് ചേര്‍ത്തുപിടിച്ച്. ഇങ്ങനെ ബസ്സ് കണ്ട ജീവിതരംഗങ്ങള്‍ എത്രയെത്ര.
ആദ്യമായ് ജോലികിട്ടി നാടുവിട്ടുപോകുമ്പോള്‍ ബസ്സി
ന്‍റെ ഫുട്‌ബോര്‍ഡിനരികെ വീട്ടുകാര്‍ മുഴുവനുമുണ്ടാകും. ബസ്സ് ഒരിക്കലും വിടാതിരുന്നെങ്കില്‍ എന്നാകും അപ്പോഴത്തെ പ്രാര്‍ത്ഥന. ഗിയര്‍ വീഴുമ്പോള്‍ ചങ്കിടിക്കും. ഒടുവില്‍ ബസ്സ് അകന്നുപോകുമ്പോള്‍ വീശിനില്‍ക്കുന്ന കുറെ കൈകള്‍. ബസ്സിന്റെ ഇരിപ്പിടങ്ങള്‍ കണ്ണീര്‍ വീണ് നനഞ്ഞതുമായിരുന്നു.

May 20, 2009

കാലചക്രംഒരു വയസുള്ളപ്പോള്‍ അമ്മയ്ക്കും അച്ഛനും ഇടയിലായി ശൈശവം.
അഞ്ചു വയസുള്ളപ്പോള്‍ സ്ലേറ്റിനും പെന്‍സിലിനും ഇടയിലായി ഒരു ബാല്യകാലം.
പത്തു വയസുള്ളപ്പോള്‍ ഡെസ്കിനും ബെഞ്ചിനും ഇടയിലായി വിദ്യാഭ്യാസ കാലം.
പതിനഞ്ചു വയസുള്ളപ്പോള്‍ ബുക്കിനും പെന്നിനും മദ്ധ്യേ കൌമാര കാലം.
ഇരുപത് വയസുള്ളപ്പോള്‍ ടേബിലിനും ചെയറീനും ഇടയിലായി കലാലയ ജീവിതം.
ഇരുപത്തിയഞ്ചു വയസുള്ളപ്പോള്‍ ഫയലിനും ഫാനിനും ഇടയിലായി ദ്യോദിക ജീവിതം.
മുപ്പതു വയസുള്ളപ്പോള്‍ ഭാര്യക്കും കുട്ടിക്കും ഇടയിലായി കുടുംബ ജീവിതം.
നാല്‍പതു വയസുള്ളപ്പോള്‍ രോഗത്തിനും മരുന്നിനും ഉള്ള അവലംബനം.
അന്‍പതു വയസുള്ളപ്പോള്‍ കഷ്ടത്തിനും നഷ്ടത്തിനും ഇടയിലായി ശിഷ്ടകാലം.
അറുപതു വയസ്സായപ്പോള്‍ മന്നിനടിയിലുമായി.....
അല്ല അപ്പൊ.... ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ ഒരു പുനര്‍ചിന്തനം;
ഞാന്‍ എപ്പോഴാണ് ജീവിച്ചത് ? അത് ഞാന്‍ മറന്നുവോ ...?

April 20, 2009

ഓര്‍മിക്കുക വല്ലപ്പോഴും...പിരിയുമ്പോഴേതോ നനഞ്ഞ കോമ്പില്‍
നിന്നു വീണ രണ്ടിലകള്‍ നമ്മള്‍
ജനലിനപ്പുറം ജീവിതംപോലീ
പകല്‍വെളിച്ചം പൊലിഞ്ഞുപോകുന്നതും
ചിറകുപൊട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നുപോകുന്നതും.???

മരണമെനിക്കെന്നുമൊരു വിസ്മയമായിരുന്നു
അതിനെ തേടി അലഞ്ഞപ്പോള്‍
അതെന്നില്‍ നിന്നകലുകയായിരുന്നു
ഞാന്‍ അതില്‍ നിന്നകന്നപ്പോള്‍
അത് എന്നെ തേടുകയായിരുന്നു.
പക്ഷെ ഞാനതറിഞ്ഞിരുന്നില്ല.
ഇപ്പോള്‍ തിരിച്ചറിയുന്നു
നമ്മള്‍ പരസ്പരം തേടുകയായിരുന്നെന്ന്

മരണത്തിന്‍റെ തണുത്ത കാലമാണ് എന്റെ സ്വപ്നം.
അന്ധനായ വിഷജീവിയെപ്പോലെ
തെറ്റിപ്പോയ വഴികളില്‍ നനഞ്ഞ
ശീല്‍ക്കാരമായി നീ പാട്ടുണര്‍ത്തു.???

ഒരു യാത്രയില്‍ നീയൊരുപാട് നിറങ്ങള്‍ നല്‍കി
അതില്‍ ഒറ്റ നിറത്തിനായി തിരിഞ്ഞു.......
അതിലൊന്നും ഞാന്‍ തേടിയ നിറങ്ങളില്ല....
ഒടുക്കം എനിക്ക് കിട്ടി.............
വെളുപ്പോ,കറുപ്പോ,ചുവപ്പോ ആയിരുന്നില്ല.
വെറും ചാരനിറം മാത്രം...........

മരണത്തിന്റെ തണുപ്പില്‍ കണ്ണുകള്‍
വെയില്‍തേടുമ്പോള്‍ അടര്‍ന്നുപോയ
മൌനം ഞാന്‍ നിനക്കു നല്‍കി.???

ഇനി നിനക്കുറങ്ങാം നിന്‍റെ സ്വപ്നങ്ങള്‍
സായത്തമായെങ്കില്‍ ഇനി നിനക്ക് യാത്രയാവാം,
സ്വര്‍ഗവാതില്‍ നിനക്കായ് തുറന്നെങ്കില്‍ ....

ഇനിയുറങ്ങാം കൂട്ടുകാരി
നമ്മൊരേ സ്വപ്നങ്ങള്‍ കാണണം
ഹൃദയരക്തത്തില്‍ ഞാന്‍
ശ്രുതിചേര്‍ത്ത സാഗരം
നമ്മിലൊരേ കവിതയായി പടരണം.???

അപസ്വരങ്ങള്‍ മാത്രം ഉതിരുന്ന
തന്ത്രികള്‍ പൊട്ടിയ വയലിന്‍
ചിലത് വിളക്കിചേര്‍ക്കാലാകാത്ത വിധം
അകന്നു പോയിരിക്കുന്നു ചിലത് തുരുമ്പെടുത്തിരിക്കുന്നു
പുതിയ രാഗങ്ങളോ ശ്രുതിയോ മീട്ടാനാവില്ല

നിനക്കിനി കൊടുങ്കാറ്റാകാം
കാറ്റിന്റെ കൂരമ്പാകാം
കാട്ടുതീ കത്തും മുഖത്ത്
വിലാപത്തിന്റെ വ്യാകരണമമെഴുതാം.???

