June 13, 2010

ചാറ്റല്‍ മഴ...


എനിക്കെന്തിഷ്ടമാണ് മഴ... എനിക്ക് മാത്രമോ..?
മനസ്സില്‍ സ്വല്പമെങ്കിലും സ്‌നേഹമോ, കാല്പനികതയോ, പ്രണയമോ, വിരഹമോ കാത്തു സൂക്ഷിക്കുന്ന ആര്‍ക്കും പ്രിയങ്കരിയാണ് മഴ.. നനുനനുത്ത മഴയില്‍ പ്രിയപ്പെട്ടവളുടെ അരികു ചേര്‍ന്നിരുന്നു സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ കൊതിക്കാത്ത ആരുമുണ്ടാവില്ല.

എന്ന് മുതലാണ് ഞാന്‍ മഴയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്..? അറിയില്ല...
എനിക്കോര്‍മ്മ വച്ച കാലം മുതല്‍ എനിക്കിഷ്ടമാണ് മഴ..  വൈകുന്നേരങ്ങളില്‍ തിമര്‍ത്തു പെയ്യുന്ന മഴയില്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുള്ള യാത്ര എന്നും ഒരാഘോഷം തന്നെയായിരുന്നു..
വഴിയോടൊപ്പമൊഴുകുന്ന വലരികളില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന മഴവെള്ളം... അതില്‍ നീന്തിതുടിക്കുന്ന പരല്‍മീനുകളെ എത്രയോ തവണ കൌതുകത്തോടെ നോക്കിനിന്നിട്ടുണ്ട്..


റോഡില്‍ കൂടി വെള്ളം തെന്നി തെറുപ്പിച്ച് ... മഴയില്‍ നനഞ്ഞുകുതിര്‍ന്നു വീടിന്റെ ഗെയ്റ്റും മലര്‍ക്കെ തുറന്നിട്ടു വിട്ടിനുള്ളിലെക്കോടി കയറി, പുസ്തകസഞ്ചി കട്ടിലിലേക്കിട്ടു, 'അമ്മേ കാപ്പി..' എന്നുറക്കെ വിളിച്ചു പറയുമ്പോള്‍ .. സ്‌നേഹത്തോടെ  ശാസിച്ചുകൊണ്ട് ഇറയത്തു കിടക്കുന്ന തോര്‍ത്തെടുത്ത് തല തുവര്‍ത്തിതരുന്ന അമ്മയുടെ ചിത്രം ഇന്നും നമ്മുടെയൊക്കെ മനസ്സില്‍ മായാതെ കിടക്കുന്നില്ലേ...?


കുട്ടിക്കാലത്ത് മുത്തശ്ശിയുടെ അരികുപറ്റിക്കിടന്നിരുന്നപ്പോള്‍ കേട്ട എത്രയെത്ര കഥകള്‍ക്ക് അകമ്പടിയായി മഴയുടെയും ഇടിയുടെയും താളമുണ്ടായിരുന്നു...
ഓടിനിടയിലൂടെ ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികള്‍ മുറിക്കുള്ളില്‍ വീഴാതെ താഴെ വച്ചിരിക്കുന്ന അലുമിനിയ പാത്രത്തില്‍ വീഴുന്ന മണിയടി ശബ്ദം കേള്‍ക്കാത്ത ആരുമുണ്ടാവുമെന്നു തോന്നുന്നില്ല. ഒഴുകി വരുന്ന മഴവെള്ളത്തില്‍ ഇറയത്തിരുന്നു കടലാസ്സുതോണികള്‍ ഒഴുക്കിവിടുമ്പോള്‍, നനഞ്ഞു കുതിര്‍ന്നു വരുന്ന കുഞ്ഞു കോഴികളെ നോക്കി എത്രയോ തവണ വിഷമിച്ചിരുന്നിട്ടുണ്ട്. 'പാവം ഇവര്‍ക്ക് നനഞ്ഞാല്‍ ഒന്നു തുവര്‍ത്തികൊടുക്കുവാന്‍ പോലും ആരുമില്ല.' എങ്കിലും ആ അമ്മക്കോഴി അവരെ നനയാതെ ചിറകിനടിയില്‍ ഒളിപ്പിച്ചു വെക്കുന്ന കാഴ്ച ഒരിക്കലും മറക്കാന്‍ പറ്റില്ല.


