October 14, 2009

അപ്പൂപ്പന്‍ താടികള്‍

പറന്നു നടക്കുമ്പോള്‍ വെളുത്ത പൂമ്പാറ്റകളാണെന്നുതോന്നും. മുഖത്തുവന്നണയവേ അമ്മയുടെ പഞ്ഞികൊണ്ടുള്ള ഉമ്മപോലെ. ഉള്ളം കൈയില്‍നിന്ന് ഉയര്‍ന്നുയര്‍ന്ന് കണ്ണെത്താത്ത ദൂരത്തേക്ക് പോയ്മറയുന്ന ഒരു തുണ്ട്. ചിറകില്ലാതെ പറക്കുന്ന ചന്തം. ആരെയും മയക്കിയിരുന്ന അപ്പൂപ്പന്‍താടികള്‍.
ഒരു മരത്തിന്റെ വിത്തിനെ വിരല്‍ത്തുമ്പില്‍ ഭദ്രമായി കൊരുത്തുപിടിച്ച വെളുത്തനാരുകള്‍ കണ്ടിട്ട് ''അപ്പൂപ്പന്‍റെ താടിപോലെയുണ്ടെന്ന്'' ആദ്യമായി പറഞ്ഞ ഭാവന അപാരതയുടെ ആകാശത്തേക്കാണ് പറന്നുപോയത്. മലയാളത്തിലെ ഏറ്റവും വെണ്മയേറിയ ഉപമയാണത്. ഒരുപാടൊരുപാട് അപ്പൂപ്പന്‍താടികള്‍ ഒരുമിച്ച് പറന്ന സന്ധ്യയില്‍. സ്‌കൂളിലേക്കുള്ള ഇടവഴിയില്‍.... വയല്‍വരമ്പിലൂടെ ഓടിക്കളിച്ചപ്പോള്‍..... ഇതിലേതെങ്കിലും ഒരു നിമിഷത്തില്‍ ഒരു കുഞ്ഞുനാവില്‍നിന്നായിരിക്കാം ആ പേര് വന്നത്. കള്ളമില്ലാത്ത മനസ്സിന്‍റെ വെള്ളനിറം മുഴുവന്‍ നിറഞ്ഞുണ്ടായ ഒരു പേര്.

കളിക്കൂട്ടുകാരിയോടൊപ്പം പറത്തുമ്പോഴായിരുന്നു അപ്പൂപ്പന്‍ താടികള്‍ക്ക് ഏറ്റവും ഭംഗി. മത്സരിച്ചൂതുമ്പോള്‍ കാറ്റിന്‍റെ കൈപിടിച്ച് നൃത്തംവെക്കുന്ന വെളുത്ത പൂക്കള്‍. വായുവിലൊരു തുമ്പപ്പൂക്കളം. കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ ഉയര്‍ന്നു ചാടണം. ശീല്‍ക്കാരങ്ങളില്‍ അപ്പൂപ്പന്‍താടികള്‍ തുടുത്തുവരും. അതില്‍ ചിലത് ഇലകളുടെ തുമ്പത്ത് ചെന്നുപറ്റും. പൊടുന്നനേ പൂചൂടിയ ചെടികള്‍. ചിലപ്പോള്‍ കാറ്റിന്‍റെ കുസൃതിയില്‍, അവളുടെ പിന്നിയിട്ട മുടിയില്‍ വന്നിരിക്കും ഒന്ന്. പിടിക്കാന്‍ ചെല്ലുമ്പോള്‍ റിബണുകള്‍ക്കിടയില്‍ ഒളിക്കും. ഒരു കുടന്ന അപ്പൂപ്പന്‍താടികള്‍ മുഖത്തേയ്ക്ക് ഊതിവിടുമ്പോള്‍ ആ വെളുത്ത അരിപ്പല്ലുകള്‍ക്കിടയില്‍നിന്നൊരു ചിരിപറക്കും.

കുട്ടിക്കാലത്തിലൂടെ ഇങ്ങനെ ഒത്തിരി കൗതുകങ്ങള്‍ ഒഴുകിനടന്നിരുന്നു. മനസ്സിനെ ഇന്നും മോഹിപ്പിക്കുന്ന ചിലത്. മാനം കാണാതെ ഒളിപ്പിച്ചുവെച്ചിരുന്ന മയില്‍പ്പീലിക്കനവുകള്‍. അവയ്ക്കായി ആരോടൊക്കെയോ മത്സരിച്ചു. തല്ലുകൂടി. പിണങ്ങി. കരച്ചില്‍കേട്ട കളിമുറ്റങ്ങള്‍. വാശിയുടെ നീറ്റലില്‍ ചുവന്ന കവിള്‍ത്തടങ്ങള്‍.

പുതിയകാലം ജെട്രോഫ എന്ന് പേരിട്ട് വിളിക്കുന്നതിനും മുന്‍പ് തെക്കന്മാര്‍ക്കും വടക്കന്മാര്‍ക്കും അത് കടലാവണക്ക് ആയിരുന്നു. അന്നതില്‍ പണം കായ്ച്ചിരുന്നില്ല. പകരം പച്ചത്തണ്ടുകളില്‍ അത്ഭുതത്തിന്‍റെ കുമിളകള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. വേലിപ്പത്തലുകള്‍ക്കിടയിലായിരുന്നു കടലാവണക്കുകള്‍ വളര്‍ന്നിരുന്നത്. കശുമാവുകളിലെറിഞ്ഞ് കൈതളരുമ്പോള്‍.. ഒളിച്ചുകളിയുടെ ഇടവേളകളില്‍ ഒക്കെയായിരിക്കും തണ്ടുപൊട്ടിക്കുക. ഒടിച്ചെടുക്കുമ്പോള്‍ വെളുത്ത കറയൊഴുകും. കടലാവണക്കുകള്‍ വേദനിച്ച് കരയുകയായിരുന്നിരിക്കണം. അതിന്‍റെ സങ്കടം വിരലുകളില്‍ പശപോലെ ഒട്ടി. ചീന്തിയ തണ്ട് രണ്ടായി മുറിയാതെ പിന്നെയുമൊടിക്കുമ്പോള്‍ എട്ടുകാലിവലപോലെയൊന്ന്. അതില്‍ പതിയെ ഊതുമ്പോള്‍ മുന്നിലൊരു ജാലവിദ്യ. ചെമ്മെ പറന്നുപോകുന്ന സോപ്പുകുമിളകള്‍.