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം.....??
ഓര്‍മ്മിക്കണമെന്ന വാക്കുമാത്രം...
നാളെ പ്രതീക്ഷതന്‍ കുങ്കുമപ്പൂവായ്
നാം കടം കൊള്ളുന്നതിത്രമാത്രം....
ഓര്‍മിക്കുക വല്ലപ്പോഴും

സഫലമാകാത്ത പ്രണയമാണ് ഏറ്റവും സുന്ദരമെന്ന് നീ തിരിച്ചറിയുക
===============================================================

March 16, 2009

Here I am sitting - My life


Here I am sitting in my office @ night...
Thinking hard about life
How it changed from a maverick college life to strict professional life......

How tiny pocket money changed to huge monthly paychecks
but then why it gives less happiness....

How a few local denim jeans changed to new branded wardrobe
but then why there are less people to use them

How a single plate of samosa changed to a full Pizza or burger
But then why there is less hunger.....

Here i am sitting in my office @ night...
Thinking hard about life
How it changed.....

How a bike always in reserve changed to bike always on
but then why there are less places to go on......

How a small coffee shop changed to cafe coffee day
but then why its feels like shop is far away.....

How a limited prepaid card changed to postpaid package
but then why there are less calls & more messages......

Here i am sitting in my office @ night...
Thinking hard about life
How it changed.....

How a general class journey changed to Flight journey
But then why there are less vacations for enjoyment....

How an old assembled desktop changed to new branded laptop
but then why there is less time to put it on..........

How a small bunch of friends changed to office mate
But then why we always feel lonely n miss those college frnz.....

Here i am sitting in my office @ night...
Thinking hard about life………………….

ആഗോള മാന്ദ്യം ...!!!

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം
കൊതിക്കാറുണ്ടെന്നും ...........
അതു മുന്പ്‌ ആ കാലം 2008 ഡിസംബറോടെ കഴിഞ്ഞു.
ഇപ്പൊ വീട്ടില്‍ ഫോണ്‍ റിങ്ങു ചെയ്യുമ്പോളേ വീട്ടുകാര്‍ക്ക്‌ ആധിയാണ്‌ .
ജോലി പോകുമെന്നു പറയാനാനോ അതൊ പോയീന്നു പറയാനോ? . ഹോ.... എന്തായിരുന്നു . ദുബായിലെ എണ്ണപ്പെട്ട കമ്പനിയില്‍ ജോലി, സ്വന്തം ഫ്ളാറ്റ്‌ , കാര്‍ , ഷേര്‍ മാര്‍ക്കറ്റില്‍ ഇന്‍ വെസ്റ്റ്മെന്റ് , നാട്ടിലെ NRI അക്കൌണ്ടില്‍ ബാലന്സ്‌ , നാട്ടിലും ദുബായിലുമായി അല്ലറ ചില്ലറ കച്ചവടങ്ങള്‍ , എന്തിനധികം പറയുന്നു രാജ വാഴ്ച അല്ലരുന്നൊ??? അന്നു കല്യാണാലോചനയുമായി ബ്രോക്കറു വന്നപ്പോ Bsc നഴ്സ്‌ പോര ഡോക്ടര്‍ തന്നെ വേണം എന്നു വാശി പിടിച്ചില്ലാരുന്നേല്‍ ഇപ്പൊ നാട്ടില്‍ അവള്‍ടെ അപ്പന്റെ 10 ഏക്കര്‍ റബ്ബറു തോട്ടതിലെങ്കിലും പണി ഉണ്ടാകുമാരുന്നു . ഇനി പറഞ്ഞിട്ടെന്താ , സാമ്പത്തിക മാന്ദ്യം തീരാതെ പെണ്ണു കെട്ടാന്‍ കൂടി പറ്റില്ല .
ഇനി അഥവാ ഇതൊന്നും തീര്‍ന്നില്ലെങ്കില്‍ ഈ ഗള്‍ഫുകാര്‍ എന്നു പറയുന്നത്‌ സിംഹവാലന്‍ കുരങ്ങിനെ പോലെ വംശനാശം വന്നു പോകും .
വര്‍ഷങ്ങള്ക്ക്‌ ശേഷം വീട്ടില്‍ വയ്യാതെ കിടക്കുമ്പോള്‍ , അടുത്തുള്ള സ്കൂളിലെ കുട്ടികള്‍ ഈ അന്ന്യം നിന്നു പോകുന്ന ഗല്‍ഫുകാരനെ കാണാന്‍
കാഴ്ച്ച ബംഗ്ലാവിലെക്കെന്നപോലെ വരുന്ന കാഴ്ച്ച ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ.

February 24, 2009

A.R. Rahman; the legend

“Chinna chinna aasai” the very first song from the movie ROJA that captured the hearts of the Indians and the world saw the rising of a music maestro A.R. Rahman who began his career by composing music jingles for advertisements to reaching the pinnacle of music globally. His music created ripples in our hearts and to prove a point listen to the songs from Lagaan, the sufi song, “Khwaja” from Jodha Akbar and now “Jai Ho” from Slumdog Millionaire.

Today with not One but Two OSCARS….Rahman has proved to the world that “HE IS THE BEST! CONGRATS, AR”

February 23, 2009

I am aloneI am all myself when alone,
I am all to just being me,
Nothing around me seems to bother
Even the world is on the other side;
Peace and tranquility are my comrades
I speak to myself and no one,
In solitude I find myself as I am…..

My worries, my depressions are behind me,
People indifferent to my views miles apart;
My past is behind me,
My future is just about waiting to blossom
I speak to myself and no one
I am all to myself in solitude….

The vagaries of life comes to a grinding halt
And my life comes to a standstill;
My mirror sees only me,
Nothing around me seems to bother
Peace and tranquility are my comrades
I speak to myself and no one,
I am all to myself in solitude….