നിറഞ്ഞു കവിഞ്ഞ പാടങ്ങളില്‍ ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊക്കും, പുഴയിലുടെ ഒഴുകി വരുന്ന തേങ്ങയും, തടികളും മറ്റും കരക്കടുപ്പിക്കുന്ന നാണുവേട്ടനും, ചെറു ചൂണ്ടകളുമായി കണ്ടങ്ങളിലും തോടുകളിലുമിരിക്കുന്ന കുട്ടികളുമൊക്കെ ഒരു സ്ഥിരം മഴക്കാഴ്ചയാണ്. വേനലവധി കഴിഞ്ഞു പുതിയ ഉടുപ്പുകളും പുസ്തകങ്ങളുമായി ആദ്യമായി സ്‌കൂളിലേക്ക് പോവുമ്പോള്‍ , ഒരു കൊച്ചു കൂടുകാരനെപ്പോലെ കൈ പിടിച്ചു നടക്കാന്‍ മഴയുണ്ടാവും. മാനത്ത് ഏഴ് നിറങ്ങളില്‍ വിരിയുന്ന മഴവില്ല് എത്ര കൌതുകത്തോടെയാണ് ആ കുട്ടിക്കാലത്ത് നോക്കിനിന്നിട്ടുള്ളത്...?
പക്ഷെ.... കലാലയ കാലത്തു  മഴയ്ക്ക്  പലപ്പോഴും ഒരു വില്ലന്റെ പരിവേഷമായിരുന്നു. കൂട്ടുകാരുമൊത്ത്  കൂലംകുഷമായി Plan ചെയ്യുന്ന എത്ര പദ്ധതികളാണ് മഴയില്‍ കുതിര്‍ന്നത്‌ ....
ബൈക്കുമായി കറങ്ങി നടക്കുന്ന കാലം; ശകുനം മുടക്കിയായി...  മഴ തോരുന്നത് വരെ കടവരാന്തയില്‍ കാത്തുനിന്നപ്പോള്‍ പൊഴിച്ച ശാപവാക്കുകള്‍ എത്ര.... 
എത്രയെത്ര ഭാവങ്ങളാണ് മഴയ്ക്ക്? ഒരു ചെറു പുഞ്ചിരിയോടെ ഒരു കാമുകിയുടെ ഭാവവുമായി വരുന്ന നനുനുത്ത ചാറ്റല്‍ മഴ.. മറ്റു ചിലപ്പോള്‍ ഒരു വിഷാദ ഭാവത്തോടെ ഇരുണ്ടുമൂടി, തന്റെ പ്രിയപ്പെട്ടവന്‍ തന്നെ പിരിയുമ്പോള്‍, താന്‍ കരഞ്ഞാല്‍ അവന് വിഷമമാവുമെന്നു ഭയന്ന്, എല്ലാ ദുഖവും ഉള്ളിലൊതുക്കി.. അവന്‍ കണ്മുന്നില്‍ നിന്നു മാഞ്ഞു പോയിക്കഴിഞ്ഞാല്‍... ആര്‍ത്തലച്ചു കരയാന്‍ വെമ്പുന്ന ഒരു ഭാര്യയുടെ ഭാവവുമായി നില്ക്കും. അതുമല്ലെങ്കില്‍ എല്ലാം നശിപ്പിക്കാനുള്ള കോപവുമായി, എല്ലാം കത്തിച്ചു ചാമ്പലാക്കാന്‍ മിന്നലിന്റെയും കാറ്റിന്‍റെയും അകമ്പടിയോടെ ഒരു ഉഗ്രരൂപിണിയായി വന്ന് ആടിത്തിമര്‍ക്കും..

എത്രയൊക്കെ ഭീകരരൂപിണിയായാലും എപ്പോഴെങ്കിലും നമുക്കു വെറുക്കാന്‍ പറ്റുമോ മഴ...?
തുലാവര്‍ഷത്തില്‍ പേടിച്ചരണ്ടിരിക്കുന്ന കുട്ടികളുടെ മുഖവും, ഒരു ഇടിമിന്നല്‍ കാണുമ്പോള്‍ അറിയാതെ തന്നെ ഒരു ഞെട്ടലോടെ കൈത്തണ്ടയില്‍ പിടിമുറുക്കുന്ന പ്രിയപ്പെട്ടവളുടെ ഭയന്നുവിറച്ച മുഖവും ഒന്നും കണ്ടാലും നമുക്കു വെറുക്കാന്‍ കഴിയില്ല മഴയെ. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക്..
മഴ നമ്മുടെ സ്വന്തമാണ്... നമ്മുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ്... മനസ്സിന്‍റെ എല്ലാ ദുഖങ്ങളും വിഷമങ്ങളും ഒരു താഴുകലോടെ അകറ്റുന്ന പ്രകൃതിദത്തമായ ഔഷധമാണ് മലയാളിക്ക്...
സ്വന്തം കാമുകിയോടൊപ്പം, അവളെ തോളോട് ചേര്‍ത്ത്പിടിച്ച്, ഒരുകുടക്കീഴില്‍... തിമര്‍ത്തു പെയ്യുന്ന മഴയില്‍ അഭിമാനത്തോടെ നെഞ്ച് വിരിച്ചു നടക്കാന്‍ ആഗ്രഹിക്കാത്ത ഏതൊരു കാമുകനുണ്ട്...? ഇല്ലെങ്കില്‍ അവന്റെ അരികുപറ്റി നടക്കാന്‍ ആഗ്രഹിക്കാത്ത ഏതൊരു കാമുകിയുണ്ട്? (നടക്കുമ്പോള്‍ കാമുകിയുടെ അച്ഛന്‍റെയോ ആങ്ങളയുടെയോ കണ്മുന്നില്‍കൂടി ആവരുത്..അവരുടെ മുന്നില്‍ ക്കൂടിനടന്നാല്‍ ചിലപ്പോള്‍ വിവരം അറിയും...)

ഇപ്പോള്‍ ഈ മഴയെക്കുറിച്ച് എഴുതാന്‍ ഒരു കാരണമുണ്ട്. നാല് ദിവസം മുന്‍പ്  ഒമാനില്‍  ഒരു ചെറിയ മഴ പെയ്തു. പെയ്തു എന്ന് പറയാന്‍ പറ്റില്ല... ചാറ്റല്‍ മഴ എന്നെ പറയാന്‍ പറ്റൂ [എന്നാലും വെള്ളപൊക്കം ഉണ്ടായി..!! അത് സംഭവം വേറെ... ]. രാത്രിയില്‍ ആ ചാറ്റല്‍ മഴയില്‍ നടന്നപ്പോള്‍ .... കുട്ടിക്കാലവും, നാടിന്‍റെ ഓര്‍മകളും, പിന്നെ ഞങ്ങള്‍  നെടുമങ്ങാടുകാരുടെ   എല്ലാമെല്ലാമായ കിള്ളിയാറും, വീടും, വീട്ടുകാരും, വരാന്തയില്‍ അച്ഛന്‍റെ വരവും കാത്തിരിക്കുന്ന എന്‍റെ അമ്മയും... എല്ലാം ഒരു പെരുമഴയായി മനസ്സിലേക്ക് പെയ്തിറങ്ങി.

