October 14, 2009

അന്നൊരിക്കല്‍

രിയ്ക്കും അങ്ങനെ ഒരാളെ നീ കണ്ടിരുന്നോ....? ഒരിക്കല്‍ അവനോട് ചോദിച്ചു.ഫോണിനപ്പുറത്തു കേട്ട ചിരിക്ക് മുറുക്കാന്‍റെ ചുവന്ന നിറമായിരുന്നിരിക്കണം. അല്ലെങ്കില്‍ നിറഞ്ഞ മദ്യക്കുപ്പി പോലെ അവന്‍ തുളുമ്പുകയാകണം. മൂക്കാതെ പഴുത്ത പേരയ്ക്കയുടെ നിറമുള്ള കവിളുകള്‍ ഒപ്പം തുള്ളിയിട്ടുമുണ്ടാകും. ജീവിതത്തെ മദ്യത്തില്‍ വാറ്റിയെടുത്ത അവന് പെണ്‍കുട്ടികള്‍ പച്ചവെള്ളമായിരുന്നു.ഒട്ടും ഹരം പകരാത്ത ഒന്ന്. എന്നിട്ടും ഓര്‍ക്കൂട്ട് എന്ന ഓണ്‍ലൈന്‍ കൂട്ടില്‍ ഐഡിയല്‍ മാച്ച് എന്നതിനു നേരെ അവന്‍ എഴുതി വച്ചു.....'അന്നൊരിക്കല്‍ ബസില്‍ കണ്ട പെണ്‍കുട്ടി.'

ഐസ്‌ക്യൂബിനോളം തണുത്ത ഒരു മനസ്സിനെപ്പോലും ഉരുക്കിക്കളഞ്ഞത് ആകര്‍ഷണീയതയുടെ ഏതു രസതന്ത്രം? അതുവരെ രുചിച്ചതിനുമപ്പുറത്തെ ഏതോ ലഹരി അവന് സമ്മാനിച്ച് മണിയൊച്ചയുടെ അവസാനം ഒരു ബസ് സ്‌റ്റോപ്പിലിറങ്ങി അവള്‍ പതുക്കെ നടന്നുപോയിട്ടുണ്ടാകണം. പക്ഷെ അതിനുമുമ്പ് അവന്‍റെ അലസമായ കണ്ണുകളെ ഉണര്‍ത്തിയിരുന്നു ആ പെണ്‍കുട്ടി. ഒന്നും മിണ്ടാതെ ഒറ്റയാനെപ്പോലും ഒറ്റക്കാഴ്ചയാലൊരു കീഴടക്കല്‍.

ജീവിതത്തിലൂടെയുള്ള സഞ്ചാരത്തില്‍ ഇങ്ങനെ ചില അജ്ഞാതരെ നാം കണ്ടുമുട്ടിയിട്ടുണ്ടാകും. മഴത്തുള്ളികള്‍ പറ്റിയ തീവണ്ടിജനാലയ്ക്കരികെ, അല്ലെങ്കില്‍ ബസ്സിന്‍റെ വേഗത്തിനൊപ്പം പുറത്തേയ്ക്ക് പറക്കുന്ന മുടിയിഴകള്‍ ഇടംകൈകൊണ്ടൊതുക്കി ഡ്രൈവറുടെ സീറ്റിനു പിന്നില്‍... , ഉത്സവപ്പറമ്പിലെ തീവെട്ടിവെളിച്ചത്തിലും, വളക്കടത്തിരക്കിലും, അമ്പല ദര്‍ശനത്തിനിടയിലും നിമിഷനേരത്തേയ്ക്ക് മാത്രം തെളിയുന്ന കാഴ്ച. പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും എന്നേയ്ക്കുമായി ഉള്ളില്‍ പതിഞ്ഞ മുഖം.കണ്ണുചിമ്മും നേരംകൊണ്ട് കൊതിപ്പിച്ച് കടന്നുപോയവര്‍.ഭംഗിയുള്ള ചില മിന്നലുകള്‍..

ഇരുട്ടില്‍ പെട്ടെന്നൊരു മിന്നാമിനുങ്ങ് പ്രകാശിക്കും പോലെയാണ് ആള്‍ക്കൂട്ടത്തില്‍ ആ മുഖം തെളിയുക. വായിച്ചുകൊണ്ടിരിയ്ക്കുന്ന പുസ്തകത്തില്‍ നിന്ന് ഇടയ്‌ക്കൊന്ന് തലയുയര്‍ത്തുമ്പോള്‍,ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ ധൃതിയില്‍ ഓടിക്കയറുമ്പോള്‍,ഇടവേളയില്‍ തീയറ്റര്‍വിളക്കുകള്‍ തെളിയുമ്പോള്‍ ഒക്കെയായിരിക്കാം മുന്നിലൊരു മിന്നിമായല്‍.യാത്രകളിലാണ് ഇത്തരം ദൃശ്യാനുഭവങ്ങള്‍ കൂടുതലായുണ്ടാകുക. ഓര്‍ത്തുനോക്കിയാല്‍ പ്ലാറ്റുഫോമുകളിലും, പാളങ്ങളിലും, പായുന്ന ബസ്സിലും പറക്കുന്ന വിമാനത്തിലും ഇങ്ങനെ അടയാളവിളക്കുകളായി കത്തിയത് എത്രയോപേര്‍.