The hands of the clock freezes
Time ponders over my silence
Walls stand testimony in my solitude
Peace and tranquility is all I share
My past is behind me,
My future is just about waiting to blossom………

കരിങ്കര്‍ക്കിടകംഎപ്പഴോ പെയ്തൊഴിഞ്ഞ മഴ ഈറനണിയിച്ച ആ കര്‍ക്കിടക സന്ധ്യയില്‍ രാമനാമ ജപവും നിറമാലയും കഴിഞ്ഞാളൊഴിഞ്ഞ അമ്പലപറമ്പിലെ കല്‍വിളക്കില്‍ ഒരു തിരി മാത്രം കെടാതെ നില്‍ക്കുന്നു... ആലിലകളില്‍ നാദം ചൊരിഞ്ഞൊഴുകിയെത്തിയ ഇളം കാറ്റത്ത്‌ ഒന്ന്‌ മങ്ങി തെളിഞ്ഞ ആ തിരിനാളങ്ങളേക്കാള്‍ തിളക്കമുണ്ടായിരുന്നു അവളുടെ നക്ഷത്ര കണ്ണുകള്‍ക്ക്‌...

നിലാവിന്‍റെ അഴകും നിത്യം ദേവപാദങ്ങളെ പുണരാന്‍ മാത്രമായി വിരിയുന്ന അമ്പലപറമ്പിലെ നന്ത്യാര്‍വട്ട പൂക്കളുടെ പുണ്യവും ഉള്ളവള്‍ ....

ഹൊ!!! ആ കുട്ട്യേ സമ്മതിക്കണം... ഒരൊറ്റ നോട്ടതില്‍ എന്നെ കൊണ്ട്‌ ഇത്രയൊക്കെ എഴുതിച്ചില്യേ... അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ടെ കാര്യൊക്കെ ഇങ്ങന്യാ... ഒരു നോട്ടം... ഒരു ചിരി... അവരുടെ ഉത്തരവാദിത്തം കഴിഞ്ഞു... പിന്നെ നമുക്കാണു ടെന്‍ഷന്‍ മുഴുവന്‍ ...
ഈ കുട്ടി ഏതാ... എവിടത്ത്യാ... എന്നൊക്കെ അന്വേഷിച്ചു കണ്ട്‌ പിടിക്കണം... ആ എന്തു ചെയ്യാം ഞാന്‍ ഉത്തരവാദിത്തത്തില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ താല്‍പ്പര്യമില്യാത്ത ഒരാളായി പോയി... ഇനി നാളെ തന്നെ അന്വേഷിച്ചിറങ്ങണം...

കുട്ടാ... നീ ഈ രാത്രി ആല്‍ത്തറേല്‌ എന്ത്‌ ചെയ്യാ... വന്ന്‌ ഊണ്‌ കഴിക്ക്‌...

ആ ദേ അമ്മ വിളിക്കണു... എന്‍റെ അടുത്ത ഉത്തരവാദിത്തത്തിനുള്ള സമയായി... ഇനി ഊണ്‌ കഴിഞ്ഞിട്ടാവാം ബാക്കി സ്വപ്നം കാണല്‍... അതുവരെ എന്റെ സ്വപ്നങ്ങള്‍ക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കിത്തന്ന കൊതുകുകളോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ വീട്ടിലേക്ക്‌ കേറി...

അങ്ങനെ ഊണും കഴിഞ്ഞു കട്ടിലിലേക്ക്‌ ചരിഞ്ഞ ഞാന്‍ പതിവ്‌ സ്വപ്നങ്ങളുടെ കൂടെ ഒന്നു രണ്ട്‌ എക്സ്ട്രാ ഗ്രൂപ്പ്‌ ഡാന്‍സ്‌ തള്ളി കേറ്റി അന്നത്തെ രാത്രി തള്ളി നീക്കി...

പിറ്റേ ദിവസം പതിവില്‍നിന്നും വ്യത്യസ്തമായി 6 മണി ആയപ്പോഴേക്കും എന്‍റെ ഉത്തരവാദിത്തങ്ങളുടെ പ്രഭാതം കണ്‍ച്ചിമ്മിയുണര്‍ന്നു...
പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍ ..... ജിവിതത്തില്‍ അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന മഹാ പ്രതിഭാസം...!! തലേന്ന് വരെ കൂവിയ കോഴിയുടെ ശബ്ദം ഒന്നും കേട്ടില്ല; ഒരു പക്ഷെ ചട്ടിയില്‍ ആയി കാണും.... എന്തായാലും ലോക കാര്യങ്ങള്‍ അന്വേഷിക്കാന്‍ തീരെ സമയമില്ല.
പിന്നെ അധികം സമയം കളയാതെ കുളിച്ചൊരുങ്ങി ഞാന്‍ അമ്പല
ത്തിലേക്കോടി...

ആ സമയത്ത്‌ എന്നെ അവിടെ കണ്ട്‌ അത്ഭുതപരതന്ത്രനായി, എന്റെ മുഖത്തേക്കും പേര്‌ പുറത്ത്‌ പറയാന്‍ താല്‍പര്യമില്ലാ
ത്ത ഏതോ ഒരു ഭക്തന്‍ സംഭാവന നല്‍കി അമ്പല പറാമ്പില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്കും മാറിമാറി നോക്കി ശംഖുചക്രഗദാഹസ്തനായി നില്‍ക്കുന്ന സാക്ഷാല്‍ മഹാവിഷ്ണുവിന്റെ മുന്‍പില്‍ സ്ഥിരം പരാതികളുടേയും അപേക്ഷകളുടേയും കൂട്ടത്തില്‍ സ്വല്‍പം നാണത്തോടെ ഞാന്‍ ആ ആവശ്യം കൂടി ഉന്നയിച്ചു... ആ അജ്ഞ്യാത സുന്ദരിയെ ഒന്നു പരിചയപ്പെറ്റാന്‍ അവസരം ഉണ്ടാക്കിതരണേ ഭഗവാനേ...

രാമായണമാസത്തോടനുബന്ധിച്ച്‌ നിത്യവും നിറമാലയും വിളക്ക്‌ വെയ്പ്പും ഉണ്ട്‌ അമ്പലത്തില്‍. അതിനോടൊപ്പം ഭക്തര്‍ക്ക്‌ ദേവസന്നിധിയില്‍ പറ നിറക്കാനുള്ള
സൌകര്യവും ഉണ്ട്‌... പഞ്ഞ മാസം എന്നറിയപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ ഒട്ടും ചേരാത്തതാണെങ്കില്‍ കൂടി, എങ്ങനെയോ അതു അവിടത്തെ ഒരു വിശിഷ്ട ചടങ്ങായി തീര്‍ന്നിരുന്നു...അതിനുവേണ്ടി അനേകം ഭക്തജനങ്ങള്‍ വരികയും പതിവാണ്‌...