April 18, 2010

എന്‍റെ ബാല്യകാലം



വാത്സല്യത്തിന്‍ വിരല്‍തുമ്പില്‍ തൂങ്ങി
വീണ്ടുമെനിക്ക് പഠിക്കാന്‍ പോണം...

കണക്കുതെറ്റി ചെയ്തതിനിനിയും
കന്നിച്ചൂരല്‍ സുഖമറിയണം...

ഒരുവട്ടം കൂടിയാ പുസ്തകത്താളില്‍
ഒളിപ്പിക്കണമെനിക്കൊരു ചെറുമയില്പീലി...

ഒരിക്കല്‍ കൂടിയാ മഴവെള്ളത്തില്‍
ഒഴുക്കണമെനിക്കൊരു കടലാസുതോണി...

March 8, 2010

അമ്മ തന്‍ സ്നേഹം [Mother's day]




ഈറ്റൂ നോവേറ്റൂ പെറ്റൊരമ്മ
ആറ്റൂ നോറ്റൂ വളര്ത്തിയോരമ്മ
ആലോലം താരാട്ട് പാടിയോരമ്മ
അല്ലലറിയാതെ വളര്ത്തിയോരമ്മ
ഇന്നേതോ വൃദ്ധസദനത്തില്‍ ...
അന്ധകാരത്തില്‍ മുഖം പൂഴ്ത്തികരയുമമ്മ

കുഞ്ഞികിനാവ്‌ കണ്ടുറങ്ങാന്‍
കുഞ്ഞിളം മിഴികള്‍ മൂടുംവരെ
പിഞ്ചിളം ചുണ്ടില്‍ പാല്ച്ചുരത്തി
നെഞ്ചിലെ ചൂടുപകര്‍ന്നോരമ്മ
അന്യയെന്നപോലെ പാതവഴിയോരത്ത്
ഈറ്റുനീരിനായി കേണിടുന്നു

കാച്ചിമിനുക്കിയാ സ്നേഹപ്രഭ
കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌
കാടത്വമുള്ള മനസുമായി
കപട്യമില്ലതാപുണ്യത്തിനെ
കണ്ണുനീര്‍ പുഴയിലോഴിക്കിടുന്നു

കാരുണ്യമില്ലാതെ കൈയൊഴിഞ്ഞ
കണ്ണിലുണ്ണി തന്‍ പാദങ്ങളില്‍
കുഞ്ഞുമുള്‍മുന കൊണ്ടൊന്നു നോവല്ലെന്നു
കരളുരുകുമ്പോഴും കേണിടുന്ന
അമ്മതന്‍ ഹൃത്തിലെ നൊമ്പരത്തെ
ആരറിയുന്നു ഈ പാരിടത്തില്‍ ?

February 27, 2010

പെണ്ണുകാണല്‍




കല്യാണം കഴിക്കണമെന്ന മോഹവുമായി... ചെന്ന് കയറിയതോ പഴയ കാമുകിയുടെ വീട്ടില്‍...
ചെന്ന പാടെ കുവൈറ്റ്‌ കാരന്‍ എന്ന ജാടയില്‍... ഇംഗ്ലീഷ് ഭാഷയില്‍ കാര്യങ്ങള്‍ വെച്ച് കാച്ചി കൊടുത്തു...
Hai, How r u, Fill in he blanks with suitable words, Match the following, Shit...!!
പറഞ്ഞു മുഴുമിപ്പിച്ചില്ല... അവളുടെ അച്ഛന്‍ ചായക്ക് ഓര്‍ഡര്‍ചെയ്തു.

ഞൊടിയിടയില്‍ സ്പെല്ലിംഗ് മിസ്‌ടേക്ക് ഉള്ള ചിരിയും ചായയുമായി എത്തി നാണം കുണുങ്ങി നിന്നു...

അകത്തു പോടീ എന്ന് പറഞ്ഞിട്ട്, അങ്ങേര് വീണ്ടും ചോദിച്ചു, നിനക്ക് അക്കൌണ്ട് എത്ര എണ്ണം ഉണ്ടെന്നു ??....

ഞാന്‍ പറഞ്ഞു രണ്ടെണ്ണം...
അപ്പോള്‍ അടുത്ത ചോദ്യം...
Transactions എങ്ങനെ എന്ന്...??

ഞാന്‍ പറഞ്ഞു daily postings നടക്കുന്നുണ്ട് എന്ന്...
എന്നിട്ടും തൃപ്തി ആകാത്ത ഭാവി അമ്മായപ്പന്‍ ചോദിച്ചു;
എവിടെ ഒക്കെ ആണ് അക്കൌണ്ട് എന്ന്...

ഞാന്‍ പറഞ്ഞു ഒരെണ്ണം ഓര്‍കുട്ടിലും...
മറ്റേതു യാഹൂവിലും...

കേട്ട പാടെ തന്തപ്പിടി പറഞ്ഞു...
ഫ...!! ഇറങ്ങെടാ വെളിയില്‍...
ആ ഗ്ലാസ് മേശ പുറത്തു വെച്ചിട്ട് അവിടെ നിന്നും ഇറങ്ങി ഓടി...
പല റോഡുകള്‍... പല സ്ഥലങ്ങള്‍...
ഇന്നും തീരാത്ത വായിനോട്ടം!!!

February 14, 2010

പ്രണയം...

പ്രണയം മരിച്ചു കഴിഞ്ഞാല്‍ ,
പിന്നെ തികഞ്ഞ ശാന്തതയാണ്
ഒരു കൊടുങ്കാറ്റിനു മുന്‍പുള്ള നിശബ്ദത പോലെ...
പിന്നീട് ഒരു മരവും ഇല പൊഴിക്കില്ല.
ഒരു പൂവും വിടരില്ല.
ഒരു മയില്‍ പീലിയും ആകാശം കാണില്ല...
മനസിന്‍റെ കോണില്‍ ഒരു മൌന നൊമ്പരം മാത്രം.....