വെയിലില്‍ അവ മഴവില്ലുകാട്ടിത്തരും. കാറ്റലകളില്‍ പൊട്ടിത്തകരും മുന്‍പ് നിമിഷങ്ങള്‍മാത്രം ആയുസ്സുള്ള ഏഴഴക്.

കടലാവണക്കിന്‍റെ കറവീണാല്‍ കണ്ണുപൊട്ടുമെന്ന് അമ്മമാര്‍ എപ്പോഴും പറഞ്ഞിരുന്നു. പേടിയുണ്ടെങ്കിലും ഇലത്തണ്ടുകള്‍കൊണ്ടുള്ള ഇന്ദ്രജാലം ഉപേക്ഷിക്കാനാകുമായിരുന്നില്ല. അതുകൊണ്ട് ഊതുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഒടുവില്‍ ഒളികണ്‍നോട്ടങ്ങള്‍. കുമിളകള്‍ അപ്പോള്‍ കളിയാക്കിച്ചിരിച്ചുകൊണ്ട് ഉയര്‍ന്നുയര്‍ന്നു പോകുകയാകും.

അങ്ങനെയൊരുനാള്‍ ബാല്യവും അവയ്‌ക്കൊപ്പം തുമ്പിയായി പറന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. കടലാസു വഞ്ചിയെ എന്നോണം കാലം ഒഴുക്കിക്കൊണ്ടുപോയ നല്ല ദിവസങ്ങള്‍.
ഓര്‍മകളുടെ തീരത്തുണ്ട് ഇപ്പോഴും ആ തോണികള്‍. പഴയ നോട്ടുബുക്കിന്‍റെ താളുകള്‍ കീറിയുണ്ടാക്കിയ കിനാവിന്‍റെ കേവുവള്ളങ്ങള്‍. തോട്ടിറമ്പത്തിരുന്ന് ഒഴുക്കിവിടുമ്പോള്‍ അരികെ ഒരാള്‍കൂടിയുണ്ടാകും. കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളും പേറി അവ ഓളങ്ങളിലാടിയുലഞ്ഞുനീങ്ങി. ഇടയ്ക്ക് മെല്ലെ മെല്ലെ വെള്ളം ഒഴുക്കിവിടുമ്പോള്‍ കാറ്റ്പിടിച്ച പായ്ക്കപ്പല്‍പോലെ ദിശമാറും. കുറുമ്പ് കട്ടുറുമ്പായി നോവിക്കുംനേരം പരസ്​പരം തോണിമറിക്കും. നനഞ്ഞൊട്ടിയ ശരീരവുമായി തോടിന്‍റെ ആഴങ്ങളിലേക്കവ താണുപോകവേ മുഖത്തോടുമുഖം നോക്കി കരയും.

തോണികള്‍ മുങ്ങിപ്പോയപ്പോള്‍ കരഞ്ഞവര്‍ പഴുത്ത പ്ലാവിലകള്‍ വീഴുമ്പോള്‍ പച്ചിലകള്‍ക്കൊപ്പം ചിരിച്ചു മഞ്ഞനിറമുള്ള ഇലകള്‍ പെറുക്കിയെടുക്കാനും മത്സരമായിരുന്നു. കൈയിലടുക്കിയ പ്ലാവിലകളില്‍ മണ്ണ് പറ്റിയിട്ടുണ്ടാകും. തുടച്ചുകളയുമ്പോള്‍ കണ്ണുകളില്‍ കരുതലുണ്ട്; മണ്ണുപോകാനും ആരും തട്ടിപ്പറിക്കാതിരിക്കാനും. ഇലകളില്‍ തിണര്‍ത്തുനില്ക്കുന്ന വയസ്സന്‍ ഞരമ്പുകളിലേക്ക് ഈര്‍ക്കില്‍ ഓരോന്നായിവേണം കുത്തിയിറക്കാന്‍. ഒടുവില്‍ വൃത്തമൊക്കുമ്പോള്‍ ഗമയിലൊരു കിരീടം. രാജാവിന് ശിരസ്സിലേറ്റാനുള്ളത്. തോറ്റവനും ജയിച്ചവനും ഒരുപോലെയിട്ട തൊപ്പികള്‍. പൊന്തക്കാടുകള്‍ക്കിടയില്‍ കള്ളനെ തിരഞ്ഞുനടന്ന പ്ലാവില പോലീസുകാര്‍.

ഇവയെല്ലാം ബാല്യത്തിന്‍റെതുമാത്രമായിരുന്നു. ജീവിതത്തിന്‍റെ മറ്റൊരു ഋതുവിനും തിരികെ തരാനാകാത്തത്. മടങ്ങിവരാതെ മറഞ്ഞുപോയവ. വെറുതെയെന്നറിയുമ്പോഴും വീണ്ടുമൊരു കുട്ടിയാകാന്‍ കൊതിപ്പിക്കുന്ന സൌന്ദര്യങ്ങള്‍ ....

No comments:

Post a Comment