അതിനായി തുറന്നിരിക്കുന്ന സ്പെഷ്യല്‍ വഴിപാട്‌
കൌണ്ടറില്‍ ഇരുന്നാല്‍ അമ്പലത്തില്‍ വരുന്ന ആരെയും മിസ്സ്‌ ആവാതെ കാനാം എന്നുള്ളതിനാലും കഴിഞ്ഞ 2 ദിവസവും അവള്‍ അവിടെ വന്നു പറ നിറച്ചു എന്നതു കൊണ്ടും ആ കൌണ്ടറില്‍ ഇരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഞാന്‍ നേരത്തെ അമ്പലത്തില്‍ എത്തിയത്‌.

അമ്പല കമ്മറ്റി മെംബര്‍ എന്ന സ്ഥാനപേരിന്‌ ഉടമയാണെങ്കില്‍കൂടി കഴിഞ്ഞ 1 വര്‍ഷമായി അമ്പലത്തിലെ ഒരു പരിപാടിക്കും ഞാനെന്റെ മഹനീയ സേവനം നല്‍കിയിട്ടില്ല എന്ന കാരണം കൊണ്ട്‌ എന്റെ പെട്ടന്നുള്ള
കൌണ്ടറിരുത്ത മോഹം എല്ലാവരിലും ഒരു സംശയം ജനിപ്പിക്കുമോ എന്ന സംശയമാണ്‌ എന്നെ രാവിലെ മുതലേ അമ്പലത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്‌.

പതിവുപോലെ അന്നും സന്ധ്യക്കു മുമ്പേ വൈകുന്നേരമെത്തി... ഒരു കമ്മറ്റി മെംബര്‍ എന്ന നിലക്കുള്ള എന്‍റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ഞാന്‍ ആ വഴിപാട്‌
കൌണ്ടറില്‍ ഉപവിഷ്ടനായി...


ഒരു പുഷ്പാഞ്ജലി... പേര്‌ രാമന്‍ നാള്‌ ഭരണി...
ഒരു നെല്‍പ്പറ... പേര്‌ കല്യാണികുട്ടി നാള്‌ മൂലം...
ഒരു അരിപ്പറ... ഒരു മലര്‌... ഒരെണ്ണ...
വഴിപാടുകളും നാളും പേരും എഴുതിയെഴുതി ഞാന്‍ ചീട്ട്‌ കീറികൊണ്ടേയിരുന്നു.
ആ ശബ്ദം കേള്‍ക്കാനായി... പേരറിയാനായി... കാതോര്‍ത്ത്‌...

ഒരു ഐമ്പറ...(അഞ്ചു പറ)

ആ ശബ്ദം കേട്ട്‌ മുഖമുയര്‍ത്തി നോക്കിയ ഞാന്‍ കണ്ടത്‌ എന്നെ തന്നെ നോക്കുന്ന ആ നക്ഷത്ര കണ്ണുകളും എനിക്കായി പുഞ്ചിരി തൂകുന്ന ആ ചെഞ്ചുണ്ടുകളുമാണ്‌...

പരിസരബോധം മറന്ന്‌ ഞാനുറക്കെ ചോദിച്ചു...

പേര്‌...

പേര്‌ രേവതി... നാളും രേവതി...


ആ വഴിപാട്‌ രസീറ്റില്‍ മേല്‍വിലാസം എഴുതാനുള്ള ഒരു കോളം ഇടാത്ത കമ്മറ്റി സെക്രട്ടറിയെ ഞാന്‍ ഒരു നിമിഷം ശപിച്ചു...

ഞാന്‍ ആ രസീറ്റ്‌ അവള്‍ക്കു നേരെ നീട്ടി... ഒരു ചെറുപുഞ്ചിരിയോടെ അതു ഏറ്റു വാങ്ങിയിട്ട്‌വള്‍ കാശു നീട്ടികൊണ്ട്‌ ചോദിച്ചു...

155 രൂപയല്ലെ?... എന്റേലിപ്പോ 150 രൂപെ ഉള്ളുലോ... 5 രൂപ നാളെ തന്ന മത്യോ?...

അയ്യൊ മതി..മതി... നാള്യോ മറ്റന്നാളോ എപ്പഴാ കുട്ടിക്ക്‌ സൗകര്യംച്ചാല്‍ അപ്പൊ തന്ന മതി... ദേ കണക്ക്‌ തെകക്കാന്‍ വേണ്ടി തല്‍കാലം എന്റെ കയ്യില്‍നിന്ന്‌ 5 രൂപ ഇടാം... എന്ന്‌ പറഞ്ഞ്‌ ഞാന്‍ അമ്മ പച്ചക്കറി വാങ്ങാന്‍ തന്ന കാശില്‍ നിന്ന്‌ അടിച്ചു മാറ്റിയ ആകെയുള്ള ആ 5 രൂപ
കൌണ്ടറിലെ പണപ്പെട്ടിയില്‍ ഇട്ടു...

അതു കണ്ട്‌ നന്ദിയോടെയുള്ള ആ നോട്ടത്തിനും, ചിരിച്ചുകൊണ്ടു പറഞ്ഞ നന്ദി വാക്കിനും ഞാന്‍ വേറെ അര്‍ത്ഥം കണ്ട്വോ?

എന്തായാലും ആദ്യത്തെ ദിവസം തന്നെ പേരും നാളും കണ്ടു പിടിച്ചൂലോ എന്നോര്‍ത്തപ്പോള്‍ എനിക്കു എന്നെ പറ്റി ഒരു അഭിമാനമൊക്കെ തോന്നി... ബാക്കി details വഴിയേ കണ്ടു പിടിക്കാം.

അങ്ങനെ അതൊരു പതിവായി. ഒരു പുതിയ ജോലി കിട്ടിയ മട്ടിലായിരുന്നു ഞാന്‍. ദിവസവും കൃത്യ സമയത്ത്‌ കൗണ്ടറില്‍ ഞാന്‍ ഇരിപ്പുറപ്പിക്കും.

അവള്‍ എന്നെ കാണാനും എന്നോട്‌ സംസാരിക്കാനും വേണ്ടി ദിവസവും ഐമ്പറ വെച്ചു...

ഒരു ഐമ്പറ...155 രൂപ... ഈ രണ്ടു വാക്കുകള്‍ മാത്രം പറഞ്ഞ്‌ ഞങ്ങള്‍ ദിവസവും ഞങ്ങളുടെ മനസ്സും ഹൃദയവും കൈമാറി പോന്നു...

അങ്ങനെ നീളം കൂടിയ പകലുകളും അവളുടെ സാനിദ്ധ്യമുള്ള നൈമിഷികസന്ധ്യകളും കൈകോര്‍ത്തിണങ്ങി 8 ദിവസങ്ങള്‍ കഴിഞ്ഞു...