പറയുവാനുണ്ട് പൊന്‍ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞുപോയെങ്കിലും
കറ പിടിച്ചോരെന്‍ ചുണ്ടില്‍തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
നിറയുകയാണോരേകാന്ത രോദനം
സ്മരണതന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും!


ജനുവരിയിലെ അവസാന സന്ധ്യകളില്
അതിഥിയായെത്തിവന്
കാതില്‍പാട്ടുപാടിത്തന്നവന്,
എന്നോടു കോപിച്ചവന്,
കൊച്ചുകുട്ടിയെപ്പോലെ എന്‍റെ മുന്നില്‍
നിന്നു കൊഞ്ചിയവന്..
പിന്നെയൊരു പുലരിയിലെനിക്കൊരു പനിചൂടും,
ഒരു കത്തും ബാക്കി വെച്ചിട്ടു പോയതിന്‌....


January 24, 2010

അടുക്കളയിലെ അധിനിവേശം

വൈകിയെത്തുന്ന രാത്രികളിലൊന്നില്‍ ഉണ്ണാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ പൊടുന്നനെ ഒരു സംശയമുണര്‍ന്നു: `എന്റെ വീട്ടിലെ രുചിയില്‍ ഈയിടെ എന്തോ ഒരു മാറ്റമില്ലേ? ഒരു നല്ല മാറ്റം?' അന്നം മണത്തുനോക്കാന്‍ പാടില്ലെന്നാണ്‌ പഴമക്കാര്‍ പറയാറ്‌. എന്നാല്‍ മണത്തുനോക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്‌ എനിക്കു മുന്നിലിരിക്കുന്ന ഭക്ഷണത്തിലുണ്ടായിരുന്നു. ആ മണം എന്റെ മൂക്കിലൂടെ കടന്നു നാക്കിന്‍തുമ്പിലെത്തി
കൊതിയുടെ അനേകം രസമുകുളങ്ങള്‍ മുളപ്പിക്കുകയാണ്‌. എന്റെ ഭാര്യ ഒരു നല്ല പാചകക്കാരിയല്ല. ചില വിഭവങ്ങളുണ്ടാക്കുന്നതില്‍ മാത്രമാണ്‌ ഉമ്മക്ക്‌ പ്രാവീണ്യം.
പുതുതായി ആരും വീട്ടില്‍ വന്നതായി കേട്ടിട്ടില്ല. പിന്നെയെങ്ങനെ ഈ മാറ്റം?

"നീയിപ്പൊ പാചകപുസ്‌തകങ്ങളാണോ വായിക്കുന്നത്‌?"
കൈകഴുകി സുഖദമായ ഒരു ഏമ്പക്കവും വിട്ട്‌ ഉമ്മറത്തിരിക്കുമ്പോള്‍ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു.
"പാചകം പോയിട്ട്‌ പി എസ്‌ സിക്ക്‌ പഠിക്കാന്‍ നേരംല്ല. എന്താ ചോദിച്ചത്‌?"
"ഏയ്‌ വെറുതെ ചോദിച്ചതാ, ഇപ്പൊ ഇവിടെ ആരാ പാചകം ചെയ്യുന്നത്‌?"
"കൂടുതലും ഉമ്മയാ.." അവള്‍ പറഞ്ഞു.
മരുമക്കള്‍ വീട്ടില്‍ വരുമ്പോഴാണ്‌ അമ്മായിമ്മമാര്‍ കൂടുതല്‍ നല്ല പാചകക്കാരികളാവുന്നത്‌. ഇതൊരു അമ്മായിയമ്മ മനശ്ശാസ്‌ത്രമാണ്‌. എന്റെ വീട്ടിലും
ഇത്തരം മനശ്ശാസ്‌ത്രപ്രക്രിയകള്‍ അരങ്ങേറുന്നുണ്ടെന്ന പുതിയ നിഗമനത്തിലാണ്‌
ഞാനന്ന്‌ ഉറങ്ങാന്‍ കിടന്നത്‌.

പിറ്റേന്ന്‌ ഒരു അവധി ദിവസത്തിന്റെ ആലസ്യത്തില്‍ വൈകിയാണ്‌ ഉണര്‍ന്നത്‌. ഭാര്യ കൊണ്ടുവന്നുവച്ച ആവിപറക്കുന്ന ചായ ഒരിറക്ക്‌ കുടിച്ചപ്പോള്‍ തലേന്നുണ്ടായ അതേ സംശയം വീണ്ടും തലപൊക്കി. ഈ ചായക്കുമില്ലേ ഒരു പ്രത്യേക രുചി? ഞാന്‍ മൂക്കു വിടര്‍ത്തി.
വീണ്ടും വീണ്ടും മണക്കാന്‍ പ്രേരിപ്പിക്കുന്ന ഗന്ധം.
ഞാന്‍ ഭാര്യയെ വിളിച്ചു.
"ഈ ചായ ഏതാ?"
"ഞാന്‍ കൊണ്ടുവന്നു വച്ചതാ."
പെണ്ണുങ്ങള്‍ ഇങ്ങനെയാണ്‌. കേള്‍ക്കുന്ന മാത്രയില്‍ പ്രതികരിച്ചുകളയും; ഒട്ടും ചിന്തിക്കാതെ. വിപണിയുടെ തന്ത്രങ്ങള്‍ പെണ്ണുങ്ങളില്‍
കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്‌ ഈ സ്‌ത്രീമനശ്ശാസ്‌ത്രത്തെ അടിസ്ഥാനമാക്കിയാണ്‌.
"അതല്ല ചോദിച്ചത്‌. ഈ ചായയുടെ ബ്രാന്‍ഡേതാണെന്നാണ്‌?"
അവള്‍ ബ്രാന്‍ഡു പറഞ്ഞപ്പോള്‍ ഞാനാകെ തരിച്ചുപോയി. തികച്ചും വിദേശിയായ ആ സാധനത്തിന്റെ ഏറ്റവും ചെറിയ പാക്കറ്റുവാങ്ങാന്‍ എന്റെ ഒരു ദിവസത്തെ ശമ്പളം മതിയാവില്ല.