അഴകളവുകള്‍ കൊണ്ടുള്ള മാടിവിളിക്കല്‍ അല്ല ഇത്. മനസ്സിനൊരു വൈദ്യുതാഘാതം. ആദ്യമായി കാണുകയാണെങ്കിലും പോയകാലത്തുനിന്നൊരു ചരട് അങ്ങോട്ടു നീണ്ടുചെല്ലും പോലെ.ആ മുഖം വീണ്ടും വീണ്ടും നോക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. അതു പക്ഷേ ആദ്യദര്‍ശനാനുരാഗമല്ല. ഉറക്കച്ചടവിനെപ്പോലും തുടച്ചു കളയുന്ന ഊര്‍ജ്ജം. അരനാഴികനേരം കൊണ്ടുള്ള ഒരടുപ്പം. പേരറിയാത്ത 'യെന്തോ ഒരിത്'. മിക്കവാറും വീണ്ടും നോക്കുമ്പോഴേക്ക് എങ്ങോ മറഞ്ഞുകാണും. ഒരു പക്ഷേ എന്നേയ്ക്കുമായി. എങ്കിലും പിന്നീടുള്ള യാത്രയില്‍ പിന്നില്‍ നിന്നുള്ള കാറ്റു കണക്കെ അതു വന്ന് തൊട്ടുകൊണ്ടേയിരിക്കും.ഒരു യാത്ര ഓര്‍മ്മിക്കപ്പെടുവാന്‍ വേണ്ടി ഒന്ന്.

ചിലപ്പോള്‍ അല്‍പനേരം കണ്ടിരിക്കാനാകും.അപ്പോള്‍ നിഷേധിക്കപ്പെട്ട കളിപ്പാട്ടത്തിലേക്ക് കുട്ടി വീണ്ടും വീണ്ടും നോക്കും പോലെ കണ്ണുകള്‍ ആ ഭാഗത്തേക്ക് ഇടയ്ക്കിടക്ക് കടന്നു ചെല്ലും. അങ്ങനെയുള്ള നിമിഷങ്ങളിലൊന്നില്‍ നോട്ടങ്ങള്‍ തമ്മില്‍ കണ്ടുമുട്ടും. പൊള്ളിയപോലെ തോന്നും അന്നേരം. ഇത്തരം ഒന്നുരണ്ടു കണ്ണേറുകളാകുമ്പോള്‍ രണ്ടിലൊരാളുടെ നേരമാകും. പിന്നെ അന്ത്യദര്‍ശനം. അകന്നുപോകുമ്പോഴും പരതിക്കൊണ്ടേയിരിക്കും എവിടെ...?എവിടെ...?

കുട്ടിക്കാലത്ത് വിതുര എന്ന കിഴക്കന്‍ ഗ്രാമത്തിലേക്കുള്ള ഒരു യാത്ര ഇന്നും ഓര്‍ക്കാനാകുന്നത് ഒരു ദാവണിച്ചൊല്ലിയാണ്. റബ്ബര്‍പ്പാടങ്ങള്‍ക്കിടയിലൂടെ നീങ്ങുകയായിരുന്നു ബസ്സ്.ഇടയ്‌ക്കൊരു സ്റ്റോപ്പിനെ കടന്നു പോയപ്പോള്‍ ഹാഫ്‌സാരിയുടുത്ത ഒരു മുതിര്‍ന്ന പെണ്‍കുട്ടി. ഒന്നേ കണ്ടുള്ളൂ. പക്ഷേ മധുരങ്ങള്‍ നുണഞ്ഞു നടക്കാന്‍ മാത്രം വളര്‍ച്ചയുള്ള ഒരു മനസ്സിനെ കോലുമിഠായി പോലെ രസിപ്പിച്ചു കളഞ്ഞു ആ ചേച്ചി.പിന്നോട്ടോടി മറഞ്ഞ കാഴ്ചയില്‍ ഉറുമ്പു കടിച്ച നോവ്. തിരിച്ചറിവില്ലാത്ത ഒരു പത്തു വയസ്സുകാരനെ നിമിഷാര്‍ധം കൊണ്ട് പട്ടത്തിലേറ്റിപ്പറത്തിയ കാറ്റിന് എന്താണു പേര്.വയസ്സുകള്‍ പിന്നെയും പലപല ബസ്സുകള്‍ പോലെ ഓടിയിട്ടും ആ സാരിത്തുമ്പ് മറന്നുപോകാത്തത് എന്തുകൊണ്ടാണ്..?

ഇത്തരം കൂടിക്കാഴ്ചകള്‍ പിന്നീടൊരിക്കലും ആവര്‍ത്തിക്കാറില്ല.ഒറ്റത്തവണ മാത്രം കണ്ട ഒരു കൊള്ളിമീന്‍. നഷ്ടബോധമാണ് അതിന്‍റെ പ്രകാശത്തെ എന്നെന്നും ഉള്ളില്‍ നിലനിര്‍ത്തുന്നത്. കണ്ണടച്ചുതുറക്കുന്നതിനകം നമ്മുടെ ആരോ ഒക്കെയോ ആയി മാറിയ പേരറിയാത്ത ഒരാള്‍.

'അന്നൊരിക്കല്‍ ബസ്സില്‍ കണ്ട പെണ്‍കുട്ടി..'എന്ന വരിക്കൊപ്പം അവന്‍ മറ്റൊന്നു കൂടി എഴുതിയിരുന്നു.ആത്മഹത്യയാണ് ഏറ്റവും വലിയ അഭിനിവേശമെന്ന്. അവസാനം ലോഡ്ജ്മുറിയില്‍ അതിനെ പുണര്‍ന്ന നിമിഷത്തിലും അവന്‍റെ മനസ്സിന്‍റെ ഏതെങ്കിലും ഓരത്തുണ്ടായിരുന്നിരിക്കണം....

...അന്നൊരിക്കല്‍ ബസ്സില്‍ കണ്ട ആ പെണ്‍കുട്ടി....

No comments:

Post a Comment