എന്നാല്‍ പിറ്റേ ദിവസം എന്റെ എല്ലാ സ്വപ്നദീപങ്ങളും ഊതിക്കെടുത്തികൊണ്ട്‌, ഞാന്‍ അവള്‍ക്കായി എഴുതിവെച്ച രസീറ്റ്‌ ഏറ്റു വാങ്ങാന്‍ അവള്‍ വന്നില്ല... അതു കഴിഞ്ഞുള്ള 2 ദിവസങ്ങളിലെ സന്ധ്യകള്‍ക്കും പകലുകള്‍ പോലെ നീള കൂടുതല്‍ അനുഭവപെട്ടു...

മൂന്നാം ദിവസം പതിവുപോലെ ദേവസന്നിധിയില്‍ അന്നത്തെ ലിസ്റ്റ്‌ അവതരിപ്പിച്ച്‌ കൗണ്ടറില്‍ ഇരിപ്പുറപ്പിചപ്പോള്‍ അമ്പലകമ്മറ്റി പ്രസിഡന്റ്‌ മേനോന്‍ ചേട്ടനും അമ്പലത്തിലെ വാര്യരും തമ്മിലുള്ള സംഭാഷണത്തിലെ ഓരോ വാക്കും കൂരമ്പുകളായി എന്റെ നെഞ്ചില്‍ തറച്ചു...

മേന്‍നേ... അറിഞ്ഞില്യേ... മ്മടെ മോഹനന്‍ ഡോക്റ്റര്‍ടെ മോളില്യേ...
രേവതി... ??
ആ കുട്ടിടെ കല്യാണം ശരിയായിത്രേ....
പയ്യന്‌ അമേരിക്കേല്‌ ഏതോ വല്യേ കമ്പനീലാ ജോലീന്ന്‌...

ഞാനന്നേ പറഞ്ഞില്യേ വര്‌രേ... ??

ഭഗവാന്റെ നടക്കില്‌ 10 ദിവസം മൊടങ്ങാതെ പറ വെച്ചാ എന്താഗ്രഹിച്ചാലും നടക്കുമ്ന്ന്‌...

ഈശ്വരാ... അപ്പൊ ഇത്രേം ദിവസം എന്നെ നോക്കി ചിരിക്കുമ്പഴും ആ കുട്ടി മനസ്സില്‍ ആഗ്രഹിച്ചിരുന്നത്‌ ഇതാണോ? അപ്പൊ ആ കുട്ടി എന്ന്‌ ചതിക്യായിരുന്നോ? എന്നൊക്കെ ആലോചിച്ചിരുന്ന എന്റെ കണ്ണുകളില്‍ നിന്ന്‌ വീണ ഒരു തുള്ളി കണ്ണീര്‍ അവള്‍ക്കായി അന്നും എഴുതിവെച്ചിരുന്ന ആ രസീറ്റിലെ അവളുടെ പേരിനു മുകളില്‍ വീണ്‌ പരന്നു...

"ഒരു ഐമ്പറ..."

ദുഖഭാരത്താല്‍ കുനിഞ്ഞ എന്റെ മുഖം ആ ശബ്ദം കേട്ടപ്പോള്‍ ഉയര്‍ന്നു...
ഇടറിയ ക
ണ്‌ഠത്തില്‍ നിന്ന്‌ പുതുപ്രതീക്ഷയുടെ സ്വരം പുറത്തു വന്നു...

പേര്‌...?

പേര്‌ അശ്വതി... നാളും അശ്വതി...

രസീറ്റെഴുതി അവള്‍ക്കു നേരെ നീട്ടിയപ്പോള്‍ ഞാന്‍ കണ്ടത്‌

എന്നെ തന്നെ നോക്കുന്ന ആ നക്ഷത്ര കണ്ണുകളും എനിക്കായി പുഞ്ചിരി തൂകുന്ന ആ ചെഞ്ചുണ്ടുകളുമാണ്‌...
വീണ്ടും പ്രഭാതത്തിനു പഴയ പ്രസരിപ്പും അതേ ഉന്മേഷവും....

[പ്രേക്ഷക സമക്ഷം : ഇതിലെ "ഞാനും" കഥാപാത്രങ്ങളും വെറും സാങ്കല്പികം മാത്രം ]
==================================================================

February 22, 2009

നിനക്കായ്നീ എനിക്കു നീട്ടിയ... ഒരു കുപ്പിവള കിലുക്കത്തിന്‌ ,
ഒരു കല്ലുപ്പെന്‍സിലിന്‌, ഒരു മഷിത്തണ്ടിന്,
കാര്യമായി ഇണങ്ങിയതിന്‌; വെറുതെ പിണങ്ങിയതിന്‌
കാത്തിരിയ്ക്കാന്‍ എനിക്കു ദൂരങ്ങള്‍ അളന്നു തന്നതിന് ....
സ്നേഹത്തിന്‍റെ ആര്‍ദ്രത പകര്ന്നു തന്നതിന്
ഒടുവിലൊരു തുള്ളി കണ്ണീരായ്‌ മടങ്ങിയതിന്‌....
ഇപ്പൊഴും ഒരൊര്‍മ്മയായ്‌ വിങ്ങുന്നതിന്‌;
ഒരു മഞ്ചാടി മണിക്ക്; ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു....
എന്നും...

January 27, 2009

പ്രണയത്തിന്‍റെ പൊല്ലാപ്പുകള്‍ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.

വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൌന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൌന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൌന്ദര്യമുണ്ടായിരുന്നു , കുറഞ്ഞതോതിലാണെങ്കിലും ഇപ്പോഴുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.

ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.

മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.

ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.

എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...

അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന കല്യാണ-അഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.

എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.

ദൈവത്തിനു നന്ദി....!!!!

ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.

അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ ആങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.

ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.

അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.

ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.

"നമുക്ക് ആത്മഹത്യ ചെയ്യാം....?!!!"

ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അറ്റകൈക്ക് അടിച്ച dialogue ആയിരുന്നു , പക്ഷേ...
അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!

പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

എങ്ങനെ മരിക്കണം???

തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!

മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍??? അതും ട്രെയിനുകള്‍ വളരെ കൃത്യനിഷ്ഠ പാലിക്കുന്ന നമ്മുടെ നാട്ടില്‍....

തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.

പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.

ഡും!!

ഞങ്ങളു മരിച്ചു.

പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.

ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.

ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.

ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.

ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.

ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറ‍ഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.

പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.

രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.

ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.

പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.

എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.

എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....

എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.

പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!

നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!

പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.

എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.

കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!

പെട്ടെന്ന് കോപത്തിന്‍റെ ഒരു മിന്നലാട്ടം ...
എന്റമ്മോ എനിക്ക് മുട്ടില്‍ നിന്നും മേലോട്ട് ഒരു വിറയല്‍ കേറി...
ഓടണോ അതോ നില്‍ക്കണോ... ആകെ ഒരു ഡൌട്ട് ...
അവള്‍ ആണെങ്കില്‍ മിണ്ടുന്നുമില്ല ....

പെട്ടെന്ന് ഒരു വലിയ തിരമാല പോലെ എന്തോ ഒരു സാധനം പുറത്തു വന്നു വീണു... ഹൊ പിന്നെ എല്ലാം ഒരു പുക പോലെ.... ഈശ്വരോ....
* * * *
"രാത്രി 1 മണി വരെ ഇരുന്നു സിനിമ കാണും,
എന്നിട്ട് രാവിലെ 10 മണി വരെ കിടന്നുറങ്ങും,
പിച്ചും പേയും പറയാതെ എണീറ്റ്‌ പോടാ ...."
അത് അമ്മയുടെ voice ആയിരുന്നു ...

തിരമാല പോലെ പുറത്തു വന്നു വീണത്‌ വെള്ളം കൊണ്ടു ഒഴിച്ചതായിരുന്നു.
സ്വര്‍ഗ്ഗവും, പ്രേമവും, ട്രെയിനും, പിന്നെ ലവളും എല്ലാം അതില്‍ ഒലിച്ചു പോയി....
==================================================================

സമകാലീകം

ഹലോ സര്‍ ,
ഞാന്‍ താങ്കളെ പോലുള്ള ഒരു വ്യക്തിയെ കുറിച്ചു ഒരു ഡോക്യുമെന്ററി എടുക്കണം എന്ന്വിചാരിക്കുന്നു

“എന്ത് ? എനിക്കത് മനസ്സിലാകുന്നില്ല ”


അല്ല. തങ്കളെപ്പോലുള്ള വളരെ പ്രശസ്തനും ജനപ്രിയനുമായ ഒരു വ്യക്തിയെ ഞാന്‍ ചോദ്യംചെയ്യുക എന്നാല്‍ ......... എന്നോടൊന്നും തോന്നരുത് ........ ”

നിങ്ങള്‍ മുഖസ്തുതി മതിയാക്കൂ..... എന്താണു കാര്യമെന്നു പറയൂ.....


ഒന്നുമുണ്ടായില്ല. ജോസഫ് സിറിയക് പേരു തന്നെ പ്രേക്ഷകരെ സ്ക്രീനിനു മുന്‍പില്‍പിടിച്ചിരുത്തുന്നതാണ്. എന്നിട്ടും....

ഞാന്‍ മുന്‍പേ പറഞ്ഞു നിങ്ങള്‍ക്ക് പറയാനുള്ളതു നേരിട്ടു പറയാം മുഖസ്തുതിയുടെ ആവശ്യമില്ല എന്ന്. എന്നിട്ട് എന്താണ്‌ പ്രോബ്ലം.

ഏയ് പ്രോബ്ലമൊന്നുമില്ല. നിങ്ങളെന്തിനു പേടിക്കുന്നു?

എനിക്കു പേടിയൊന്നുമില്ല. അല്ലെങ്കില്‍ തന്നെ ഞാനെന്തിനു പേടിക്കണം. ഏങ്കിലും എന്തെങ്കിലുമൊരു കാരണമുണ്ടാകുമല്ലോ? അതറിയാനുള്ള ആകാംക്ഷ അത്രമാത്രം.

കാരണം... അവിടെ നിങ്ങള്‍ക്ക്‌ ചെറിയൊരു തെറ്റുപറ്റി. ഒരു കാരണമല്ല, ഒരുപാടുകാരണങ്ങളുണ്ട്‌

“ഒരുപാടു കാരണങ്ങളോ………?”

അതേ. തീര്‍ച്ചയായും ഒന്നില്‍ കൂടുതല്‍ കാരണങ്ങള്‍ .”

അതെനിക്കു മനസിലായി…… പക്ഷേ എന്തൊക്കെയാണത്‌? അതാണെനിക്കു മനസിലാകാത്തത്‌.

അത്‌ അങ്ങിനെ ഒറ്റവാക്കില്‍ പറയാന്‍ സാധിക്കില്ല. ഒരുപാട്‌ വിശദീകരണങ്ങള്‍ ആവശ്യമാണ്‌ .

“ഇത്രത്തോളം വിശദീകരിക്കന്‍ ഞാന്‍ എന്താണു ചെയ്തിട്ടുള്ളത്‌ ?”

നിങ്ങള്‍ ചെയ്തിട്ടുള്ളതു മാത്രമല്ല ചെയ്യാതിരുന്നതും പറയണം.

“ചെയ്യാതിരുന്നതോ…?”

അതാണ്‌ പറഞ്ഞത്‌ പെട്ടന്നുപറഞ്ഞാല്‍ അതൊന്നും മനസിലാകില്ല.

എന്‍റെ പ്രശ്നമാണ്‌. ഞാനത്‌ വെറുതേ ചോദിച്ചു വഷളാക്കി……. ചോദിച്ചില്ലയിരുന്നെങ്കില്‍ എനിക്കിത്രയും കണ്‍ഫ്യുഷന്‍ ഉണ്ടാകുമായിരുന്നില്ല.

അത്രക്ക്‌ കണ്‍ഫ്യുഷന്‍ ആകേണ്ട കാര്യമൊന്നുമില്ല. എല്ലാം ചെറിയ കാര്യങ്ങളാണ്‌. എന്നലത്രചെറിയതുമല്ല.

“താങ്കളുടെ സംഭാഷണം വീണ്ടും മനസ്സിലാക്കാന്‍ പ്രയാസമുണ്ടക്കുന്നു.”

ഇല്ല. ഞാനൊരുദാഹരണം പറയാം. കഴിഞ്ഞ ദിവസം ആക്സിഡന്‍റ്റു പറ്റിഅബോധാവസ്തയില്‍ റോഡില്‍ കിടന്ന യുവാവ്‌ ബോധം തെളിഞ്ഞപ്പോല്‍ കാശുനീട്ടിആശുപത്രിയിലെത്തിക്കാന്‍ കെഞ്ചുന്ന വാര്‍ത്ത നിങ്ങല്‍ വായിച്ചിരുന്നോ?