"ആരാണിതു വാങ്ങിച്ചത്‌?"
"ആ, അത്‌ ഉമ്മക്കാരോ ഫ്രീ കൊടുത്തതാ."
"ഫ്രീയോ? ഉമ്മക്കാര്‌ ഫ്രീ കൊടുക്കാനാ?"
"ആ, എനിക്കറിയില്ല. ഉമ്മാന്റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ആരോ. വേറെയും കുറെ സാധനങ്ങളുണ്ട്‌."

എനിക്ക്‌ ഒന്നും മനസ്സിലായില്ല. പതിവായി എത്താറുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങളൊന്നും ഞാനറിയുന്നില്ലേ എന്നൊരു ചിന്ത ആദ്യമായി എനിക്കുണ്ടായി.
വീട്ടുകാര്യങ്ങള്‍ മിക്കവാറും പണ്ടുമുതലേ ഉമ്മയുടെ നിയന്ത്രണത്തിലാണ്‌. പണത്തില്‍ മാത്രമേ എന്റെ പങ്കുള്ളൂ. വെറുതെ ഒരു ടെന്‍ഷന്‍ കൂടി തലയിലേറ്റേണ്ട എന്നതായിരുന്നു എന്റെ സമീപനം.

ഉണ്ടാക്കിവയ്‌ക്കുന്ന ഭക്ഷണം മൂക്കറ്റം തട്ടുകയല്ലാതെ അത്‌ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചോ അതിനെന്ത്‌ ചെലവ്‌ വരും എന്നതിനെക്കുറിച്ചോ ചിന്തിക്കേണ്ട ഒരു സാഹചര്യം ഇത്ര കാലമായിട്ടും ഉണ്ടായിട്ടില്ല. അടുക്കള എനിക്ക്‌ അജ്ഞാതമായ ഇടമായിരുന്നു. പെണ്ണുങ്ങള്‍ക്കു മാത്രമല്ല ആണുങ്ങള്‍ക്കും അടുക്കളയില്‍ പ്രവേശിക്കാം എന്ന തത്വശാസ്‌ത്രമൊക്കെ മനസ്സിലുണ്ടെങ്കിലും സൗകര്യപൂര്‍വം
വിസ്‌മരിക്കുകയാണ്‌ പതിവ്‌.

എന്നാല്‍ ഇപ്പോള്‍ ആദ്യമായി അടുക്കളയിലൊന്ന്‌ കയറിയാലെന്താ എന്നൊരു ചിന്ത എന്നെ പിടികൂടി. എന്നു മാത്രമല്ല മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിയുംമുമ്പ്‌ ഞാനവിടെ പ്രവേശിക്കുകയും ചെയ്‌തു. അരമണിക്കൂര്‍ അവിടെ ചെലവഴിച്ചപ്പോഴേക്കും ഞാന്‍ തീര്‍ത്തും ഹതാശനായി. എന്റെ രാഷ്‌ട്രീയബോധത്തെ ക്രൂരമായി പരിഹസിക്കുന്ന ഭീകരമായ കാഴ്‌ചയാണ്‌ എനിക്കവിടെ കാണാന്‍ കഴിഞ്ഞത്‌.

ലോകത്ത്‌ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച്‌ ലോകബുദ്ധിജീവികളെഴുതുന്ന ലേഖനങ്ങള്‍ വായിച്ച്‌ അതിനെതിരെ വ്യക്തമായ ഒരു രാഷ്‌ട്രീയബോധവും മാനസികമായ പ്രതിരോധവും രൂപപ്പെടുത്തിയിട്ടുണ്ട്‌ ഞാന്‍. എന്നാല്‍ ഉമ്മറത്തിരുന്ന്‌ രാഷ്‌ട്രീയബോധം രൂപപ്പെടുത്തുന്നതിനിടയില്‍ ഞാനറിയാതെ അധിനിവേശം എന്റെ അടുക്കളയില്‍ പണിതുടങ്ങിയിരുന്നു.
അടുക്കളയിലെ അലമാരയില്‍ നിരത്തിവച്ചിരിക്കുന്ന പാക്കറ്റുകളിലെ ബ്രാന്‍ഡ്‌ നെയിമുകള്‍ വായിക്കെ ഞാന്‍ ഉമ്മയോട്‌ ചോദിച്ചു:
"ഈ സാധനങ്ങളൊക്കെ എങ്ങനെ നമ്മുടെ ബജറ്റിലൊതുങ്ങുന്നു?"
"അതറിയാന്‍ നിനക്കെവിടെ സമയം?" ഉമ്മ എടുത്തടിച്ചതുപോലെ ചോദിച്ചു."ഏതുനേരോം പുസ്‌തകത്തിന്റെ ഉള്ളിലല്ലേ..
ഇതില്‌ ഓരോരുത്തര്‌ ഫ്രീയായി തന്നതും ഞാന്‍ കാശ്‌ കൊടുത്ത്‌
വാങ്ങിയതുമൊക്കെയുണ്ട്‌. നാക്കിന്‌ രുചിയുള്ളത്‌ വല്ലതും കഴിക്കണമെങ്കില്‍ നല്ല സാധനം വാങ്ങണം."

വീടിന്റെ ഉമ്മറത്തു വച്ച്‌ അധിനിവേശത്തെ തടയാന്‍ ശക്തമായ ഒരു ചിന്താമണ്‌ഡലം ഞാന്‍
വാര്‍ത്തെടുത്തിരുന്നു. എന്നാല്‍ ഈ ചിന്താമണ്ഡലം വാര്‍ത്തെടുക്കാന്‍ ഞാന്‍ വിനിയോഗിച്ച സമയത്തിന്റെ നൂറിലൊരംശം കൊണ്ട്‌ അധിനിവേശം പിന്നാമ്പുറത്തുകൂടെ എന്റെ വീടിന്റെ അടുക്കളയില്‍ കയറി ആക്രമണം തുടങ്ങിയിരുന്നു എന്ന സത്യത്തിനു മുന്നില്‍ ഞാന്‍ തളര്‍ന്നുപോയി. യഥാര്‍ത്ഥത്തില്‍ എന്റെ കണ്ണുവേണ്ടിയിരുന്നത്‌ ഉമ്മറത്തല്ല.
അടുക്കളയിലായിരുന്നു. അതാണ്‌ ഒരു വീടിന്റെ ഹൃദയം. അവിടെ നിന്നാണ്‌ എല്ലാ ധമനികളിലേക്കും രക്തമെത്തുന്നത്‌. കടന്നുകയറ്റത്തിന്‌ ചോരയെക്കാള്‍ മികച്ച മാധ്യമമില്ല.
ഞാനോര്‍ക്കുകയായിരുന്നു; പണ്ടൊക്കെ ഉമ്മ, ഞങ്ങളുടെ തൊടിയിലെ ചേനയും മുരിങ്ങയിലയും കാച്ചിലും പപ്പായയുമൊക്കെകൊണ്ട്‌ രുചികരമായ വിഭവങ്ങളുണ്ടാക്കുമായിരുന്നു. ഉമ്മയുടെ ഈ താത്‌പര്യംകണ്ട്‌ കണ്ടത്തില്‍ ഞാന്‍ ചീരവിത്ത്‌ പാകി മുളപ്പിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലമായി അത്തരം വിഭവങ്ങളൊന്നും തീന്‍മേശയില്‍ കാണാറേയില്ല. ഉമ്മക്കിപ്പോള്‍ അതൊന്നും പറ്റാതായോ?

"ഉമ്മാ... ഉമ്മാന്റെ ചേമ്പുംതാള്‍ എന്തുരസമായിരുന്നു. അതൊക്കെപ്പൊ എവിടെ?"
"ആര്‍ക്കാവ്‌ടെ ചേമ്പും ചേനയുമൊക്കെ നട്ടു നനയ്‌ക്കാന്‍ നേരം... അതൊക്കെണ്ടാക്ക്‌ണ നേരംകൊണ്ട്‌ നാലുമുക്കാല്‌ണ്ടാക്ക്യാ പീടീല്‍ കിട്ടാത്ത സാധനംണ്ടോ..?'"
ഉമ്മ പറഞ്ഞു.

ഞാന്‍ തൊടിയിലേക്കിറങ്ങി. ആരും ഒന്നും ചെയ്യാതെ തന്നെ പൊട്ടിമുളച്ച്‌ പടര്‍ന്നിരുന്ന ചേമ്പിന്റെയും ചേനയുടെയുമൊന്നും മുളപോലും കാണാനില്ല. തടിയില്‍ പൊത്ത്‌ബാധിച്ച മുരിങ്ങാമരം മരണാസന്നനിലയിലാണ്‌. പുഴുക്കളരിച്ച്‌ കറിവേപ്പ്‌മരം ഉണങ്ങിപ്പോയിരിക്കുന്നു. പപ്പായമരം ചൊറിബാധിച്ച്‌ മുരടിച്ചുപോയിരിക്കുന്നു.

എനിക്ക്‌ വല്ലാത്ത സങ്കടംതോന്നി. ഒരു വര്‍ഷംമുഴുവനും അങ്ങാടി പൂട്ടിക്കിടന്നാലും മുന്നുനേരം സുഭിക്ഷമായും ആരോഗ്യകരമായും ഭക്ഷിക്കാന്‍ കഴിയുംവിധം സ്വയംപര്യാപ്‌തമായിരുന്നു എന്റെ മണ്ണ്‌.
ആരാണ്‌ എന്റെ തൊടിയിലെ പച്ചപ്പുകളെയെല്ലാം കരിച്ചുകളഞ്ഞത്‌?
എന്റെ ഉമ്മയോ? ഭാര്യയോ?
അതോ കാലങ്ങളായി തൊടിയുടെ അവസ്ഥയെന്തെന്ന്‌ ചിന്തിക്കാതെ ഒരു ബുദ്ധിജീവിയുടെ നാട്യത്തില്‍ ഉമ്മറത്തിരുന്ന്‌ പുസ്‌തകങ്ങള്‍ കരണ്ടുതിന്നുകയും മറ്റുള്ളവരെ നന്നാക്കാന്‍വേണ്ടി ലേഖനമെഴുതുകയും ചെയ്‌ത ഞാനോ?