വാര്‍ത്ത വായിച്ചിരുന്നോന്ന്‌ ….. ഞാനാ സംഭവ സ്തലത്തുണ്ടായിരുന്നില്ലേ…
എന്തൊരു ദയനീയമായ കാഴ്ചയായിരുന്നു. എനിക്കു വല്ലാത്ത സങ്കടം തോന്നി. ഏന്തൊരു ദുഷ്ടന്മാരാണീ ജനങ്ങള്‍….. ആരും ആ പാവത്തിനെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. കഷ്ടം തന്നെ….!

നിങ്ങളുണ്ടായിരുന്നില്ലേ…..? നിങ്ങള്‍ക്കും സഹായിക്കാമായിരുന്നല്ലോ…?

പക്ഷേ എന്‍റെ സാഹചര്യം കൂടി മനസ്സിലാക്കണം. അപ്പോള്‍ ഞാനയാളെ കൊണ്ടുപോയാല്‍ എനിക്ക്‌ കലാഭവന്‍ മിമിക്സ്‌ പരേഡിന്‌ സമയത്തെത്താന്‍ സാധിക്കില്ല. ഓരുവിധത്തിലാ ഞാനൊരു ഫ്രീ പാസ് ഒപ്പിച്ചത്‌.

അയാളെ ആസുപത്രിയിലെത്തിച്ച്തിനു ശേഷവും നിങ്ങള്‍ക്കു പോകാമായിരുന്നു.

അവിടെ ഒരു പാടുപേരുണ്ടായിരുന്നല്ലോ? ആവര്‍ക്കാര്‍ക്കുവേണമെങ്കിലും ഇതൊക്കെ ചെയ്യാമല്ലോ…?

അവര്‍ക്കും നിങ്ങളെപ്പോലെ എന്തങ്കിലും അടിയന്തിര കാര്യമുണ്ടായിക്കാണും.

അതൊന്നുമല്ല. ആര്‍ക്കും ആരോടും ഒരു സഹാനുഭൂതിയുമില്ല അതാണു കാര്യം.

നിങ്ങള്‍ക്കടക്കം……

“നിങ്ങള്‍ എന്‍റെ സാഹചര്യം മനസ്സിലാക്കുന്നില്ല അതാണ്‌ പ്രശ്നം.”

അതുപൊകട്ടെ. കഴിഞ്ഞ ദിവസം മറ്റൊരു സംഭവം കൂടി നടന്നു. മോഷണശ്രമത്തിനിടെനാട്ടുകാരുടെ പിടിയിലായ തമിഴ്‌ ബാലന്‍റെ…..

ശരിയാ…..ശരിയാ…… ഞാനും കൊടുത്തു രണ്ടണ്ണം. അല്ല ഈ കൊച്ചു പിള്ളേരല്ലാം മോഷ്ടിക്കനിറങ്ങിയാല്‍ നമ്മെളെന്ത ചെയ്ക. അവനെ പൊലീസിലേല്‍പ്പിക്കാന്‍ നിന്ന്‌ ഓഫീസിലും ലേറ്റായി.

പക്ഷേ പോലീസ്‌ പറഞ്ഞത്‌ ബാലന്‍ വീടുകളിലും പരിസരങ്ങളിലും പഴയ പാത്രങ്ങളും മറ്റുംപെറുക്കാന്‍ വന്നതാണെന്നണല്ലോ?

ഓ സാറിനെന്തറിയാം അവന്‍ പഠിച്ച കള്ളനാണ്‌. നാട്ടുകാര്‍ നന്നായി പെരുമാറിയിട്ടുണ്ട്‌. ഇനി എന്തായാലും അവന്‍ ഇതിനു നില്‍ക്കില്ല.

നിങ്ങള്‍ക്കു വല്ല തെളിവുമുണ്ടോ അവന്‍ മോഷ്ടിച്ചുവെന്നതിന്‌?

ഇവറ്റകളെ കണ്ടാലറിഞ്ഞുകൂടെ? അവന്‍ തന്നെ മോഷ്ടിച്ചത്‌.

പക്ഷേ നഷ്ടപ്പെട്ട മാല പിറ്റെന്ന്‌ അവിടുന്നുതന്നെ ലഭിച്ചല്ലോ?”

അതവന്‍ രക്ഷപ്പെടാന്‍ വെണ്ടി കളഞ്ഞതല്ലേ…..സാറിനിതു പോലും മനസ്സിലാക്കാന്‍ സാധിക്കില്ലേ?

പക്ഷേ മാല വീട്ടിനകത്തായിരുന്നു.

ജനലിലൂടെ എറിഞ്ഞുകാണും.

രണ്ടാം നിലയിലേക്കോ?”

ഇവന്‍മാരൊക്കെ പഠിച്ച കള്ളന്‍മാരാണെന്നേ…..എന്തയാലും ഈ സംഭവങ്ങളും ഡൊക്യുമെന്‍റിയും തമ്മിലെന്താ ബന്ധം?

ബന്ധമുണ്ട്‌ . അതിനു മാത്രമല്ല ഇപ്പോള്‍ കഴിച്ച പഴത്തിന്‍റെ തൊലി നിങ്ങളെന്തു ചെയ്യ്തു ?

അതെന്തിനാ സൂക്ഷിക്കുന്നത്‌? ഞാനതു കളഞ്ഞു.

എവിടെ….?”

ഇതൊക്കെ ആരോര്‍മിക്കാനാ… ആ വഴിയിലെവിടെയോ…

അതല്ല. അവിടെയൊരു വേസ്റ്റ്‌ ബിന്നുണ്ടായിരുന്നു……..

ഏല്ലാവരും വേസ്റ്റ്‌ ബിന്നിലിട്ടാല്‍ ക്ലീനേര്‍സിനു പണി വെണ്ടേ….?

എന്താനിങ്ങലതു ബിന്നിലിട്ടാല്‍ ക്ലീനേര്‍സ്‌ മുഴുവനും പട്ടിണിയാകുമോ…. ?

“ എന്തായാലും നാളെ അതവര്‍ ക്ലീനാക്കുമല്ലോ…. ? ”

നാളെ രാവിലെ. അതുവരെ അതു ചീഞ്ഞളിയും. ആളുകള്‍ തെന്നിവീഴും...

“ഓ എന്നിട്ട്‌ നാട്ടിലുള്ളവരല്ലാം പഴത്തൊലിയില്‍ തെന്നി വീഴുകയല്ലേ….?”

നിങ്ങളെപ്പോലെ നൂറു പേരായല്‍ ഇതല്ലാം എത്രമാത്രം വൃത്തി കേടകുമെന്നും നോക്കണം.