ചിന്തിച്ചിരിക്കാന്‍ എനിക്ക്‌ സമയമില്ലായിരുന്നു. അധിനിവേശം എന്റെ അടുക്കളയിലാണ്‌.
പെട്ടെന്ന്‌ പ്രതിരോധിച്ചില്ലെങ്കില്‍ അതെന്റെ കുടുംബത്തിന്റെ നാഡിഞരമ്പുകളിലെല്ലാം കടന്നുകയറും.
പിറ്റേന്നുമുതല്‍ ഉണര്‍ന്നെണീറ്റ ഉടന്‍ ഒരു തൂമ്പയുമെടുത്ത്‌ ഞാനെന്റെ തൊടിയിലിറങ്ങി. വര്‍ഷങ്ങളായി തൂമ്പ കണ്ടിട്ടില്ലാത്ത മണ്ണിന്റെ കാഠിന്യത്തില്‍ പുതിയൊരാവേശത്തോടെ കൊത്തി. അവിടെ ചേമ്പും ചേനയും കാച്ചിലും വാഴയും നട്ടു. പുതിയ രണ്ടു പപ്പായ മരങ്ങള്‍ പിടിപ്പിച്ചു. കറിവേപ്പു മരത്തിനു ചുറ്റും മണ്ണിട്ട്‌ തടമെടുത്തു. ടെറസിലേക്ക്‌ പടര്‍ന്നുകയറാന്‍ പാകത്തില്‍ ഒരു കോവക്കാവള്ളി പിടിപ്പിച്ചു. അടുക്കളച്ചെളിയില്‍ മുളക്‌ വിത്തുകളും ചീരവിത്തുകളും പാകി. വൈകുന്നേരം ഓഫീസില്‍ നിന്ന്‌ കൃത്യസമയത്തിറങ്ങി. ബുദ്ധിജീവി ചര്‍ച്ചകള്‍ക്കും വായനശാലയിലെ അലസവായനക്കുമുള്ള ടെംപ്‌റ്റേഷന്‍ പിടിച്ചുകെട്ടി നേരെ വീട്ടിലെത്തി.

തൊടിയിലേക്കിറങ്ങി നട്ടതെല്ലാം നനച്ചു. രണ്ടുമാസമായപ്പോഴേക്കും എന്റെ തൊടിയുടെ മുഖച്ഛായ തന്നെ മാറി. അവിടെ സ്വയംപര്യാപ്‌തതയുടെ പച്ചപ്പ്‌ പടര്‍ന്നുപന്തലിച്ചു.
വായിച്ച പുസ്‌തകങ്ങളെക്കാള്‍, എഴുതിയ ലേഖനങ്ങളെക്കാള്‍ സംതൃപ്‌തമായിരുന്നു എനിക്കാ കാഴ്‌ച. ഈയിടെ വീടുവിറ്റ്‌ പുതിയ താമസസ്ഥലത്തേക്ക്‌ മാറുമ്പോള്‍ പുതിയ ഉടമസ്ഥന്‍ ചോദിച്ചു:

"ഇതെല്ലാം നട്ടുപിടിപ്പിച്ച്‌ പിന്നെ എന്തേ വില്‍ക്കുന്നത്‌?"
ഞാന്‍ അയാളോട്‌ പറഞ്ഞു:
"നട്ടുനനയ്‌ക്കല്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌. ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്നതും ഏറെ മാനങ്ങളുള്ളതുമായ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനം. നമ്മുടെ
അടുക്കളയിലേക്കുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാന്‍ അതിനു കഴിയും."
അടുക്കളയിലെ അധിനിവേശ രാഷ്‌ട്രീയം ഒരു വ്യക്തിയോ സമൂഹമോ രാഷ്‌ട്രമോ സംസ്‌കാരമോ തങ്ങളുടെ സ്വാര്‍ത്ഥമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുവേണ്ടി മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ രാഷ്‌ട്രത്തിന്റെയോ സംസ്‌കാരത്തിന്റെയോ നിലനില്‍പ്പിനെ ചോദ്യംചെയ്യുകയും നശിപ്പിച്ചുകളയുകയും ചെയ്യുന്നതിനെയാണ്‌ അധിനിവേശം എന്നു പറയുന്നത്‌. കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരാള്‍ മറ്റൊരാളുടെമേല്‍ നടത്തുന്ന കുതിരകയറ്റം. ഭൂവിഭാഗങ്ങളുടെ കോളനി വല്‍ക്കരണമായിരുന്നു പണ്ട്‌ അതിന്റെ അജണ്ട. ഇന്നത്‌ രൂപംമാറി ആഗോളമുതലാളിത്തത്തിന്റെ വിപണിവല്‍ക്കരണമായി മാറിയിരിക്കുന്നു. അതായത്‌ ഓരോ പ്രദേശത്തെയും വിഭവങ്ങളെ കയ്യടക്കാനുള്ള കടന്നുകയറ്റമായിരുന്നു കോളനിവല്‍ക്കരണമെങ്കില്‍ മുതലാളിത്തത്തിന്റെ മിച്ച ഉല്‍പ്പന്നങ്ങള്‍ എളുപ്പം വിറ്റഴിക്കാന്‍ കഴിയുന്ന ചന്തകളാക്കി ഓരോ പ്രദേശത്തെയും മാറ്റിയെടുക്കലാണ്‌ വിപണിവല്‍ക്കരണം. സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ വേരോടെ നശിപ്പിക്കലാണ്‌ അധിനിവേശത്തിനുള്ള എറ്റവും മികച്ച ഉപായം. റഷ്യയില്‍ സാമ്രാജ്യത്വം ഈ തന്ത്രമാണത്രെ ഉപയോഗിച്ചത്‌. ആട്ടിറച്ചി റഷ്യയിലെ മുഖ്യ ആഹാരങ്ങളിലൊന്നാണ്‌. ഒരു സംഘം ആളുകള്‍ചേര്‍ന്ന്‌ സഹകരണാടിസ്ഥാനത്തില്‍ ആടുകളെ വളര്‍ത്തിയാണ്‌ ഇവിടെ ആട്ടിറച്ചി വിതരണം സാധ്യമാക്കിയിരുന്നത്‌. അതായത്‌ തങ്ങള്‍ക്ക്‌ ആവശ്യമുള്ള ഭക്ഷണം തങ്ങള്‍തന്നെ നിര്‍മിച്ച്‌ തങ്ങള്‍തന്നെ ഉപയോഗിക്കുന്ന രീതി. ഈ രീതിയില്‍ വിപണിയും
അതിന്റെ കച്ചവടതന്ത്രങ്ങളും അപ്രസക്തമാണ്‌. ഈ സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ തകര്‍ത്തുകൊണ്ടുമാത്രമേ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയൂ എന്ന്‌ മനസ്സിലാക്കിയ സാമ്രാജ്യത്വം ഈ കര്‍ഷകര്‍ക്ക്‌ ഫ്രീയായി ആട്ടിറച്ചി വിതരണം ചെയ്യാന്‍ തുടങ്ങി. ദിവസവും ഫ്രീയായി ആട്ടിറച്ചി ലഭിക്കുമ്പോള്‍ ആരാണ്‌ ആടുകളെ വളര്‍ത്താന്‍ മെനക്കെടുക? ക്രമേണ ആടിനെ വളര്‍ത്തുന്ന സംസ്‌കാരംതന്നെ ആ സമൂഹം
മറന്നു. പാക്കറ്റില്‍ ലഭിക്കുന്ന ആട്ടിറച്ചി അവരുടെ വായയുടെ രുചിയെ കണ്ടീഷന്‍ചെയ്‌തു. അതായി അവരുടെ മുഖ്യആഹാരം. അപ്പോഴാണ്‌ സാമ്രാജ്യത്വം അതിന്റെ യഥാര്‍ത്ഥമുഖം പുറത്തെടുക്കുന്നത്‌. അതുവരെ ഫ്രീയായി കൊടുത്തിരുന്ന ഇറച്ചിക്ക്‌ അവര്‍ വിലയിട്ടു. തങ്ങളുടെ പഴയ സംസ്‌കാരത്തിലേക്ക്‌ തിരിച്ചുപോകാന്‍ കഴിയാത്ത വിധം കര്‍ഷകര്‍ അപ്പോഴേക്കും ഉപഭോഗ സംസ്‌കാരത്തിന്‌ അടിമകളായിരുന്നു.

വിപണിയുടെ ഇതേ ഒളിയജണ്ട ഇതേ രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നമ്മുടെ സ്വയം പര്യാപ്‌തതയുടെ പച്ചപ്പുകളെയെല്ലാം കരിച്ചുകളയുന്നില്ലേ?
നോക്കൂ, നമ്മുടെ മണ്ണില്‍ നട്ടുനനച്ചുണ്ടാക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, നമ്മുടെ ജലാശയങ്ങളില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങള്‍, നമ്മുടെ മലനിരകളില്‍ വളരുന്ന സുഗന്ധവ്യഞ്‌ജനങ്ങള്‍, നമ്മുടെ വീട്ടിലെ കൂട്ടില്‍ വളരുന്ന കോഴികള്‍ തുടങ്ങി എല്ലാം കുറഞ്ഞ മെനക്കേടില്‍ കൂടുതല്‍ ആകര്‍ഷകമായ രൂപഭാവങ്ങളോടെ റെഡിമെയ്‌ഡ്‌ പാക്കറ്റുകളില്‍ നമുക്കു മുന്നിലെത്തുമ്പോള്‍ നാം നമ്മുടെ തൊടിയിലെ പച്ചപ്പ്‌ മറന്നുപോകുന്നില്ലേ? വെളിച്ചത്തിനു മുന്നിലേക്ക്‌ ആകര്‍ഷിക്കപ്പെട്ട്‌ സ്വയംമരണം വരിക്കുന്ന ഇയ്യാം പാറ്റകളെപ്പോലെ പുറംമോടിയുള്ള ഉല്‍പ്പന്നങ്ങളില്‍ കണ്ണുമഞ്ഞളിച്ച്‌ നാം നമ്മുടെ പണവും ആരോഗ്യവും തുലയ്‌ക്കുകയാണ്‌. അടുക്കളയെ അധിനിവേശത്തിന്റെ പരീക്ഷണശാലകളാക്കാന്‍ വിട്ടുകൊടുക്കുകയാണ്‌. മുലപ്പാലിനു പകരം മുതലാളിത്ത സപ്ലിമെന്റ്‌ കഴിച്ച്‌ നമ്മുടെ കുഞ്ഞുങ്ങള്‍ വളരുകയാണ്‌.

മയക്കുമരുന്നിന്‌ രണ്ടോ മൂന്നോ ഡോസുകൊണ്ട്‌ നിങ്ങളെ അടിമയാക്കാന്‍ കഴിയും. ഉപഭോഗ സംസ്‌കാരം ബ്രൗണ്‍ഷുഗറിനെക്കാള്‍ ഭീകരമായ മയക്കുമരുന്നാണ്‌. ഒരൊറ്റ ഡോസ്‌ മതി, ഒരു ജന്മമല്ല, ഒരു പാട്‌ തലമുറകളോളം അത്‌ നിങ്ങളെ അടിമയാക്കി നിര്‍ത്തും. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആവതില്ലാത്ത, ഒന്നും ചോദ്യം ചെയ്യാത്ത, എന്തു കൊടുത്താലും സ്വീകരിക്കുന്ന അടിമകളെയാണ്‌ അധിനിവേശം അന്വേഷിക്കുന്നത്‌.

സ്വയം പരിശോധിക്കുക:
നിങ്ങളിലും നിങ്ങളറിയാതെ പ്രതികരണ പ്രതിരോധശേഷികള്‍ നഷ്‌ടപ്പെട്ട ഒരടിമ വളര്‍ന്നു വരുന്നില്ലേ?

ചെക്ക്‌ അധിനിവേശത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെ അടുക്കളയിലും കാണാനുണ്ടോ? ഒരു തൂമ്പയെടുത്ത്‌ ഇപ്പോള്‍ തന്നെ തൊടിയിലേക്കിറങ്ങുക.