മറ്റെല്ലാവരും ചെയ്യുമ്പോള്‍ ഞാന്‍ മാത്രം നന്നായതുകൊണ്ടു കാര്യമൊന്നുമില്ല സാറേ …

അതെ. ഇതുതന്നെയാണു നിങ്ങളെ ഇതിലേക്കു ക്ഷണിക്കാന്‍ കാരണം.

“എന്ത്‌ ?”.

ഞാന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നുമെല്ലാം മറ്റുള്ളവരുടെ കുഴപ്പമാണെന്നുമുള്ളചിന്താഗതി. അങ്ങിനെ എല്ലാവരും ചിന്തിക്കുന്നതു കൊണ്ടാണല്ലോ ഇതല്ലാം ഇങ്ങിനെകിടക്കുന്നത്‌. എല്ലാം മറ്റുല്ലവര്‍ ചെയ്യണമെന്നില്ല. നമുക്കും അല്പം ശ്രമിക്കാം.”

“നിങ്ങള്‍ പറഞ്ഞുവരുന്നത്‌?”

ഞാനുദ്ദ്യേശിക്കുന്നത്‌ സാധാരണക്കാരെ പറ്റിയാണ്...
നിങ്ങളെപോലുള്ള സാധാ ജനത്തെപറ്റി. സ്വന്തം കര്മ്മം ചെയ്യാതെ മറ്റുള്ളവര്‍ അത് ചെയ്തുകൊള്ളും എന്ന് വിഡ്ഢി വിചിന്തനം നടത്തുന്നവരെപറ്റി ....
ലോകം നന്നാവില്ല എന്ന മുന്‍‌കൂര്‍ ധാരണയില്‍ ജീവിക്കുന്നവര്‍ .....

ഇതാ ഇന്നുമുതല്‍ (Inroduction)

ഇതാ ഇന്നുമുതല്‍ ഈ മണലാരണ്യത്തില്‍ ഇരുന്നു കൊണ്ടു ഞാന്‍ എഴുതി തുടങ്ങുന്നു....
എന്‍റെ കൂട്ടുകാര്‍ക്കു വേണ്ടി...
എന്നെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് വേണ്ടി.....
അല്പം സഹനശക്തിയും അതിലേറെ അപാര ക്ഷമാശീലവും ഉള്ളവര്‍ക്ക് വേണ്ടി മാത്രം.....

വാകമരങ്ങള്‍ വിരഹം പൊഴിക്കുന്ന ഒരു നാളില്‍ കാലം ഒരു ഓട്ടോഗ്രാഫുമായ് ചരെയെത്തുമ്പോള്‍ .....
നിനച്ചിരിക്കാതെ പൊഴിയുന്ന കനവുകളില്‍ എവിടെയോ ആര്‍ദ്രമായ ഒരു ഉള്‍വിളി കേള്‍ക്കുമ്പോള്‍ .... ഒരല്പം സാഹസം

എന്‍റെ തൂലികയില്‍ (key board) നിന്നും പിറക്കുന്നത്‌ മഹാസംഭവങ്ങള്‍ ഒന്നുമല്ല.
കേരള അക്കാദമി അവാര്‍ഡ് , Booker Prize, ജ്ഞാനപീഠം, സര്‍വജ്ഞപീഠം;
ഇതൊന്നും എന്‍റെ പ്രതീക്ഷയുടെ നിഘണ്ടുവില്‍ ഇല്ലേ ഇല്ല.
കോടിക്കണക്കിനു ആരാധകരെ സൃഷ്ടിക്കാമെന്ന വ്യാമോഹവും തീരെ ഇല്ല.
എന്ന് വച്ചു ആര്‍ക്കോ വേണ്ടി... എന്തിനോ വേണ്ടി... എഴുതുന്നതുമല്ല.
അത് കൊണ്ടു തന്നെ എന്‍റെ കൃതികളെ അഥവാ സൃഷ്ടികളെ കീറി മുറിച്ചു
അവലോകനം നടത്തരുത് please....

ഞാന്‍ ഒരു സുപ്രഭാതത്തില്‍ കിടിലം ആയതല്ല...
എന്നിലെ കഥാകൃത്ത്‌(?) പുലരിയില്‍ പൊട്ടി മുളച്ചതും അല്ല. പിന്നെ....??
Yes, നിന്‍റെ സംശയം സ്വാഭാവികം .....
അതാണ്‌ കുഞ്ഞേ ലോകതത്വം ..!
ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത മഹാസത്യം ..!!
ബ്രഹ്മാണ്ട സംഭവം സമഗ്രലിഖിതം, സ്വാഹ സ്വാഹ ...!!!

എന്‍റെ Blog കളില്‍ കാണുന്ന വ്യക്തികള്‍ക്ക് ജീവിച്ചിരിക്കുന്നതോ, മരിക്കാതിരിക്കുവരോ, ഇനിയും ആരും തല്ലി കൊല്ലാത്തവരോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാമ്യമുണ്ടെങ്കില്‍
അത് മനഃപൂര്‍വം അവരെയാണ്, അവരെ തന്നെയാണ്,
അവരെ മാത്രം ഉദ്ദേശിച്ചാണ്.....

ചപലമായ വീക്ഷണങ്ങളും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിവരണങ്ങളും, പരസ്പരബന്ധം ഇല്ലാത്ത വസ്തുതകളും, വിചിന്തനങ്ങളും ഒക്കെ....
ഒരുപക്ഷേ നീ കണ്ടേക്കാം .
എന്നിരുന്നാലും അതിന് പിന്നിലെ ആശയം -
എന്ന് വച്ചാല്‍ ഈ "ചേതോവികാരം" എന്നൊക്കെ പറയുന്ന സാധനം നിനക്കു അന്യമാവില്ല. ഇതു എന്‍റെ ISO 2009 ഗ്യാരണ്ടി ഉള്ള ഉറപ്പ്.

ഈ ഭൂമിയാകുന്ന അണ്ടകടാഹത്തിന്‍റെ ഒരു കോര്‍ണര്‍ - ല്‍ ഇരുന്നു
ഞാന്‍ എഴുതും - എഴുതി കൊണ്ടേ ഇരിക്കും - നീ വായിച്ചാലും ഇല്ലെങ്കിലും ...
കാരണം നിന്നെ കൊണ്ടു വായിപ്പിക്കുക എന്നതല്ല;
എന്‍റെ ആത്യന്തികമായ ഉദ്ദേശ്യം.അത്‌ തന്നെ.
വേണമെങ്കില്‍ വായിക്കെടെയ് ....

=================================================================